Breaking News

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്..!! ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല..!! സേഫ് സീറ്റ് ഇവര്‍ക്ക്..!!


 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്ത്രം 50 സീറ്റ് കേന്ദ്രീകരിച്ച്. ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുന്നത് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്ന തന്ത്രത്തിനാണ്. അതേസമയം തന്നെ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി പട്ടികയും സമാന്തരമായി പുറത്തുവിട്ടിരിക്കുകയാണ്. ശരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഐ ഗ്രൂപ്പിന് ബലാബലം കുറയുമെന്നാണ് സൂചനയാണ് ലഭിക്കുന്നത്. ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നതിന്റെ ഊര്‍ജത്തിലാണ് എ ഗ്രൂപ്പ്.


കേരളത്തില്‍ ഒറ്റയ്ക്ക് 50 സീറ്റോ അതിന് മുകളിലോ നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഫോര്‍മുലയാണ്. 20 സീറ്റിന് മുകളില്‍ മുസ്ലീം ലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ബാക്കിയുള്ള ചെറുകക്ഷികള്‍ എല്ലാം കൂടി ചേര്‍ന്നാല്‍ നല്ലൊരു സീറ്റ് നിലയിലേക്ക് യുഡിഎഫ് എത്തുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ അന്‍പത് മണ്ഡലങ്ങളെ എ ക്ലാസ് സീറ്റുകളായിട്ടാണ് പരിഗണിക്കുന്നത്. ഈ സീറ്റുകള്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന ഉറപ്പുള്ളവയാണ്. വിജയസാധ്യത 50 ശതമാനത്തിന് മുകളിലുള്ളവയാണ് ഇവ.


എ ഗ്രൂപ്പ് കടുത്ത ആവേശത്തിലാണ്. സമാന്തരമായ ഒരു സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവന്നിട്ടുണ്ട. എ ഗ്രൂപ്പിലെ പ്രമുഖരായ എംഎം ഹസന്‍, കെസി ജോസഫ് തമ്പാനൂര്‍ രവി എന്നിവര്‍ ഇത്തവണ മത്സരിക്കില്ല. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയെന്നും ഇതോടെ വ്യക്തമാണ്. പിസി വിഷ്ണുനാഥും ടി സിദ്ദിഖും അടക്കമുള്ളവര്‍ ജയിക്കുമെന്ന് ഉറപ്പുള്ള എ ക്ലാസ് മണ്ഡലത്തില്‍ തന്നെ മത്സരിക്കും. ഇതോടെ തിരുവമ്പാടിയോ കല്‍പ്പറ്റയോ സിദ്ദിഖിനായി നല്‍കുമെന്നാണ് സൂചന.


എ ഗ്രൂപ്പിലെ കെസി ജോസഫ്, തമ്പാനൂര്‍ രവി, കെ ബാബു, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നത്. 40 സീറ്റുകളിലേക്ക് ഇവര്‍ പട്ടിക കൈമാറും. എ ഗ്രൂപ്പ് നിലവില്‍ യുവനേതാക്കള്‍ക്കാണ് കൂടുതല്‍ അവസരം നല്‍കുക. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എ ഗ്രൂപ്പിന്റെ ചടുല നീക്കങ്ങള്‍ ഐ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയെയും ഞെട്ടിക്കുന്നതാണ്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി അവരും ശ്രമിച്ചേക്കും.


കടുത്ത മത്സരം കാഴ്ച്ചവെച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടത് കോട്ടകളെ സി ക്ലാസിലും ഉള്‍പ്പെടുത്തി. ലീഗിനെ നിയന്ത്രിക്കാന്‍ കൂടിയുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൂട്ടുകക്ഷി ഭരണത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളാണ് ഹൈക്കമാന്‍ഡ് ഉറ്റുനോക്കുന്നത്. ലീഗിനെതിരെയുള്ള ആരോപണം കോണ്‍ഗ്രസിനെയാണ് ബാധിക്കുക എന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ഇത് മറികടക്കാനാണ് 50 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.


രാഹുല്‍ ഗാന്ധിയുടെ സഹായം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കുണ്ടാവും. 2016ല്‍ കോണ്‍ഗ്രസ് ജയിച്ച 26 മണ്ഡലങ്ങള്‍ക്കൊപ്പം 14 മണ്ഡലങ്ങളെ കൂടി ചേര്‍ത്ത് മൊത്തം 50 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പാര്‍ട്ടി പരിഗണിക്കും. രാഹുല്‍ ഈ മണ്ഡലങ്ങളിലേക്ക് ഒരു ദേശീയ നേതാവിനെയും ചുമതലപ്പെടുത്തും. ബി ക്ലാസ് മണ്ഡലങ്ങളില്‍ എഐസിസിയുടെ നിരീക്ഷകനും എത്തും. ഇടതുകോട്ടകളില്‍ പൊതുസമ്മതരെ ഇറക്കിയുള്ള പരീക്ഷണമാണ് കോണ്‍ഗ്രസ് നടത്തുക.


എ ക്ലാസ് മണ്ഡലങ്ങളില്‍ ഗ്രൂപ്പ് സാധ്യതകള്‍ പരിഗണിക്കുകയേയില്ല. പകരം ജയിക്കുന്ന സ്ഥാനാര്‍ത്ഥിയാണോ എന്ന് മാത്രം പരിശോധിക്കും. കഴിഞ്ഞ തവണ മത്സരിച്ചത് കൊണ്ട് ഇത്തവണ അതേ ഗ്രൂപ്പിന് ടിക്കറ്റും നല്‍കില്ല. ഓരോ സീറ്റിലും മൂന്ന് സ്വകാര്യ ഏജന്‍സികള്‍ ആരാണ് വിജയിക്കാന്‍ സാധ്യതയുള്ളവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രാഹുലിന് മുന്നിലുണ്ട്. ഏറ്റവും ശക്തര്‍ തന്നെയാണ് കളത്തിലിറങ്ങുക. മാര്‍ച്ച ആദ്യവാരത്തിന് മുമ്പ് സ്ഥാനാര്‍ത്ഥി പട്ടികയെത്തും. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാവും.


കോട്ടയത്ത് ഭൂരിഭാഗം സീറ്റും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എ ഗ്രൂപ്പിനാണ് ഇവിടെ പ്രാമുഖ്യം ലഭിക്കുക. മോന്‍സ് ജോസഫിന്റെ കടുത്തുരുത്തി, പരേതനായ സിഎഫ് തോമസ് വിജയിച്ച ചങ്ങനാശ്ശേരി, പാലാ ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നത്. നിലവില്‍ കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജും തോമസ് ഉണ്ണിയാടനും അടക്കമുള്ള നേതാക്കള്‍ ജോസഫിനൊപ്പമുണ്ട്. ഇവരൊക്കെ നിരാശരാവേണ്ടി വരും.

No comments