Breaking News

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും ; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക..!! കുത്തക സീറ്റ് പിടിച്ചെടുക്കാൻ മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്..


 തൃശൂര്‍: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയ ജില്ലയാണ് തൃശൂര്‍. 13ല്‍ ഒരു സീറ്റില്‍ മാത്രമാണ് അന്ന് യുഡിഎഫിന് ജയിക്കാനായത്. 9 സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കുന്ന ജില്ലയില്‍ ശക്തമായ ഒരുക്കം നടത്തിയാല്‍ മാത്രമേ ഇക്കുറി വിജയിക്കാന്‍ സാധിക്കു എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളില്‍ സിപിഎമ്മിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ തൃശൂര്‍ മണ്ഡലത്തില്‍ സുനില്‍കുമാര്‍ തന്നെ വേണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. പിജെ ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഒട്ടേറെ പേര്‍ അടുത്തിടെ ജോസ് പക്ഷത്ത് ചേര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുക്കാം എന്ന ചര്‍ച്ചയും ഇടതുക്യാമ്പിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്...


സിറ്റിങ് എംഎല്‍എ വിഎസ് സുനില്‍കുമാര്‍ തന്നെ മല്‍സരിക്കണമെന്നാണ് സിപിഎമ്മിലെ ആവശ്യം. സുനില്‍ കുമാറിനെ മാറ്റിയാല്‍ ഒരു പക്ഷേ മണ്ഡലം നഷ്ടമായേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ സിപിഐ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രണ്ടില്‍ കൂടുതല്‍ തവണ മല്‍സരിക്കേണ്ടെന്ന ചട്ടം സുനില്‍ കുമാറിന് വേണ്ടി മാറ്റിയേക്കും.


താന്‍ ഇനി മല്‍സരിക്കാനില്ല എന്നാണ് സുനില്‍ കുമാര്‍ അടുത്തിടെ പറഞ്ഞത്. യുവാക്കള്‍ വരട്ടെ എന്നും അദ്ദേഹം പറയുന്നു. പക്ഷേ, സിപിഐയുടെ ഈ ശക്തനായ നേതാവിന് മാത്രമേ തൃശൂര്‍ മണ്ഡലം ഇടതുക്യാമ്പില്‍ നിലനിര്‍ത്താന്‍ പറ്റൂ എന്ന് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. തുടര്‍ന്നാണ് സുനില്‍ കുമാര്‍ മതി എന്ന ചര്‍ച്ചകള്‍.


അതേസമയം, ഇടതുക്യാമ്പില്‍ മറ്റു ചില അഭിപ്രായങ്ങളും ഉയരുന്നുണ്ട്. തൃശൂല്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാമെന്നാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ പറയുന്നത്. ക്രൈസ്തവ സഭാ സ്വാധീനം അതുവഴി അനുകൂലമാക്കാമെന്നും ഇടതുപക്ഷം കരുതുന്നു. എന്നാല്‍ ഈ വാദത്തിന് പിന്തുണ ലഭിച്ചിട്ടില്ല.


തൃശൂര്‍ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ ഇറക്കേണ്ട എന്നാണ് കോണ്‍ഗ്രസിലെ നിലപാട്. പത്മജ വേണുഗോപാലിന് തന്നെയാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ തവണ ഏഴായിരത്തോളം വോട്ടിനാണ് പത്മജ തോറ്റത്. ഗ്രൂപ്പ് പോര് മാറ്റി നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടലിലാണ് വലതു ക്യാമ്പ്.


കോണ്‍ഗ്രസിലെ ഗ്രൂപ്പ് നോക്കുമ്പോള്‍ ഐ ഗ്രൂപ്പിനാണ് തൃശൂര്‍ കിട്ടേണ്ടത്. സാമുദായിക പരിഗണനയിലും പത്മജ തന്നെയാണ് ചര്‍ച്ചയില്‍ വരുന്നത്. അതേസമയം, ഡിസിസി അധ്യക്ഷന്‍ എംപി വിന്‍സെന്റിനെ പരീക്ഷിക്കാമെന്ന ചര്‍ച്ചയും വരുന്നു. അതിരൂപതയുടെ പിന്തുണ വിന്‍സെന്റിന് ലഭിക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു.


യുഡിഎഫ് ക്യാമ്പില്‍ ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് മല്‍സരിക്കാറ്. കുന്നംകുളത്ത് സിഎംപിയും കയ്പമംഗലത്ത് ആര്‍എസ്പിയും ഗുരുവായൂരില്‍ മുസ്ലിം ലീഗും ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസുമാണ് മല്‍സരിക്കാറ്. കയ്പമംഗലം വേണ്ട എന്ന് ആര്‍എസ്പിയും കുന്നംകുളം വേണ്ട എന്ന് സിഎംപിയും പറഞ്ഞിട്ടുണ്ട്. ഗുരുവായൂരും പൊന്നാനിയും വച്ചുമാറുന്ന ചര്‍ച്ച മുസ്ലിം ലീഗും നടത്തുന്നു.


ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ജില്ലയിലാണ് തൃശൂര്‍. തിരുവനന്തപുരത്ത് മല്‍സരിക്കാത്ത സുരേഷ് ഗോപി വീണ്ടും തൃശൂരിലെത്തുമെന്ന് ശ്രുതിയുണ്ട്. അതേസമയം, അദ്ദേഹം മല്‍സരിക്കില്ലെന്നും തൃശൂരില്‍ പ്രചാരണ രംഗത്ത് സജീവമാകുമെന്നുമാണ് ചില ബിജെപി നേതാക്കളുടെ പ്രതികരണം. ശക്തമായ മല്‍സരം കാഴ്ചവെക്കാനാണ് ബിജെപിയുടെയും ശ്രമം. തൃശൂര്‍ മണ്ഡലത്തില്‍ ബി ഗോപാലകൃഷ്ണനോ സന്ദീപ് വാര്യരോ മല്‍സരിക്കുമെന്നാണ് സൂചന.

No comments