Breaking News

മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്..!! പുനലൂരിൽ ജസ്റ്റിസ് കെമാൽ പാഷ..? മനസ്സിൽ ഈ മണ്ഡലം..

 


കൊച്ചി: ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ മുന്നേറ്റം കൂടാതെ എന്‍ഡിഎ കരുത്ത് കൂട്ടുന്നതും കിഴക്കമ്പലം ട്വന്റി 20 പോലുളള കൂട്ടായ്മകള്‍ നേട്ടമുണ്ടാക്കുന്നതും കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുമുണ്ട്.


എറണാകുളത്ത് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ പൊതുസമ്മതരെ അടക്കം പരീക്ഷിക്കുന്നത് കോണ്‍ഗ്രസ് ആലോചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുളള താല്‍പര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളള ജസ്റ്റിസ് ബി കെമാല്‍ പാഷയെ യുഡിഎഫ് മത്സരിപ്പിച്ചേക്കും. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ


സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിശിത വിമര്‍ശകനായ ജസ്റ്റിസ് കെമാല്‍ പാഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഏറെ നാളായി താന്‍ ചിന്തിക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞിരുന്നു. രാഷ്ട്രീയം ആരുടേയും കുത്തകയല്ല. വിവരവും വിദ്യാഭ്യാസവും ഉളള ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം.


യോജിച്ച മണ്ഡലം ലഭിക്കുകയാണ് എങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കക്ഷി രാഷ്ട്രീയത്തോട് തനിക്ക് താല്‍പര്യമില്ല. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്നത് ആലോചിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. ശരിയായ ഓഫര്‍ ലഭിച്ചാല്‍ മത്സരത്തിനിറങ്ങും.


ജസ്റ്റിസ് കെമാല്‍ പാഷയെ പുനലൂരില്‍ മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത് എന്നാണ് സൂചന. പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകണം എന്നാവശ്യപ്പെട്ട് നേതാക്കള്‍ കെമാല്‍ പാഷയെ സമീപിച്ചിരുന്നു. പുനലൂരില്‍ കെമാല്‍ പാഷയ്ക്ക് സ്വധീനവും ബന്ധങ്ങളുമുണ്ട്. ഇടത് ശക്തി കേന്ദ്രമായ പുനലൂരില്‍ 2016ല്‍ ജയിച്ചത് നിലവിലെ മന്ത്രിയായ കെ രാജുവാണ്.


തനിക്ക് പുനലൂരില്‍ സ്വാധീനമുണ്ട് എന്നതൊരു വസ്തുത ആണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. 1995 വരെ ജസ്റ്റിസ് കെമാല്‍ പാഷ പുനലൂരിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്ന് എറണാകുളത്തേക്ക് താമസം മാറി. അതുകൊണ്ട് തന്നെ പുനലൂരില്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കുന്നു. എറണാകുളത്തെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനാണ് താല്‍പര്യം.


നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയാണ് എങ്കില്‍ എറണാകുളത്ത് താമസിച്ച് കൊണ്ട് പുനലൂരില്‍ പ്രവര്‍ത്തിക്കുന്നത് സാധ്യമല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. പുനലൂരിലെ ജനങ്ങള്‍ക്ക് തന്നെ ഇഷ്ടമാണ്. എന്നാല്‍ ദേശാടന പക്ഷിയെ പോലെ പോകുന്നത് ശരിയല്ല. അതുകൊണ്ട് എറണാകുളത്ത് തന്നെ ഒരു സീറ്റാണ് യുഡിഎഫിനോട് ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് തൃക്കാക്കരയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ താമസിക്കുന്നത്. തൊട്ടടുത്ത നിയമസഭാ മണ്ഡലം കളമശ്ശേരിയാണ്. കളമശ്ശേരിയാണ് തന്റെ മനസ്സിലുളളതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമാണ് കളമശ്ശേരി. ഇക്കുറിയും കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് വികെ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുളളത്.


കളമശ്ശേരി ജസ്റ്റിസ് കെമാല്‍ പാഷക്ക് നല്‍കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്ന് അറിയേണ്ടതുണ്ട്. കളമശ്ശേരിയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ താമസം മാറേണ്ട ആവശ്യം വരുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ആവശ്യമാണ് താന്‍ മത്സരിക്കണോ എന്നത്. ജനങ്ങള്‍ക്ക് വേണമെങ്കില്‍ അവരെ സേവിക്കാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.


കേരളത്തിലെ ഏറ്റവും വലിയ അഴിമതി തുറന്ന് കാട്ടിയത് കൊണ്ടാണ് യുഡിഎഫിനോട് താല്‍പര്യമെന്ന് നേരത്തെ ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാനുളള വഴി കോണ്‍ഗ്രസിലൂടെയാണ്. സിപിഎം അഴിമതി നിറഞ്ഞ പ്രസ്ഥാനമാണ് എന്നാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ ആരോപണം. അവരുമായി ഒരിക്കലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി..

No comments