Breaking News

കോണ്‍ഗ്രസില്‍ പുതുമുഖങ്ങള്‍ക്ക് വഴി മാറാന്‍ കെസി ജോസഫ്.., ഇരിക്കൂറില്‍ ഇത്തവണ മത്സരിക്കാനില്ല..!! പക്ഷേ..

 


കണ്ണൂര്‍: കെസി ജോസഫും തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇത്തവണയും മത്സരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. എട്ട് തവണ വിജയിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇതോടെ പുതിയ സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. തന്റെ മണ്ഡലം പുതുതലമുറയ്ക്ക് കൈമാറുമെന്ന് കെസി ജോസഫ് പറയുന്നു. നിലവിലെ നിയമസഭാ അംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഏറ്റവും അധികം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് കെസി ജോസഫ്. ഇത്തവണ കൂടുതല്‍ യുവാക്കള്‍ വരുമെന്നുള്ള സൂചനയും ജോസഫിന്റെ വഴിമാറലിലുണ്ട്.


38 വര്‍ഷമായി കെസി ജോസഫ് ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. അതേസമയം പാര്‍ട്ടിയില്‍ തനിക്ക് എന്ത് റോളാണ് ഉള്ളതെന്ന് നേതൃത്വം തന്നെ തീരുമാനിക്കും. ഇരിക്കൂറില്‍ പക്ഷേ പുതിയ മുഖം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ജോസഫ് വ്യക്തമാക്കി. 1957ലാണ് ഇരിക്കൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. ഇവിടെ പലപ്പോഴായി സിപിഎമ്മായിരുന്നു വിജയിച്ച് വന്നത്. 1970ല്‍ വിജയിച്ച സിപിഎമ്മിന്റെ എ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ഇകെ നായനാരാണ് എംഎഎല്‍ ആയത്.


1977ല്‍ കോണ്‍ഗ്രസിന്റെ സിപി ഗോവിന്ദന്‍ നമ്പ്യാര്‍ മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് കടന്നപ്പള്ളി രാമചന്ദ്രനും വിജയിച്ചു. ഇത് 1980ലായിരുന്നു. അന്ന് കോണ്‍ഗ്രസ് യു പ്രതിനിധിയായിരുന്നു കടന്നപ്പള്ളി. അത് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് കെസി ജോസഫ് ഇവിടേക്ക് വരുന്നത്. ആന്റണി വിഭാഗത്തിന്റെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു ജോസഫ്. 1982ലായിരുന്നു ആദ്യ മത്സരം. കോട്ടയത്ത് നിന്ന് ഇരിക്കൂറില്‍ എത്തിയെങ്കിലും കെസി ജോസഫിനെ ജനങ്ങള്‍ കൈവിട്ടില്ല. പതിനായിരത്തനടുത്ത് ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിക്കുകയും ചെയ്തു.


പിന്നീട് ഒരിക്കലും ഇരിക്കൂര്‍ കെസി ജോസഫിനെ കൈവിട്ടിട്ടില്ല. 2006ല്‍ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിന് താഴേക്ക് പോയത്. അന്ന് പക്ഷേ സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായിരുന്നു. 1831 വോട്ടിനായിരുന്നു ജോസഫിന്റെ ജയം. ബാക്കിയെല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം 17000 ഇടയില്‍ വരാറുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു ജോസഫ്. ഇത്തവണ നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് ഇരിക്കൂറില്‍. കെസിപിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്‍, ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്. ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ കെവി ഫിലോമിനയെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ കെസി ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പരിഗണന ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

No comments