തദ്ദേശ കണക്ക് അനുകൂലം..!! ആറൻമുളയിൽ വീണ ജോർജിനെ വീഴ്ത്താൻ യുഡിഎഫ്..!! പരിഗണിക്കുന്നത് ഈ നേതാക്കളെ..
പത്തനംതിട്ട; യുഡിഎഫും എൽഡിഎഫും ശക്തമായ മത്സരം കാഴ്ച വെച്ചിട്ടുള്ള ആറൻമുളയിൽ ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കൊപ്പം സാമുദായിക പരിഗണനകളും പ്രധാനമായ മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ പ്രതീക്ഷ പുലർത്തുകയാണ് യുഡിഎഫ് നേതൃത്വം. മൂന്നിലേറെ സ്ഥാനാർത്ഥികളെയാണ് മണ്ഡലം പിടിക്കാനായി യുഡിഎഫ് പരിഗണിക്കുന്നത്. വിശദാംങ്ങളിലേക്ക്
ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന്റെ കൂടി പിൻബലത്തിൽ ഇത്തവണ പത്തനംതിട്ട ജില്ലയിൽ വലിയ മുന്നേറ്റമായിരുന്നു എൽഡിഎഫ് നടത്തിയത്. ജില്ലയിലെ നാല് മണ്ഡലങ്ങളിലും വിജയിക്കാൻ കഴിഞ്ഞെങ്കിലും എൽഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ആറൻമുള മണ്ഡലത്തിൽ ലീഡ് നേടാൻ യുഡിഎഫിന് കഴിഞ്ഞു.
മണ്ഡലത്തിൽ 865 വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫ് നേടിയത്. നാല് പഞ്ചായത്തുകൾ എൽഡിഎഫ് നേടിയപ്പോൾ മൂന്ന് പഞ്ചായത്തിൽ വിജയിക്കാൻ യുഡിഎഫിന് സാധിച്ചു. ആറന്മുള, ഇലന്തൂർ, ഓമല്ലൂർ എന്നീ മൂന്ന് പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്.ഇതോടെ മണ്ഡലത്തിൽ വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായിട്ടായിരുന്നു മണ്ഡലത്തിലെ ജനവിധി.അന്ന് 6593 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് വിജയം. ഈ സാഹചര്യത്തിൽഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം.
എൽഡിഎഫ് ഇത്തവണയും വീണ ജോർജിനെ തന്നെയാകും മത്സരത്തിന് ഇറക്കുന്നത്. 2016 ൽ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ടായിരുന്നു വീണയുടെ വിജയം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെ 7561 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വീണ ജോർജ് വിജയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിയ മുന്നേറ്റം കാഴ്ച വെച്ചെങ്കിലും വീണയിലൂടെ വീണ്ടും മണ്ഡലം നിലനിർത്താനാകുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയുംമണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വോട്ടായി വീഴുമെന്നും നേതൃത്വം കരുതുന്നു.
അതേസമയം എ ഗ്രൂപ്പ്-നായർ സമവാക്യങ്ങൾ പലവട്ടം കരുത്തായി മാറിയ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫും .മുൻ എഎൽഎയായ കെ ശിവദാസൻ നായർ ഉൾപ്പെടെയുളള മൂന്ന് പേരുകളാണ് മണ്ഡലത്തിൽ യുഡിഎഫ് പരിഗണിക്കുന്നത്
മോഹൻ രാജ്, പഴകുളം മധു എന്നീവരുടെ പേരുകളും യുഡിഎഫിൽ ചർച്ചയാകുന്നുണ്ട്. ഇതുകൂടാതെയുള്ള ചില അപ്രതീക്ഷിത പേരുകളും അവസാന നിമിഷം ഉയർന്ന് വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീണക്കെതിരെ യുവാക്കൾ തന്നെ ഇറങ്ങട്ടേയെന്ന വികാരവും പാർട്ടിയിൽ ഉണ്ട്.
പത്തനംതിട്ട നഗരസഭയിലെ സിപിഐ-എസ്ഡിപിഐ ധാരണ പ്രചരണത്തിൽ ഉയർത്തിക്കാട്ടാനാണ് യുഡിഎഫ് നീക്കം. ഒപ്പം സമുദായിക വോട്ടുകളുടെ വിഭജനം ലക്ഷ്യം വെച്ച് റാന്നിയിലെ ബിജെപി-ഇടത് ധാരണയും യുഡിഎഫ് ചർച്ചയാക്കും.
അതേസമയം ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന ആറൻമുളയിൽ ഇത്തവണ അട്ടിമറി ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എംടി രമേശ്, ജോർജ് കുര്യൻ , നടനും എംപിയുമായ സുരേഷ് ഗോപി എന്നിവരുടെ പേരാണ് ബിജെപി ഇവിടെ പരിഗണിക്കുന്നത്.
2016 ൽ ആറൻമുളയിൽ എംടി രമേശായിരുന്നു ബിജെപിക്ക് വേണ്ടി മത്സരിച്ചത്. അന്ന് 37906 വോട്ടുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. പിന്നീട് 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ടുയർത്താൻ സാധിച്ചിരുന്നു. അതേസമയം ഇത്തവണ ആർഎസ്എസിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ പട്ടിക.

No comments