ചെന്നിത്തല വാക്ക് മാറ്റി.. വർക്കിംഗ് പ്രസിഡന്റിനോട് മാപ്പ് പറയണമെന്ന് പറയാൻ ഷാനിമോൾ ആരാണ്.. ഒറ്റപ്പെടുത്തി.. ഗൂഡ നീക്കം.. തുറന്നടിച്ച് സുധാകരൻ..
മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍. ഹൈക്കമാന്‍ഡിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കടുത്ത നിലപാടുമായി കെ സുധാകരന്‍ രംഗത്ത് വന്നു. നേരത്തെ സുധാകരന്റെ പരാമര്‍ശത്തെ ചെന്നിത്തലയും ഹൈക്കമാന്‍ഡും തള്ളിയിരുന്നു. താരിഖ് അന്‍വറിനെ ആരോ നിയന്ത്രിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വാക്ക് മാറ്റിയെന്ന് സുധാകരന്‍ ആരോപിച്ചു. താന്‍ കെപിസിസി പ്രസിഡന്റാവുന്നു എന്ന സൂചനയുണ്ട്. അതിനെതിരെ പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന നീക്കമാണ് വിവാദത്തിന് പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര നടക്കുമ്പോള്‍ തന്നെയാണ് ഇത്ര വലിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് ചെന്നിത്തല നടത്തിയ പരാമര്‍ശം. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തന്റെ പരാമര്‍ശം തെറ്റല്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം വിലക്ക് മാറ്റി. പ്രസംഗിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് സംശയകരമാണ്. സിപിഎം അല്ല ഇതിന് പിന്നിലുള്ളത്. ആര്‍ക്കും വേണ്ടി തന്റെ ശൈലി മാറ്റാന്‍ പോകുന്നില്ലെന്നും സുധാകരന്‍ തുറന്നടിച്ചു.
താന്‍ കെപിസിസി പ്രസിഡന്റാവാതിരിക്കാന്‍ ഉണ്ടാക്കിയതാണ് ഈ വിവാദം. തൊഴിലിനെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. ഷാനിമോല്‍ ഉസ്മാന്‍ ഈ പരാമര്‍ശമൊക്കെ പിന്‍വലിക്കാന്‍ പറയാന്‍ ആരാണ്? അവര്‍ കെപിസിസി പ്രസിഡന്റാണോ? തൊഴിലിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ജാതിയല്ല. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയുടെ കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുക. പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ഞാനും ഒരു ജാതിയാണ്. ഞാന്‍ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല. ഈഴവനാണെന്നും സുധാകരന്‍ പറഞ്ഞു.
താഴ്ന്ന സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ഭാട ജീവിതം നയിക്കുന്നത് എങ്ങനെയാണെന്നും സുധാകരന്‍ ചോദിച്ചു. കാഴ്ച്ചപ്പാട് മാറുന്നത് സഖാക്കള്‍ മനസ്സിലാക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇന്നലെ തെറ്റില്ലെന്ന് പറഞ്ഞതാണ്. ഇന്നത് മാറ്റി പറയുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം സുധാകരന്റെ പരാമര്‍ശം പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കത്തിന്റെ പരിധി കോണ്‍ഗ്രസ് നേതാക്കള്‍ ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

No comments