Breaking News

ജെഡിഎസ് നേരിടാന്‍ പോവുന്നത് വന്‍ തിരിച്ചടി: കോവളം, അങ്കമാലി സീറ്റുകള്‍ സിപിഎം ഏറ്റെടുത്തേക്കും.. പിളർപ്പും ലയനവും തിരിച്ചടി..

 


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലയിച്ച് ഒരു പാര്‍ട്ടിയാവുക എന്ന നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജെഡിഎസിനും എല്‍ജെഡിക്കും മുന്നില്‍ സിപിഎം വെച്ചിരുന്നു. ലയനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയും എല്‍ജെഡി നല്‍കുന്നു. ജെഡിഎസിലെ ഒരു വിഭാഗത്ത് അടര്‍ത്തി എടുക്കാനാണ് തങ്ങളുടെ ശ്രമം എന്നാണ് അവര്‍ പരസ്യമായി വ്യക്തമാക്കിയത്. ഇതിനിടയിലാണ് ജെഡിഎസിനെ കൂടുതല്‍ ക്ഷീണിപ്പിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ് ഉണ്ടായിരിക്കുന്നത്.


പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പും എല്‍ജെഡിയിലേക്കുള്ള നേതാക്കളുടേയും അണികളുടേയും കൊഴിഞ്ഞ് പോക്കുമാണ് ജെഡിഎസിനെ ആശങ്കയിലാഴ്ത്തുന്നത്. ദേശീയ നേതാക്കളായ എച്ച് ഡി ദേവഗൗഡയും മകന്‍ കുമാരസ്വാമിയും കര്‍ണാടകയില്‍ പ്രത്യക്ഷമായി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതും കേരളത്തിലെ നേതാക്കളെ പ്രതിസന്ധിയിലാക്കുന്നു.


നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ജെഡിയും ജെഡിഎസും തമ്മില്‍ ലയിക്കുക എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സിപിഎം ആണ്. എന്നാല്‍ ലയനാ സാധ്യതയ മാത്യു ടി തോമസിന്‍റെ നേതൃത്വത്തില്‍ ഉള്ള ജെഡിഎസ് തള്ളിയതും എല്‍ഡിഎഫിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വീരേന്ദ്ര കുമാറും കൂട്ടരും എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തുകയും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ കക്ഷിയാവുകയും ചെയ്തതോടെ മുന്നണിയില്‍ തങ്ങള്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്ന പരാതി ജെഡിഎസിനും ഉണ്ട്.


ഇതിനിടയിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫിലേക്ക് പോയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം യുഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത്. വടകര എംഎല്‍എയും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സികെ നാണുവിന്‍റെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന് ജോര്‍ജ് തോമസ് അവകാശപ്പെട്ടെങ്കിലും ഈ നീക്കത്തില്‍ നിന്നും നാണു വിട്ടുനിന്നത് ജെഡിഎസിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു.


ജെഡിഎസില്‍ നിന്നും നേതാക്കളേയും പ്രവര്‍ത്തകരേയും റാഞ്ചുന്ന നീക്കത്തിന് എല്‍ജെഡിയും അടുത്തിടെ ശ്രമം തുടങ്ങിയിട്ടുണ്ട്. ജെഡിഎസുമായി ലയനമല്ല, അവരെ പിളര്‍ത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനാണ്. മുന്നണി മരാദ്യ കാണിക്കാന്‍ എല്‍ജെഡി തയ്യാറാവണം എന്നായിരുന്നു ഇതിനെതിരേയുള്ള ജെഡിഎസ് നേതാവ് കെപി ലോഹ്യയുടെ പ്രതികരണം.


യുവജനതാദള്‍ മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് അനു ആനന്ദ്, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ട് ബോര്‍ഡ് അംഗവുമായ പ്രഫ. ഗോവിന്ദന്‍കുട്ടി കാരണവരും ജെഡിഎസില്‍ നിന്നും എല്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. വടകരയില്‍ നിന്നും സംസ്ഥാന നിര്‍വാഹക സമിതിയംഗം എടയത്ത് ശ്രീധരനും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരും ജെഡിഎസ് വിട്ട് എല്‍ജെഡിയിലേക്ക് മാറി.


യുവജനതാദള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു മൈക്കിള്‍ സിപിഐയിലും ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന എസ് ചന്ദ്രകുമാര്‍, അഡ്വ. മാത്യു ജോണ്‍ എന്നിവരും എല്‍ജെഡിയിലേക്ക് പോകുമെന്നാണ് സൂചന. നേതാക്കളും അണികളും ഇത്തരത്തില്‍ വലിയ തോതില്‍ കൊഴിഞ്ഞ് പോകുന്നതും ഇടതുമുന്നണിയിലും ജെഡിഎസിന് വലിയ തിരിച്ചടിയുണ്ടായേക്കും.


വടകര, ചിറ്റൂര്‍, തിരുവല്ല, കോവളം, അങ്കമാലി സീറ്റുകളിലാണ് എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ചത്. ഇതില്‍ വടകര, ചിറ്റൂര്‍, തിരുവല്ല സീറ്റുകളില്‍ വിജയിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പും മുന്നണിയിലേക്ക് അധികമായി നേതാക്കള്‍ വന്നതും ചൂണ്ടിക്കാട്ടി ഇനി മത്സരിക്കാന്‍ ചിറ്റൂര്‍, തിരുവല്ല, കോവളം സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയുവെന്നാണ് സിപിഎം നിലപാട്. ഇത് ദള്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.


സികെ നാണു വിജയിച്ച വടകര എല്‍ജെഡിക്ക് വിട്ടുകൊടുക്കാനാണ് സിപിഎം. ഇതിനെതിരെ ജെഡിഎസില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയരുന്നത്. എന്നാല്‍ മണ്ഡലത്തിലെ ശക്തര്‍ എല്‍ജെഡി ആയതിനാല്‍ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാനാണ് സിപിഎമ്മിനും താല്‍പാര്യം. കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടിയാണ് അങ്കമാലി സീറ്റ് സിപിഎം ജെഡിഎസില്‍ നിന്നും ഏറ്റെടുക്കുന്നത്.


സംസ്ഥാനത്തെ പലയിടത്ത് നിന്നും ജെഡിഎസ് പ്രവര്‍ത്തകരെ സ്വന്തം പാളയത്തില്‍ എത്തിക്കാനായി പ്രത്യേക കര്‍മ്മപദ്ധതിക്ക് തന്നെ എല്‍ജെഡി നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. കര്‍ണാടക പാര്‍ട്ടിഘടകം ബിജെപി പാളയത്തിലെത്തുന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് ജെഡിഎസില്‍ നിന്നും പ്രവര്‍ത്തകരെ എല്‍ജെഡി തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ അസ്വാരസ്യങ്ങളും ഇതിനിടയില്‍ ജെഡിഎസിനെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു.


സികെ നാണു പ്രസിഡന്‍റായ ജെഡിഎസ് സംസ്ഥാന സമിതിയെ ദേശീയ ഘടകം പിരിച്ച് വിടുന്നത് അടുത്തിടെയാണ്. ഇതോടെ മാത്യു ടി തോമസ് പ്രസിഡന്‍റായ ഏഴംഗ സംസ്ഥാന ഭാരവാഹികള്‍ മാത്രമാണ് സംസ്ഥാന കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഘടകള്‍ നിര്‍ജീമാണ്. സംസ്ഥാന മന്ത്രിസഭയില്‍ ​അംഗത്വം ലഭിച്ചിട്ടും കെ കൃഷ്ണന്‍കുട്ടിക്ക് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനവും ശക്തമാണ്.

No comments