ആലപ്പുഴയിലെ ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്; 8 മണ്ഡലവും പിടിക്കാൻ പുതിയ സർവ്വേ.., സീറ്റ് മോഹികൾ തെറിക്കും..
ആലപ്പുഴ; നിയമസഭ തിരഞ്ഞെടുപ്പിന് ഏപ്രിലിൽ കളമൊരുങ്ങുമെന്നതായതോടെ ആലപ്പുഴയിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 9 മണ്ഡലങ്ങളിൽ എട്ടും നേടിയായിരുന്നു എൽഡിഎഫ് വിജയം.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയിൽ യുഡിഎഫിനെ പോലും അമ്പരിപ്പിക്കുന്ന വിജയം നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ജില്ലയിൽ വലിയ മുന്നേറ്റം നടത്താനുറച്ചുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് നേതൃത്വം ഒരുക്കുന്നത്.
എൽഡിഎഫ് നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഇത്തവണ ആലപ്പുഴ ജില്ലയിൽ ഇടതുമുന്നണി നേടിയത്. ജില്ലാ പഞ്ചായത്തിവ്‍ 21 സീറ്റ് നേടി. 11 ബ്ലോക്ക് പഞ്ചായത്തുകളിലും അധികാരം പിടിച്ചു. 50 പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷവും സ്വന്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് പോലും ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു എൽഡിഎഫ് നടത്തിയത്.
ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പഴുതടച്ചുള്ള നീക്കങ്ങൾ നടത്തിയില്ലേങ്കിൽ ജില്ലയിൽ നിലംതൊടാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ഇതോടെ ജില്ലയിൽ പ്രത്യേക സർവ്വേ നടത്തി തിരഞ്ഞെടുപ്പിനെ നേരിടാണ് കോൺഗ്രസ് പദ്ധതി.
രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഷാനിമോൾ ഉസ്മാന്റെ അരൂരും കൂടാതെ ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശം ഉയർത്തുന്ന കുട്ടനാടും ഒഴികെയുള്ള മണ്ഡലങ്ങളിൽ സർവ്വേ നടത്താനാണ് കോൺഗ്രസിൽ ധാരണ. അതേസമയം ഹരിപ്പാട് ഇത്തവണ രമേശ് ചെന്നിത്തലയ്ക്ക് അത്ര സുരക്ഷിതമല്ലെന്ന് അഭിപ്രായങ്ങൾ പാർട്ടിയിൽ ശക്തമാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകിയത് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു.ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ പോര് മുറുകിയപ്പോഴും മണ്ഡലത്തിൽ അനായാസമായിട്ടായിരുന്നു ചെന്നിത്തല വിജയിച്ച് കയറിയത്.2011 ൽ 5520 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ അത് 18621 ആക്കി ഉയർത്താനും 2016 ൽ ചെന്നിത്തലയ്ക്ക് ഇവിടെ കഴിഞ്ഞിരുന്നു.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇക്കുറി 3 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.ചെന്നിത്തല പ്രചരണത്തിന് നേരിട്ട് ഇറങ്ങിയിട്ട് പോലും മുന്നേറാൻ കോൺഗ്രസിന് സാധിച്ചില്ല. അതേസമയം താൻ ഹരിപ്പാട് വിട്ട് മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.
അരൂരിൽ ഉപതിരഞ്ഞെടുപ്പിലെ പ്രകടനം ഷാനി മോൾ ഉസ്മാന് ആവർത്തിക്കാൻ കഴിയുമെന്ന ആശ്വാസത്തിൽ തന്നെയാണ് കോൺഗ്രസ് അതുകൊണ്ട് തന്നെ മറ്റ് പേരുകൾ ഇവിടെ പാർട്ടി പരിഗണിക്കുന്നില്ല.2079 വോട്ടുകൾക്കായിരുന്നു ഷാനിമോൾ ഉസ്മാന്റെ ഉപതിരഞ്ഞെടുപ്പിലെ വിജയം. ഷാനിമോൾക്ക് 69,356 വോട്ടുകൾ ലഭിച്ചപ്പോൾ ഇടത് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 67,277 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം കുട്ടനാട് സീറ്റിനായി ജോസഫ് വിഭാഗം അവകാശം ഉയർത്തിയിട്ടുണ്ട്. ഇവിടെ പാർട്ടി ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാമിനെയാണ് പരിഗണിക്കുന്നത്.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്.10 അംഗ സമിതി
കുട്ടനാട് മണ്ഡലത്തിലെ നേതാക്കൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വൈകാതെ തന്നെ തിരുമാനം ഉണ്ടായേക്കും. അതേസമയം മറ്റ് മണ്ഡലങ്ങളിലെ സർവ്വേയിലെ വിശദാംശങ്ങൾ ഹൈക്കമാന്റിന്റെ അംഗീകാരത്തോടെ നിയമിച്ച 10 അംഗങ്ങൾ ഉൾപ്പെട്ട ഉന്നത സമിതിയായിരിക്കും പരിശോധിക്കുക.ഇതനുസരിച്ചാകും സ്ഥാനാർത്ഥി നിർണയം.
ഗ്രൂപ്പ് പരിഗണന വേണ്ടെന്ന കർശന നിർദ്ദേശം സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. സാമൂഹിക,സാമുദായിക സന്തുലനം, ജയസാധ്യത, യുവാക്കൾ, പുതുമുഖങ്ങൾ തുടങ്ങിയ കാര്യങ്ങൾ മാനദണ്ഡമാക്കിയാകും പേരുകൾ പരിഗണിക്കുക.

No comments