മഞ്ചേശ്വരത്ത് ഇക്കുറി അട്ടിമറിയോ..?? 2006 ആവർത്തിക്കാൻ സിപിഎം..!! വിജയം തുടരാൻ ലീഗ്.. നിർണായകമായി ബിജെപി.. കാസർഗോഡ് ലക്ഷ്യം..
കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കായിരുന്നു ബിജെപി ഇവിടെ പരാജയം രുചിച്ചത്. എന്നാൽ ഇക്കുറി മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
അതേസമയം മഞ്ചേശ്വരത്തെന്നല്ല ജില്ലയിൽ ഒരിടത്ത് പോലും ബിജെപിക്ക് നിലംതൊടാനാകില്ലെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മാത്രമല്ല അഞ്ചിൽ നാല് മണ്ഡലങ്ങളും കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങളും മെനയുകയാണ് പാർട്ടി. വിശദാംശങ്ങളിലേക്ക്
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എൽഡിഎഫും യുഡിഎഫും ജില്ലയിൽ കാഴ്ച വെച്ചത്. ബലാബലത്തിനൊടുവിൽ രണ്ട് സീറ്റിൽ യുഡിഎഫും മൂന്ന് സീറ്റിൽ എൽഡിഎഫും ജയിച്ചു. എന്നാൽ വരും തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടാനാകുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
ജില്ലയിൽ കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയ മണ്ഡലം മഞ്ചേശ്വരമായിരുന്നു. ബിജെപിയും മുസ്ലീം ലീഗും നേർക്ക് നേർ പോരാടിയ മണ്ഡലങ്ങളിൽ അവസാന ലാപ്പിൽ ലീഗിന്റെ പിബി അബ്ദുൾ റാസാഖ് ജയിച്ച് കയറി. അതേസമയം വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എൽഡിഎഫ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നേരിയ വ്യത്യാസത്തിലുള്ള പരാജയത്തിനെതിരെ സുരേന്ദ്രൻ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ആവശ്യം.
അതേസമയം ഹർജിയിൽ തിരുമാനമാകുന്നതിന് മുൻപ് തന്നെ റസാഖ് മരിക്കുകയും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും രവീശ തന്ത്രി കുണ്ടാറിനെയായിരുന്നു ബിജെപി മത്സരിച്ചത്. ലീഗിനായ എംസി കമറുദ്ദീനും ഇറങ്ങി. 7923 വോട്ടിന്റെ ഭുരിപക്ഷത്തിൽ കമറുദ്ദീൻ വിജയിച്ച് കയറുകയും ചെയ്തു.
ഇത്തവണ പക്ഷേ മണ്ഡലത്തിൽ ലീഗിന് അനുകൂലമല്ല കാര്യങ്ങൾ. നിക്ഷേപ തട്ടിപ് കേസിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കമറുദ്ദീന് പകരം ശക്തമായ സ്ഥാനാർത്ഥിയെ തേടുകയാണ് ലീഗ്. എന്നാൽ ലീഗിന്റെ കുത്തക തകർത്ത് 2006 ൽ നേടിയ വിജയം മണ്ഡലത്തിൽ ആവർത്തിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ നഷ്ടമായതും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഇവിടെ ഉയർത്തുന്നുണ്ട്. ഇടതുമുന്നണി എക്കാലവും മൂന്നാമത് വരുന്ന യുഡിഎഫ് കോട്ടയായ കാസർഗോഡ് ഐഎൻഎല്ലിലൂടെ രണ്ടാം സ്ഥാനവും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ തവണ മുൻ ഐഎൻഎൽ നേതാവായിരുന്ന എൻഎ നെല്ലിക്കുന്നായിരുന്നു ലീഗിന് വേണ്ടി മണ്ഡലം പിടിച്ചത്. 8607 വോട്ടിനായിരുന്നു വിജയം.
പൊന്നാപുരം കോട്ടയായ ഉദുമയിൽ ഇത്തവണ കണ്ണും പൂട്ടി വിജയിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. 1987 ൽ മാത്രമാണ് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് ജയിച്ച് കയറിയത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ വിട്ട് ഉദുമയിൽ മത്സരിക്കാനെത്തിയ കെ സുധാകകൻ ഇവിടെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു.
അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3832 വോട്ടിന് സുധാകരൻ മണ്ഡലത്തിൽ അടിയറവ് പറഞ്ഞു. സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടികൾക്കായിരുന്നു മണ്ഡലം നിലനിര്‌ത്തിയത്. എന്നാൽ 2011 നേകാക്കാൾ 7548 വോട്ടിന്റെ കുറവാണ് കുഞ്ഞിരാമൻ നേടിയതെന്നത് സിപിഎമ്മിന് ആശങ്കയ്ക്ക് വകനൽകുന്നുണ്ട്.
മറ്റൊരു പൊന്നാരപുരം കോട്ടയായ തൃക്കരിപ്പൂരിലും സിപിഎം ഭരണതുടർച്ച പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞതവണ ഇടത് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച ഭൂരിപക്ഷത്തോടെയായിരുന്നു എം രാജഗോപാല്‍ ഉദുമ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണനെ തോല്‍പ്പിച്ചത്. 16348 വോട്ടിന്റെ ഭൂരിപക്ഷമായിരു്നു സിപിഎം നേടിയത്.
കാഞ്ഞങ്ങാട് സിപിഐയാണ് മത്സരിക്കുന്നത്. ഇവിടെ ഭൂരിപക്ഷം എത്രയെന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളൂവെന്നാണ് നേതൃത്വം പറയുന്നത്. കഴിഞ്ഞ തവണ കാഞ്ഞങ്ങാടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇ ചന്ദ്രശേഖരന്‍ വിജയക്കൊടി പാറിച്ചത്.

No comments