Breaking News

പിണറായിയുടെ ഇടതു കോട്ടയിൽ മുട്ടാൻ യുഡിഎഫിൽ ആര്..!! അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തും.. വമ്പൻ നീക്കങ്ങൾ.. കോൺഗ്രസിന് ആശ്വാസം ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ..

 


കണ്ണൂര്‍: അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ഉജ്വല വിജയം സ്വന്തമാക്കി തുടര്‍ ഭരണമാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം വയ്ക്കുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന പിണറായി വിജയന്‍ ഇത്തവണയും സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് നിന്ന് തന്നെയായിരിക്കും ജനവിധി തേടുക.


പിണറായി മത്സരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പിണറായിക്കെതിരെ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ധര്‍മ്മടത്ത് എതിരാളി ആരെന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.



16 വര്‍ഷത്തെ പാര്‍ട്ടി സെക്രട്ടറി പദവിക്ക് ശേഷം 2016 തിരഞ്ഞെടുപ്പില്‍ പിണറായി മത്സരിക്കുന്നതോടെ ഏറെ രാഷ്ട്രീയ പ്രധാന്യം നേടിയ മണ്ഡലമായിരുന്നു ധര്‍മ്മടം. പിണറായിയുടെ വീടും ധര്‍മടം മണ്ഡലത്തിലാണ്. ഇടതുപക്ഷം ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുളള പിണറായിക്കെതിരെ മത്സരിക്കാന്‍ അന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു.


ആകെ പോള്‍ ചെയ്തതില്‍ 57 ശതമാനത്തോളം വോട്ട് നേടിയാണ് ധര്‍മ്മടത്ത് പിണറായി വിജയിച്ചത്. പിണറായിക്ക് 87329 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ മമ്പറം ദിവാകരന് 50424 വോട്ട് ലഭിച്ചു. പിണറായിയുടെ ഭൂരിപക്ഷം 36905 വോട്ട്. ഇത്തവണയും മണ്ഡലത്തില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കാത്തതിലുളള അതൃപ്തിയും മമ്പറം ദിവാകരന്‍ പരസ്യമാക്കി. ജില്ലയിലെ ചില നേതാക്കളുടെ സമീപനത്തെ കുറിച്ചും മമ്പറം ദിവാകരന്‍ വ്യക്തമാക്കിയിരുന്നു.


ഇതോടെ ധര്‍മ്മടത്തിന് യുഡിഎഫിന് വേണ്ടി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. സിപിഎമ്മിന്റെ കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷ ഒരു എതിരാളികള്‍ പോലും കരുതുന്നില്ല. എന്നാല്‍ മികച്ച സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചാല്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.


സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇത്തവണ മണ്ഡലത്തില്‍ നിയോഗിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ഒട്ടേറെ നേതാക്കളുടെ പേര് ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഒപ്പം ജില്ലയിലെ ചില പ്രാദേശിക നേതാക്കളുടെ പേരും പരിഗണനയിലുണ്ട്.


ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, എഐസിസി മാധ്യമവക്താവ് ഡോ ഷമ മുഹമ്മദ്, ഐഎന്‍ടിയുസി നേതാവ് സി രഘുനാഥ്, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വിപി അബ്ദുള്‍ റഷീദ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് ഇപ്പോള്‍ പട്ടിയില്‍ നിറയുന്നത്.


മലയാളി ആണെങ്കിലും ദീര്‍ഘകാലത്തോളമായി ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് ഡോ ഷമ മുഹമ്മദ്. മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതെടെയാണ് ഷമ മുഹമ്മദ് പാര്‍ട്ടി മുന്‍ നിരയിലേക്ക് എത്തുന്നത്. ഇത്തവണ ധര്‍മ്മടത്ത് മത്സരിക്കാന്‍ ഷമയെ പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


പിണറായിക്ക് എതിരെ ഷമയെ മത്സരിപ്പിക്കാന്‍ എഐസിസി താല്‍പര്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ ചുമതലയുളള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ധര്‍മ്മടത്ത് ഷമയെ ഇറക്കാന്‍ കരുക്കള്‍ നീക്കുന്നതെന്നും സൂചനയുണ്ട്. പൂനെയില്‍ താമസിക്കുന്ന ഷമ ഇതോടെ കേരളത്തിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

No comments