Breaking News

ജെഡിഎസ് പിളര്‍ന്നു; പ്രബല വിഭാഗം യുഡിഎഫിലേക്ക്..!! ഒരു എംഎല്‍എയുടേയും പിന്തുണയെന്ന് നേതാക്കള്‍.. ഇടതിന് അപ്രതീക്ഷിത അടി..

 


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലയിച്ച് ഒരു പാര്‍ട്ടിയാവുക എന്ന നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജെഡിഎസിനും എല്‍ജെഡിക്കും മുന്നില്‍ സിപിഎം വെച്ചിരുന്നു. ലയനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയും എല്‍ജെഡി നല്‍കുന്നു. ജെഡിഎസിലെ ഒരു വിഭാഗത്ത് അടര്‍ത്തി എടുക്കാനാണ് തങ്ങളുടെ ശ്രമം എന്നാണ് അവര്‍ പരസ്യമായി വ്യക്തമാക്കിയത്. ഇതിനിടയിലാണ് ജെഡിഎസിനെ കൂടുതല്‍ ക്ഷീണിപ്പിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ് ഉണ്ടായിരിക്കുന്നത്.


പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ജെഡിഎസ് വിട്ടത്. പാര്‍ട്ടി സംസ്ഥാന സമതിയിലെ ഭൂരിഭാഗത്തിന്‍റെയും പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് ജോര്‍ജ് തോമസ് അവകാശപ്പെടുന്നത്. പത്ത് ജില്ലാ കമ്മറ്റികളും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും കോട്ടയത്ത് സംസ്ഥന കമ്മിറ്റി യോഗം വിളിച്ച് ചേര്‍ത്ത ശേഷം അദ്ദേഹം പറഞ്ഞു.


പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ ദേവഗൗഡയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജോര്‍ജ് തോമസ് നടത്തിയത്. ദില്ലിയില്‍ കര്‍ഷക സമരം അരങ്ങേറുമ്പോള്‍ അതിന് അനുകുലമായ സമീപനം സ്വീകരിക്കാതിരുന്ന ദേവഗൗഡയുടെ നിലപാട്. ബിജെപിയുമായി ഒത്തുചേര്‍ന്ന് പോകുന്നതാണ്. ഇത്തരത്തില്‍ ബിജെപിയുമായി ഒത്ത് ചേര്‍ന്ന് പോകുന്ന ദേവഗൗഡയുടെ നിലപാടിന് ഒപ്പമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.


എല്‍ഡിഎഫിന് പുറത്ത് വന്ന് യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഘടകക്ഷിയായി തന്നെ യുഡിഎഫില്‍ എത്താനാണ് അവരുടെ ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഔദ്യോഗിക മുന്നണി പ്രവേശനം ഉണ്ടാവും. യുഡിഎഫിനോട് സീറ്റ് ചോദിച്ച് വാങ്ങുക എന്നൊരു ആവശ്യം കൂടി അവര്‍ മുന്നോട് വെക്കുന്നുണ്ട്.


യുഡിഎഫിന് അകത്തെ രണ്ട് പാര്‍ട്ടികള്‍ മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തില്‍ എല്‍ഡിഎഫില്‍ വരുന്ന കക്ഷികളെ തുറന്ന മനസ്സോടെ സ്വീകരിക്കുക എന്നതാണ് യുഡിഎഫിന്‍റെയും നിലപാട്. വനവികസന കോർപറേഷൻ ചെയര്‍മാൻ സ്ഥാനം ജോർജ് തോമസ് രാജി വയ്ക്കും. യുഡിഎഫുമായുള്ള സീറ്റ് ചര്‍ച്ചകള്‍ക്ക് സബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.


എല്‍ജെഡിയുമായി ലയിക്കുക എന്ന സിപിഎം നിര്‍ദേശത്തിനും നേരത്തെ തന്നെ എതിര്‍പ്പ് ഉന്നയിച്ചിരുന്ന വ്യക്തിയായിരുന്നു ജോര്‍ജ് തോമസ്. പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്ത് വന്നവരും സജീവമല്ലാത്തവേരേയും ഉള്‍പ്പെടുത്തി ശക്തമായൊരു പാര്‍ട്ടിയായി യുഡിഎഫ് പ്രവേശനം എന്നതാണ് ജോര്‍ജ് തോമസ് ലക്ഷ്യമിടുന്നത്. എല്‍ഡിഎഫ് വിട്ട് വരുന്നവരെ യുഡിഎഫ് സഹകരിപ്പിക്കുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് എന്ന അവകാശവാദം എത്രത്തോളം അംഗീകരിക്കുമെന്നതില്‍ സംശയം ഉണ്ട്.


വടകര എംഎല്‍എയായ സികെ നാണുവിന്‍റെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നും ജോര്‍ജ് തോമസ് അവകാശപ്പെടുന്നുണ്ട്. സികെ നാണു പ്രസിഡന്‍റായ സംസ്ഥാന ഘടകത്തെ നേരത്തെ ദേശീയ അധ്യക്ഷന്‍ പിരിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെ സികെ നാണുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം വിമത സംസ്ഥാന സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എസ് ചന്ദ്ര കുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കിയായിരുന്നു പുതിയ സമിതി.


എല്ലാ ജില്ലകളിലും കൺവീനർമാരെയും പ്രഖ്യാപിച്ചു. ഒമ്പത് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ചിഹ്നവും പേരും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു വിമതരുടെ അവകാശവാദം. യഥാർത്ഥ ജനതാദൾ തങ്ങളാണെന്ന് ഇടത് മുന്നണി കൺവീനറെ അറിയിക്കുെന്നും മുന്നണി യോഗത്തിൽ പങ്കെടുക്കേണ്ട ആളുകളുടെ ലിസ്റ്റും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.


മാത്യു ടി തോമസിനെയും കെ കൃഷ്ണന്‍കുട്ടിയെയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു വിമതരുടെ പ്രധാന ആവശ്യം. സികെ നാണുവിന്‍റെ മൗനാനുവാദത്തോടെയാണ് അന്നും പുതിയ സമിതി രൂപീകരിച്ചതെന്ന് ജോര്‍ജ് തോമസ് പറഞ്ഞിരുന്നു. സി കെ നാണു നമ്മോടൊപ്പമാണ്. അദ്ദേഹം കൃത്യസമയത്ത് ഒപ്പം വരും കുറുമാറ്റ നിരോധന നിയമം ഉൾപ്പടെ ഉള്ളതിനാലാണ് ഇപ്പോൾ വരാത്തതെന്നുമായിരുന്നു ജോര്‍ജ് തോമസ് പറഞ്ഞത്.


എന്നാല്‍ സംസ്ഥാന സമിതി പിരിച്ച് വിട്ടതില്‍ തുടക്കത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സികെ നാണു നിലവില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വവുമായി ഒത്ത് പോകുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അദ്ദേഹം പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തിലല്ല താനെന്നാണ് സികെ നാണു വ്യക്തമാക്കിയത്. തന്നോടൊപ്പം നിന്നവരെ ജനതാദളില്‍ നിന്ന് ഒഴിവാക്കിയെന്നുംഅവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ച് തിരിച്ച് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


നിലനില്‍പ്പിന് വേണ്ടിയാണ് വിമത വിഭാഗം പുതിയ സമിതി രൂപീകരിച്ചത്. ജെഡിഎസ് വിടാന്‍ സാധിക്കില്ല. തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. പുതിയ പാര്‍ട്ടിയിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നേതൃത്വം തയ്യാറാകണം. ചെറിയ പാര്‍ട്ടിയെ കൂടുതല്‍ ചെറുതാക്കാന്‍ വീണ്ടും ശ്രമിക്കരുതെന്നുമായിരുന്നു മുന്‍ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അതേസമയം വടകര സീറ്റിന്‍റെ കാര്യത്തില്‍ എല്‍ജെഡി നടത്തുന്ന അവകാശവാദങ്ങളെ സംസ്ഥാന സമിതി വേണ്ട വിധത്തില്‍ പ്രതിരോധിക്കാത്തതില്‍ സി കെ നാണുവിന് അതൃപ്തിയുണ്ട്.

No comments