Breaking News

'പെരിയയിൽ' തട്ടി വീണ് എൽഡിഎഫ്...!! പഞ്ചായത്ത് തൂത്തുവാരി യുഡിഎഫ്..!! മിന്നും വിജയം..

 


കാസര്‍കോട് ഇരട്ട കൊലപാതകം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിൽ തകർന്നടിഞ്ഞ് എൽഡിഎഫ്. ഇക്കുറി കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട പഞ്ചായത്തായിരുന്നു പെരിയ. ശരത് ലാലിന്റേയും കൃപേഷിന്റെയും കൊലപാതകം ആയുധമാക്കിയായിരുന്നു ഇവിടെ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം പുറത്തുവന്നപ്പോൾ മിന്നും വിജയമാണ് യുഡിഎഫ് പഞ്ചായത്തിൽ നേടിയിരിക്കുന്നത്. കണക്കുകളിലേക്ക്


17 സീറ്റുകളില്‍ ഒൻപത് സീറ്റാണ് ഇവിടെ യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു ഇവിടെ യുഡിഎഫിന് ഉണ്ടായിരുന്നത്. കൊലപാതകം നടന്ന കല്ല്യോട്ട് ഉൾപ്പെടെയുള്ള വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്ത് ഇരട്ടകൊലയ്ക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ കൈകളിലെത്തുന്നത്.


എൽഡിഎഫ് ഏഴും ബിജെപി ഒരു സീറ്റും നേടി. കഴിഞ്ഞ തവണ എൽഡിഎഫിന് 11 സീറ്റുകളായിരുന്നു ഇവിടെ ലഭിച്ചത്.ഇക്കുറി പെരിയ ഇരട്ടകൊലപാതകം ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചരണം നയിച്ചത് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമർശനമായിരുന്നു യുഡിഎഫ് നടത്തിയത്.


കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും കാസർഗോഡ് എൽഡിഎഫിന്റെ പരാജയത്തിന് നയിച്ചതിൽ പ്രധാന കാരണവും പെരിയ ഇരട്ട കൊലപാതകം തന്നെയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ കേസിൽ സിബിഐ അന്വേഷണത്തിന് എതിരെയുള്ള എൽഡിഎഫ് നീക്കത്തിന് കോടതിയിൽ കനത്ത തിരിച്ചടിയായിരു്നു നേരിട്ടത്. ഇതും യുഡിഎഫ് പ്രചരണത്തിൽ ആയുധമാക്കിയിരുന്നു.


അതേസമയം കാസർഗോഡ് ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും കാഴ്ചവെയ്ക്കുന്നത്. ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളും 7 വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. നഗരസഭകളിൽ നീലേശ്വരവും കാഞ്ഞങ്ങാടും എൽഡിഎഫ് ജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ ആകെ 43 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 24 സീറ്റാണ് എൽഡിഎഫ് നേടിയത്. 25 സീറ്റിൽ മത്സരിച്ച സിപിഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.


അതേസമയം 27 സീറ്റിൽ വിജയിച്ച കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. 27 സീറ്റിലായിരുന്നു ഇക്കുറി കോൺഗ്രസ് ഇവിടെ മത്സരിച്ചത്. എന്നാൽ കെപിസിസി സെക്രട്ടറി എം അസൈനാർ അടക്കം കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.


നീലേശ്വരം നഗരസഭയിൽ ആകെയുള്ള 32 വാർഡിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇക്കുറി 20 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ മുന്നണിക്ക് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകളും. മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

No comments