Breaking News

ഷോണ്‍ ജോര്‍ജ് പാലായിലേക്ക്; ബിഎസ്പിയുമായി ചേര്‍ന്ന് നാലാം മുന്നണി സജീവമാക്കാന്‍ പിസി ജോര്‍ജ്ജ്..


 കോട്ടയം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും വെല്ലുവിളിച്ച് പൂഞ്ഞാറില്‍ നിന്നും ഒറ്റക്ക് മത്സരിച്ച് വിജയിച്ച വ്യക്തിയാണ് പിസി ജോര്‍ജ്. നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച പിസി ജോര്‍ജ് ഇടക്കാലത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നെങ്കിലും അധികം വൈകാതെ ആ കൂട്ട് കെട്ട് അവസാനിപ്പിക്കുകയും ചെയ്തു. പിന്നീടാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി യുഡിഎഫില്‍ ചേക്കാറാനുള്ള നീക്കം പിസി ജോര്‍ജ് ശക്തമാക്കിയത്. എന്നാല്‍ അത് നടക്കില്ലെന്ന് ഉറപ്പായതോടെ തന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തിന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നണി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് പിസി ജോര്‍ജ്.


ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയത് കോട്ടയം ജില്ലയില്‍ വലിയ പ്രതിസന്ധിയാണ് യുഡിഎഫില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് എക്കാലത്തും കൂടെ നിന്നിരുന്ന ജില്ലയിലെ മേധാവിത്വം തുടരാനായി പിസി ജോര്‍ജ് അടക്കമുള്ള നേതാക്കളെ മുന്നണിയിലേക്ക് എത്തിക്കുക എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്നത്.


പൂഞ്ഞാറിലേയും പാലാ മണ്ഡലത്തിലും പിസി ജോര്‍ജിന് സ്വാധീനം ഉള്ളതാണ് കോണ്‍ഗ്രസിനെ അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. യുഡിഎഫ് പ്രവേശനത്തിനുള്ള ആഗ്രഹം പിസി ജോര്‍ജും പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും യുഡിഎഫ് പ്രാദേശിക ഘടകത്തില്‍ നിന്നും വലിയ എതിര്‍പ്പായിരുന്നു പിസി ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നത്.


കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാന കാലയളവില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകം ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ ഒറ്റക്കെട്ടായി പിസി ജോര്‍ജിനെതിരെ അണിനിരന്നു. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.


മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മുസ്ലിം ലീഗും പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണ തൃപ്തരായിരുന്നില്ല. പിസി ജോര്‍ജിന്‍റെ മുന്നണി പ്രവേശനത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അനുകൂല നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും എ ഗ്രൂപ്പ് നിലപാട് മയപ്പെടുത്തിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണ്.


തന്‍റെ യുഡിഎഫ് പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചത്. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും തന്‍റെ മുന്നണി പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും എ ഗ്രൂപ്പ് എതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്‍റെ കാരണം എന്താണെന്ന് അറിയാമെന്നും പിസി ജോര്‍ജ് പറയുന്നു.


ഉമ്മന്‍ചാണ്ടി തന്നെ എതിര്‍ക്കാനുള്ള കാരണം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരേയും അറിയിക്കും. ഇപ്പോള്‍ അതിന് സമയം ആയിട്ടില്ല. എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടിയേക്കും. ഇടതുമുന്നണിയുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അവര്‍ വാതില്‍ തുറന്നിട്ട് തന്നെ വിളിച്ചാൽ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും പിസി ജോർജ് പറഞ്ഞു.


ഒരു മുന്നണിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയതോടെ തന്‍റെ നേതൃത്വത്തിലുള്ള നാലാം മുന്നണിയെന്ന സ്വപ്നം പൊടിതട്ടിയെടുക്കാനുള്ള നീക്കത്തിലാണ് പിസി ജോര്‍ജ്. തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി തന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്ന നടപടികള്‍ക്ക് പിസി ജോര്‍ജ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു.


പുതിയ മുന്നണിയുടെ പ്രഖ്യാപനമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പും യുഡിഎഫ് പ്രവേശന ചര്‍ച്ചകളും വന്നത്. ഡിഎച്ച്ആര്‍എം, ബിഎസ്പി ഉള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ പുതിയ കൂട്ടായ്മയിലുണ്ടെന്നും പുതിയ മുന്നണിയെ പറ്റിയുള്ള വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ഒഗസ്റ്റില്‍ പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.


പുതിയ സാഹചര്യത്തില്‍ ബിഎസ്പി അടക്കമുള്ളവരെ ഒപ്പം നിര്‍ത്തിയുള്ള നാലാം മുന്നണി രൂപീകരണത്തിന് തന്നെയാണ് പിസി ജോര്‍ജിന്‍റെ ശ്രമം. മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.


വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകുമെന്നും കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പാര്‍ട്ടിയായ ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമ്പോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ മത്സരിപ്പിക്കാനാണ് നീക്കം. പൂഞ്ഞാറില്‍ മത്സരിക്കുമെന്നും ഒറ്റയ്ക്ക് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിസി ജോര്‍ജ് പുതിയ മുന്നണിയുമായി രംഗത്ത് വരുമ്പോള്‍ കോട്ടയത്തെ ഏതാനും മണ്ഡലത്തിലെങ്കിലും ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്.


പൂഞ്ഞാര്‍ സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. പിസി ജോര്‍ജ് തനിച്ച് മത്സരിക്കുകയാണെങ്കില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസ് എം നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് എല്‍ഡിഎഫ് പുഞ്ഞാറിലേക്ക് പരിഗണിക്കുന്നത്.


എന്നാല്‍ ത്രികോണ മത്സരം നടന്നാല്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് മുന്നണി മാറിയതോടെ പൂഞ്ഞാറിന്‍റെ രാഷ്ട്രീയ ഗതിയും മാറിയെന്നും ഇടത് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഷോണ്‍ ജോര്‍ജ് പാലായിലേക്ക് മത്സരിക്കാന്‍ എത്തുമ്പോള്‍ ആരുടെ വോട്ടാവും ചോര്‍ത്തുക എന്നതും കണ്ടറിയേണ്ടത്. കോട്ടയത്തെ ചങ്ങനാശ്ശേരി, പുതുപ്പള്ളി സീറ്റുകളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം മത്സരിച്ചേക്കും

No comments