Breaking News

ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച്‌ യെഡിയൂരപ്പ!

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിറച്ച് നില്‍ക്കുകയാണ് ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുളള കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍.
ഒരു വശത്ത് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുത്ത് കാട്ടി ഉയര്‍ന്ന് വരുന്നത് യെഡിയൂരപ്പയെ ആശങ്കയിലാക്കുന്നുണ്ട്.
മറുവശത്ത് ബിജെപിയില്‍ നിന്നും ഒരു കൂട്ടം എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തുന്നതും യെഡ്ഡിക്ക് തലവേദനയാണ്.
യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം വിമതര്‍ ശക്തമായി ഉയര്‍ത്തുന്നു. രണ്ട് നേതാക്കളുടെ പേരാണ് പ്രധാനമായും യെഡിയൂരപ്പയുടെ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. 

ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി കര്‍ണാടകത്തില്‍ അധികാരം തിരികെ പിടിച്ചത്.
കൊവിഡ് വെല്ലുവിളിയെ നേരിടുന്നതിനിടയില്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമായി കൊമ്പ് കോർത്തിരുന്നു. പിന്നാലെ ശ്രീരാമലുവിൽ നിന്ന് കെ സുധാകറിന് യെഡിയൂരപ്പ കൈമാറി.

ഈ വിവാദത്തിന്റെ ചൂടാറുന്നതിന് മുന്‍പാണ് മന്ത്രിസഭാ വികസനത്തിന്റെ പേരിലും യെഡിയൂരപ്പയുടെ നേതൃത്വത്തിന്റെ പേരിലും ഒരു കൂട്ടം ബിജെപി എംഎല്‍എമാരുടെ വിമത നീക്കം. ശക്തനായ ലിംഗായത്ത് നേതാവ് ഉമേഷ് കാട്ടിയുടെ നേതൃത്വത്തിലാണ് 20 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രി എന്ന നിലയ്ക്കുളള പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താന്‍ യെഡിയൂരപ്പ തയ്യാറാകണം എന്നാണ് എംഎല്‍എമാരുടെ ആവശ്യം.
പ്രതിപക്ഷത്തുളള നേതാക്കള്‍ക്ക് ലഭിക്കുന്ന സമയം പോലും ബിജെപിയിലുളളവര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ലഭിക്കുന്നില്ലെന്ന് ആരോപണം ഉണ്ട്. മാത്രമല്ല മന്ത്രിസഭാ വികസനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.

ഉമേഷ് കാട്ടിക്ക് കാബിനറ്റ് റാങ്കിലുളള മന്ത്രിസ്ഥാനം നല്‍കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഇത് കൂടാതെ ഉമേഷ് കാട്ടിയുടെ സഹോദരന്‍ രമേഷ് കാട്ടിക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കാനുളള സമ്മര്‍ദ്ദവും വിമത നേതാക്കള്‍ ഉയര്‍ത്തുന്നു.
യെഡിയൂരപ്പയുടെ നേതൃത്വത്തിനെതിരെ നേരത്തെയും ബിജെപിയില്‍ നിന്ന് കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് പരാതി പോയിരുന്നു.

യെഡിയൂരപ്പയ്ക്ക് പ്രായമേറിയെന്നും പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും വിമതര്‍ ആരോപിക്കുന്നു. യെഡിയൂരപ്പയ്ക്ക് പകരമൊരു നേതൃത്വമുണ്ടാക്കാനാണ് വിമതര്‍ നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാര്‍ എന്നിവരുടെ പേരുകളാണ് വിമതര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

വടക്കന്‍ കര്‍ണാടകത്തിലെ കരുത്തനായ നേതാവ് ആണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാള്‍. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുളള നേതാവ്. മുന്ന് തവണ എംഎല്‍എയും ഒരു തവണ എംഎല്‍സിയും ഒരു തവണ കേന്ദ്രത്തില്‍ സഹമന്ത്രിയുമായിട്ടുണ്ട് പാട്ടീല്‍.
40തോളം എംഎല്‍എമാരാണ് പാട്ടീലിന്റെയും ഷെട്ടാറിന്റെയും പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 25ഓളം എംഎല്‍എമാര്‍ യെഡിയൂരപ്പയ്ക്ക് എതിരെ നേരില്‍ കണ്ട് നീക്കം നടത്തുന്നുണ്ട്. എന്നാല്‍ 60ഓളം എംഎല്‍എമാര്‍ ഫോണിലൂടെയും പരസ്പരം ബന്ധപ്പെട്ട് നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ യെഡിയൂരപ്പ ഉടനെ തന്നെ അടുത്ത ഘട്ടം മന്ത്രിസഭാ വികസനം നടത്തിയേക്കും എന്നാണ് സൂചന.

കര്‍ണാടക മന്ത്രിസഭയില്‍ 34 സീറ്റുകളാണുളളത്. ഇതില്‍ 6 സീറ്റാണ് നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത്. അതിനാണെങ്കില്‍ നിരവധി അവകാശികളും ഉണ്ട്.
ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എത്തിയവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുകയും ബിജെപി നേതാക്കള്‍ ഒഴിവാക്കപ്പെട്ടതിലും പാര്‍ട്ടിയില്‍ വലിയ തോതില്‍ അതൃപ്തി പുകയുന്നുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ വിമത നീക്കം ഇല്ലെന്നാണ് യെഡിയൂരപ്പ വിഭാഗം അവകാശപ്പെടുന്നത്.
മാത്രമല്ല കോണ്‍ഗ്രസില്‍ നിന്ന് 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ രമേഷ് ജാര്‍ക്കിഹോളി പറയുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം ലഭിച്ചാലുടന്‍ ആദ്യഘട്ടം എന്ന നിലയ്ക്ക് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നും ജാര്‍ക്കിഹോളി അവകാശപ്പെടുന്നു.

No comments