രാജസ്ഥാനിൽ ബിജെപിയെ മറികടന്ന് കോൺഗ്രസ്: ഭൂരിപക്ഷം നഗരസഭകളിലും ഭരണം പിടിച്ച് കോൺഗ്രസ്.. നേടിയത് വൻ..
ജയ്പൂർ: രാജസ്ഥാനിലെ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആധിപത്യമുറപ്പിച്ച് കോൺഗ്രസ്. 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിലും ഭരണം പിടിച്ചത് കോൺഗ്രസാണ്. 19 നഗരസഭകളിലും ഒറ്റയ്ക്കാണ് കോൺഗ്രസ് അധികാരമുറപ്പിച്ചത്. എന്നാൽ മറ്റിടങ്ങളിൽ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയം ഉറപ്പിച്ചത്. അതേ സമയം രണ്ട് നഗരസഭകളിൽ കോൺഗ്രസ് പിന്തുണയോടെ സ്വന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്.
24 നഗരസഭകളിൽ ബിജെപി ഒറ്റയ്ക്കാണ് ഭരണം പിടിച്ചതെങ്കിലും 37 ഇടങ്ങളിലാണ് വിജയിക്കാൻ കഴിഞ്ഞത്. തിരഞ്ഞെടുപ്പിന് മുമ്പ് 90 നഗരസഭകളിൽ 60 എണ്ണത്തിനും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. സംസ്ഥാനത്തെ 20 ജില്ലകളിലായി 80 മുനിസിപ്പിലാറ്റികൾ, ഒമ്പത് മുനിസിപ്പാലിറ്റികൾ, ഒമ്പത് മുനിസിപ്പൽ കൌൺസിലുകൾ, ഒരു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് ജനുവരി 28ന് തിരഞ്ഞെടുപ്പ് നടന്നത്
ആകെയുള്ള 3095 വാർഡുകളിൽ 1197 വാർഡുകളിലും കോൺഗ്രസ് വിജയിച്ചത്. 1140 സീറ്റുകളിൽ ബിജെപിയും വിജയിച്ചിരുന്നു. 634 സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഭരണം നേടുന്നതിൽ സ്വതന്ത്രരുടെ പങ്കും നിർണ്ണായകമായിത്തീർന്നിരുന്നു. ജനുവരി 31ന് ഫലം പുറത്തുവന്ന നഗരസഭകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്.
50 നഗരസഭകളിലെങ്കിലും തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസ് ഉന്നയിച്ചിരുന്ന അവകാശവാദം. ഡിസംബറിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ സ്വതന്ത്രരും ചെറുകക്ഷികളും പിന്തുണച്ചതോടെ കൂടുതൽ സ്ഥലങ്ങളിൽ കോൺഗ്രസിന് അധികാരം പിടിക്കാൻ സാധിച്ചിരുന്നു. 45 നഗരസഭകളിൽ 33 ഇടങ്ങളിലും ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിനായിരുന്നു. 10 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് വിജയം നേടാൻ കഴിഞ്ഞത്.

No comments