Breaking News

മലബാറിലെ സിപിഎം കോട്ട തകർക്കാൻ ധർമ്മജൻ..!! പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് താരം, ഞെട്ടിക്കുന്ന നീക്കങ്ങൾ..


 കോഴിക്കോട്: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. ഇതിനായി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചില പരീക്ഷണങ്ങള്‍ യുഡിഎഫ് നടത്തിയേക്കും. അധികാരം ലഭിക്കണമെങ്കില്‍ മിക്ക സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളായിരിക്കണമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.


കൂടാതെ യുവാക്കളും വനിതകളും മത്സരരംഗത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സിനിമ താരങ്ങളെ ഉള്‍പ്പടെ രംഗത്തിറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സഹയാത്രികനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി...


പുതുമുഖങ്ങളോടൊപ്പം സിനിമാ താരങ്ങളേയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഹയാത്രികനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നിന്ന് ധര്‍മ്മജനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.


പഠിക്കുന്ന കാലത്ത് തന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിലും സേവാദളിലും സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധര്‍മജന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോണ്‍ഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റായിരുന്നു താനെന്നും അതുകൊണ്ട് സ്ഥാനമാനങ്ങള്‍ തനിക്ക് നല്‍കാന്‍ പാര്‍ട്ടി മടിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധര്‍മജന്‍രെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെ നേതാക്കളോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.


എന്നാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടെ വീണ്ടും പ്രതികരിച്ച ധര്‍മ്മജന്‍ രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് ധര്‍മ്മജന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ധര്‍മ്മജനെ പരിഗണിക്കുന്ന സീറ്റ് മലബാര്‍ മേഖലയിലാണെന്ന റിപ്പോര്‍ട്ടും ഇതിനോടൊപ്പം പുറത്തുവരുന്നുണ്ട്.


കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കായി കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. മുസ്ലീം ലീഗിന്റെ കൈവശമുള്ള സീറ്റില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ധര്‍മ്മജന് ബാലുശേരിയില്‍ മത്സരിക്കണമെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടിവരും.


ബാലുശേരിയില്‍ ധര്‍മ്മജന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ ധര്‍മ്മജന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുകയാണ്. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ നിരവധി പേരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് ജില്ല നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.


സംസ്ഥാന കേണ്‍ഗ്രസ് നേതാക്കളുമായി ധര്‍മ്മജന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം. താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ധര്‍മ്മജന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.


എന്റെ പേര് വരാനുള്ള സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സര രംഗത്തുണ്ടാവും. അത് തീര്‍ച്ചയാണ്- ധര്‍മ്മജന്‍ പ്രതികരിച്ചു. ധര്‍മജന്റെ ഇപ്പോഴത്തെ പ്രതികരണം പുറത്തുവന്നതോടെ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.


കോഴിക്കോട് ജില്ലയിലെ ബാലുശേരി പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മണ്ഡലമാണ് ബാലുശേരി. സിപിഎം സ്ഥാനാര്‍ത്ഥിയായ പുരുഷന്‍ കടലുണ്ടി 15000 ല്‍ അധികം വോട്ടിനാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. ധര്‍മ്മജനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.


ധര്‍മ്മജനെ യുഡിഎഫ് പരിഗണിക്കുമ്പോള്‍ സിപിഎം പരിഗണിക്കുന്നത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടടറി കെഎം സച്ചിന്‍ ദേവാണ്. രണ്ട് തവണ ടേം പൂര്‍ത്തിയാക്കിയ പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരിച്ചേക്കില്ല. സംവരണ മണ്ഡലമായ ബാലുശേരിയില്‍ വിദ്യാര്‍ത്ഥി നേതാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍.


ബാലുശേരി മത്സരിക്കുമെന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് സച്ചിന്‍ ദേവ് പ്രതികരിച്ചത്. യുവ നേതാവിനെ ഇറക്കി മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.

No comments