മലബാറിൽ കോൺഗ്രസ് ഞെട്ടിക്കും;16 എ കാറ്റഗറി സീറ്റുകൾ..!! സാഹചര്യം അനുകൂലമെന്ന് സർവ്വേ..!! ഈ മണ്ഡലങ്ങളില് വിജയം ഉറപ്പ്..
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. ജോസ് കെ മാണിയുടെ കൂടി പിന്തുണയോടെ എൽഡിഎഫ് വൻ വിജയം കൊയ്തപ്പോൾ ഉറച്ച കോട്ടകളിൽ പോലും കോൺഗ്രസിന് അടിപതറി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ കണക്കുകൾ ആവർത്തിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ഇതോടെ മധ്യകേരളം പിടിക്കാൻ മുന്നണി വിപുലീകരണമടക്കമുള്ള നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് യുഡിഎഫ്.
അതേസമയം വടക്കൻ കേരളത്തിൽ ആകട്ടെ ഇത്തവണ മിന്നും വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് പുലർത്തുന്നുണ്ട്. കോൺഗ്രസ് സീറ്റുകൾ 6 ൽ നിന്ന് 16 ലേക്ക് ഉയരുമെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ നിന്ന് 23 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയിച്ചത്.60 സീറ്റുകളിൽ 31 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും ആറ് സീറ്റുകൾ. കെസി ജോസഫ് മത്സരിച്ച ഇരിക്കൂർ, സണ്ണി ജോസഫ് നേടിയ പേരാവൂർ, ഐസി ബാലകൃഷ്ണന്റെ സുൽത്താൻ ബത്തേരി, വിടി ബൽറാമിന്റെ തൃത്താല, ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട്, എപി അനിൽ കുമാറിന്റെ വണ്ടൂർ എന്നിവയാണ് കോൺഗ്രസിന് ലഭിച്ച സീറ്റുകൾ.
യുഡിഎഫ് നേടിയ ആകെ സീറ്റിൽ 17 ലും വിജയിച്ചത് മുസ്ലീം ലീഗായിരുന്നു. ഇത്തവണ ഭരണം പിടിക്കാൻ വടക്കൻ കേരളത്തിൽ കുറഞ്ഞത് 35 സീറ്റുകളെങ്കിലും നേടേണ്ടി വരുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഇത്തവണ കോൺഗ്രസ് തനിച്ച് 15 സീറ്റുകളെങ്കിലും പിടിക്കണമെന്നാണ് ഘടകക്ഷികൾ വ്യക്തമാക്കുന്നത്.
അതേസമയം ഇക്കുറിവടക്കൻ കേരളത്തിൽ കൂറ്റൻ മുന്നേറ്റം നേടാനാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കെപിസിസി-എഐസിസി നടത്തിയ സർവ്വേയിൽ 16 സീറ്റുകളിൽ പാർട്ടി വിജയ സാധ്യത കൽപ്പിക്കുന്നുണ്ട് . ആറ് സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെയുള്ള സീറ്റുകളാണ് വിജയ സാധ്യതയുള്ള എ കാറ്റഗറി സീറ്റുകളായി കോൺഗ്രസ് കണക്കാക്കുന്നത്.
50-50 വിജയ സാധ്യയുള്ള 10 സീറ്റുകളും വടക്കൻ കേളത്തിൽ ഉണ്ടെന്ന് സർവ്വേയിൽ പറയുന്നു. ബി കാറ്റഗറി സീറ്റുകളായാണ് ഇവ കണക്കാക്കുന്നത്. ഇതിലാകട്ടെ നാല് സീറ്റുകൾ നേരിയ മുൻതീക്കം ഉള്ളവയാണ്. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് , കാസർഗോഡ് ജില്ലകളിലാണ് ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് സർവ്വേ സംഘടിപ്പിച്ചത്.
സർവ്വേയുടെ അടിസ്ഥാനത്തിൽ എ കാറ്റഗറിയിൽ ഉൾപ്പെട്ട സീറ്റുകൾ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് എഐസിസി നേതൃത്വം.വിജയ സാധ്യത പരിഗണിച്ച് പല സീറ്റിലും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരിക്കാനും ഒപ്പം വിജയ സാധ്യത ഉള്ള സീറ്റുകൾ ഏറ്റെടുക്കാനുമാണ് കോൺഗ്രസ് നീക്കം.
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇടതുമുന്നണിയിലേക്ക് പോയ എൽജെഡി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിൽ മൂന്ന് സീറ്റുകൾ ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കും.ഒപ്പം ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റും കോൺഗ്രസ് ഏറ്റെടുക്കും. ഇവിടെ അനുകൂല സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അതിനിടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിൽ ഒന്നായ ഇരിക്കൂർ സീറ്റിൽ ഇത്തവണ കെസി ജോസഫ് മത്സരിച്ചേക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്‍റെ ഭാവി ചുമതല പാർട്ടി തീരുമാനിക്കുമെന്നുമാണ് കെസി ജോസഫ് പറഞ്ഞത്.
കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശം തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ ഇടതിന് നേട്ടമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നേറ്റം എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.ഈ ഘട്ടത്തിൽ എട്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയ കെസി മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നത് കോൺഗ്രസിന് ആശങ്ക ഉണഅടാക്കുന്നുണ്ട്.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി മണ്ഡലമാണ് കെസി കണ്ണുവെയ്ക്കുന്നത്. അതേസമയം കെസിയുടെ അഭാവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യന്റെ പേരാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്. ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതാവാണ് സോണി. കെസി മണ്ഡലം മാറിയാലും വിജയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
കഴിഞ്ഞ തവണ മലബാറിൽ 4 സിറ്റിംഗ് സീറ്റുകൾ കോൺഗ്രസിന് നഷ്ടമായിരുന്നു. ഇത്തവണ ആകെ 35 സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.മത്സരിക്കുന്ന സീറ്റുകളിൽ വലിയ വിജയ പ്രതീക്ഷ ഇല്ലാത്ത 9 സീറ്റുകളുണ്ട്. ഇത് ഘടകക്ഷികളുമായി വെച്ച് മാറണമെന്ന അഭിപ്രായങ്ങളും പാർട്ടിയിൽ ഉണഅട്.
അതിനിടെ വടക്കൻ കേരളത്തിൽ ഒരു സീറ്റിൽ പോലും ബിജെപിക്ക് വിജയിക്കാൻ സാധിക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.ഇത്തവണ പാലക്കാട് ജില്ലയിലും കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലും വിജയ സാധ്യത ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ. പാലക്കാട് നഗരസഭ പിടിച്ചതും വോട്ട് ഉയർത്തിയതും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഒപ്പം മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി കണ്ണുവെയ്ക്കുന്നത്.

No comments