Breaking News

കൊല്ലത്ത് കോണ്‍ഗ്രസിന് ഇത്തവണ നേടണം..!! എംഎല്‍എമാരില്ലാത്ത ജില്ല..!! പ്രതീക്ഷ ബിന്ദു കൃഷ്ണയില്‍.. ഒപ്പം ആർഎസ്പിയും..

 


കൊല്ലം: കോണ്‍ഗ്രസ് ഇത്തവണ കൊല്ലം പിടിക്കണമെന്ന വാശിയിലാണ്. കാരണം വേറൊന്നുമല്ല, അവര്‍ക്ക് ജില്ലയില്‍ നിന്ന് എംഎല്‍എമാരില്ല. അധികാരത്തിലെത്തണമെങ്കില്‍ കൊല്ലം പിടിക്കണമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ജില്ലയാണ് കൊല്ലം. ഇത്തവണ ഒന്നിലധികം സീറ്റ് ഘടകകക്ഷികള്‍ നേടുമെന്ന് ഉറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം ഇപ്പോഴും ഉറപ്പില്ല. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് ഉണ്ടാവുമെന്നാണ് സൂചന. ആരൊക്കെയാവും എന്ന് കോണ്‍ഗ്രസ് തീരുമാനിച്ച് വരികയാണ്.


കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ മത്സരിക്കാനാണ് സാധ്യത. എന്നാല്‍ വിജയസാധ്യതയുടെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അവര്‍ക്കെതിരെ നേതാക്കള്‍ തന്നെ രംഗത്തുണ്ട്. അതുകൊണ്ട് വിഭാതയ്ക്കുള്ള ശക്തമായ സാധ്യതയും മുന്നിലുണ്ട്. പതിനൊന്ന് സീറ്റാണ് കൊല്ലത്തുള്ളത്. സിപിഎമ്മും സിപിഐയും നാല് സീറ്റുകളില്‍ വീതമാണ് ജയിച്ചത്. പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബി ജയിച്ചു. ഗണേഷ് കുമാറിനായിരുന്നു ജയം. കുന്നത്തൂരില്‍ ആര്‍എസ്പി ലെനിനിസ്റ്റും ചവറില്‍ എന്‍ വിജയന്‍ പിള്ളയിലൂടെ സിഎംപിയും നേടി. നോക്കുമ്പോള്‍ യുഡിഎഫിന് ഇവിടെ ഒരു സീറ്റ് പോലുമില്ല. വലിയ നാണക്കേടാണിത്.


മികച്ച നേതാക്കള്‍ കൊല്ലം ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിനുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ മൂന്ന് ഡസനിനടുത്ത് കെപിസിസി ഭാരവാഹികള്‍ കൊല്ലത്ത് നിന്നാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ടോളമായി കോണ്‍ഗ്രസ് ഏതെങ്കിലുമൊരു സീറ്റില്‍ ജയിച്ചിട്ട്. ഇത്രയും കാലം ഘടകകക്ഷികളെ ആശ്രയിച്ചാണ് നിലനിന്നത്. ഇടതുമുന്നണിയില്‍ ചവറ ഒഴിച്ചുള്ള മറ്റ് പത്ത് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ മത്സരിച്ച കക്ഷികള്‍ തന്നെയാണ് കളത്തില്‍ ഇറങ്ങുക. യുഡിഎഫില്‍ കോണ്‍ഗ്രസിന് ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് കൊല്ലത്ത് വിട്ടുകൊടുക്കേണ്ടി വരും.


കൊല്ലത്ത് ആര്‍എസ്പിയും വലിയ വിലപേശലാണ് നടത്തുന്നത്. അധികമായി ഒരു സീറ്റാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം ബിജെപിക്ക് വലിയ പ്രതീക്ഷ ഇവിടെയില്ല. ചാത്തന്നൂര്‍ മാത്രമാണ് നേരിയ പ്രതീക്ഷയുള്ള മണ്ഡലം. അതേസമയം ചവറയില്‍ ഇത്തവണ മക്കള്‍ പോര് കാണാനാവുമെന്നാണ് സൂചന. ആര്‍എസ്പിയില്‍ ഷിബു ബേബി ജോണ്‍ തന്നെ മത്സരിക്കും. വിജയന്‍ പിള്ളയുടെ മകന്‍ ഡോക്ടര്‍ സുജിത്ത് ഷിബുവിനെ എതിരിടാനുണ്ടാവും. ഷിബുവിന് ചവറയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ പിന്തുണയും ഷിബു നേടുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങളിലെല്ലാം മുന്നില്‍ നിന്ന് പരിഹാരം കണ്ടത് ഷിബുവാണ്. നേരത്തെ ഗണേഷ് കുമാറുമായുള്ള പ്രശ്‌നവും ഷിബു ഏറ്റെടുത്തിരുന്നു.


തെക്കിന്റെ വല്യേട്ടന്‍ വിശേഷണവും ഷിബുവിന് കോണ്‍ഗ്രസുകാര്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനം കൊണ്ട് ഷിബുവിന് പക്ഷേ വല്യ കാര്യം ഉണ്ടെന്ന് പറയാനാവില്ല. അതേസമയം വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് ജനകീയ ഡോക്ടര്‍ എന്ന വിശേഷണത്തിലാണ് മണ്ഡലത്തില്‍ സജീവമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ മുന്നില്‍ തന്നെ സുജിത്തുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ട്. സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട് സിപിഎം.

No comments