യുപിയില്‍ തരംഗമാവുന്ന പ്രിയങ്ക..!! ഉറക്കം നഷ്ടമായത് മായാവതിക്ക്..!! ബിജെപി പാളയത്തിലേക്കെന്ന് കോണ്‍ഗ്രസ്..!!
ലോക്ക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന സാധാരണ ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി ഏറ്റെടുക്കുമെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനമായിരുന്നു ഇതില്‍ പ്രധാനം.
ഇതേതുടര്‍ന്ന് വലിയ പ്രതിരോധത്തിലാണ് ബിജെപി അകപ്പെട്ടത്ത്. ദേശീയ തലത്തില്‍ സോണിയയും രാഹുലും നടത്തുന്ന നീക്കങ്ങള്‍ക്ക് സമാനമായ പ്രതിഷേധ മുറയാണ് ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി നടത്തുന്നത്. ബിജെപി മാത്രമല്ല മായാവതിയും പ്രിയങ്കയുടെ നീക്കത്തില്‍ അങ്കലാപ്പിലാക്കിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 
അടുത്ത കാലത്തെങ്ങും രാജ്യം കണ്ടിട്ടില്ലാത്ത പലായനമായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പല ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഉണ്ടായത്. പ്രധാനമായും ദില്ലിയില്‍ നിന്നും ഉത്തര്‍പ്രദേശ് അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേക്കായിരുന്നു കൂട്ടപ്പാലായനങ്ങളില്‍ അധികവും നടന്നത്. 
ദില്ലിയില്‍ നിന്ന് മാത്രമല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 1000 ബസ്സുകള്‍ വാഗ്ദാനം ചെയ്തത്. തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു പ്രിയങ്കയുടേത്.
സംസ്ഥാന ഭരിക്കുന്ന ബിജെപി മാത്രമല്ല, പ്രതിപക്ഷത്തെ തന്നെ പ്രമുഖരായ ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും പ്രിയങ്കയുടെ നീക്കത്തില്‍ സമ്മര്‍ദദ്ദിലായി. ആദ്യം പ്രിയങ്കയുടെ അഭ്യര്‍ത്ഥനക്ക് യുപി സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും പിന്നീട് പലവിധ തടസ്സങ്ങള്‍ ഉന്നയിക്കുന്നതാണ് കണ്ടത്.
ബസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു സര്‍ക്കാറിന്‍റെ ആദ്യ നിര്‍ദേശം. ലക്നൗവിൽ ബസുകൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സർക്കാർ മറ്റൊരു കത്തും അയച്ചു. പിന്നീട് കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ ചില നമ്പറുകള്‍ റജിസ്‌ട്രേഷന്‍ നമ്പരുകള്‍ ബസുകളുടേതല്ല, ഓട്ടോയുടെയും ഇരുചക്രവാഹനങ്ങളുടെയും മറ്റുമാണെന്നുമായിരുന്നു സര്‍ക്കാറിന്‍റെ വാദം.  
ഇതിന് പിന്നാലെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനുമെതിരെ ഉത്തർപ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്നതും കണാന്‍ കഴിഞ്ഞു. 
നിയമസഭയില്‍ വെറും 7 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും സംസഥാന ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഈ വിഷയങ്ങളിലെല്ലാം നടക്കുന്നതെന്നാണ് പ്രത്യേകത. പ്രതിപക്ഷത്തെ തന്നെ പ്രമുഖരായ മായാവതിയും അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ അപ്രസക്തരാവുന്നു എന്നതാണ് ശ്രദ്ധേയം.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ നിര്‍ണ്ണായക ജനവിഭാഗമായ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലും പ്രിയങ്കയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവുന്നത്. ഇതോടെയാണ് ഇതിലെ അപകടം മായാവതി മണത്തത്. പ്രതിപക്ഷത്തിന്‍റെ നേതൃത്വം പ്രിയങ്ക ഏറ്റെടുക്കുന്നത് മായാവതിക്ക് ഒരിക്കലും സ്വീകര്യമുള്ള കാര്യമല്ല. 
അതിനാലാണ് ബിജെപിയെ എന്നപോലെ കോണ്‍ഗ്രസിനേയും മായാവതി പരസ്യമായി എതിര്‍ത്തുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസാണ് അന്യസംസ്ഥാന തൊഴിലാളികളുടെ സങ്കടകരമായ അവസ്ഥയ്ക്ക് കാരണമെന്നാണ് മായാവതിയുടെ ആരോപണം. രാജസ്ഥാന്‍ സര്‍ക്കാര്‍ യുപിയില്‍ നിന്ന് പണം ആവശ്യപ്പെട്ടത് മനുഷ്യത്വവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. 
എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ ബിഎസ്പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പ്രതികരണമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു. ബിജെപിയുടെ ബി ടീമാണ് ബിഎസ്പി എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആരോപിക്കുന്നത്. അധികം വൈകാതെ അവര്‍ ബിജെപിയുടെ പാളയത്തിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും കോണ്‍ഗ്രസ് അരോപിക്കുന്നു.
മായാവതി ബിജെപിയുടെ പ്രഖ്യാപിത വക്താവായി അവര്‍ മാറിയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. കുടിയേറ്റ തൊഴിലാളികളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയെ "നാടകം" എന്ന് ബിഎസ്‌പി വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാവ് പിഎൽ പുനിയ മായാവതിക്ക് മറുപടിയുമായി രംഗത്തെത്തിയത്.
കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേയും ശ്രമങ്ങളിൽ ബിഎസ്പി അസ്വസ്ഥരാണ്. ബിജെപിയും ബിഎസ്പിയും തമ്മില്‍ നിശബ്ദമായ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ചുരുക്കത്തില്‍ പ്രിയങ്കയുടെ നീക്കങ്ങളെ തുറന്നെതിര്‍ക്കുന്ന മായാവതിയെ അതേവഴിയില്‍ തന്നെ ബിജെപിയുടെ പങ്കാളിയെന്ന ലേബലില്‍ കുടുക്കുകയെന്നാണ് കോണ്‍ഗ്രസ് തന്ത്രം 



























No comments