തിരുവമ്പാടി പിടിക്കാന്‍ സിപി ജോണ്‍ മലബാറിലേക്ക് വരുന്നു..?? ഉറച്ച പിന്തുണയുമായി ലീഗും കോണ്‍ഗ്രസും..
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുള്ള ഒരു സീറ്റ് ഉള്‍പ്പടെ മൂന്ന് സീറ്റുകളാണ് യുഡിഎഫിനോട് സിഎംപി ആവശ്യപ്പെട്ടിരിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നെന്മാറ, നാട്ടീക എന്നീ മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും ഒരിടത്തും വിജയിക്കാന്‍ സിഎംപിക്ക് സാധിച്ചിരുന്നില്ല. പിന്നാലെ പാര്‍ട്ടി പിളര്‍ന്ന് അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക് പോയതും കൂടിയായതോടെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമായിരുന്നു സിഎംപിക്ക് യുഡിഎഫ് നല്‍കിയത്. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റില്‍ കുറഞ്ഞുള്ള യാതൊരു ഒത്ത് തീര്‍പ്പിനും തയ്യറല്ലെന്നാണ് സിഎംപി നിലപാട്.
കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ രണ്ട് സീറ്റുകള്‍ തങ്ങള്‍ക്ക് അധികമായി നല്‍കുന്നതിന് ബുദ്ധി മുട്ടില്ലെന്നാണ് സിഎംപി ചൂണ്ടിക്കാട്ടുന്നത്. വിജയം ഉറപ്പുള്ള ഒരു സീറ്റ് സിഎംപി ചോദിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ സിപി ജോണിന് വേണ്ടിയാണ്. കഴിഞ്ഞ രണ്ട് തവണയും കുന്നംകുളത്ത് മത്സരിച്ച തോറ്റ സിപി ജോണ്‍ ഇത്തവണ അവിടെ മത്സരിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
2011 ല്‍ ബാബു എം പാലിശ്ശേരിയോടും 2016 ല്‍ എസി മൊയ്തീനോടുമായിരുന്നു മണ്ഡലത്തില്‍ സിപി ജോണ്‍ തോറ്റത്. 2011 ല്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞ സിപി ജോണ്‍ 481 വോട്ടിന് മാത്രമായിരുന്നു അത്തവണ പരാജയപ്പെട്ടത്. എന്നാല്‍ 2016 ല്‍ എസി മൊയ്തീന്‍ സിപിഎം ഭൂരിപക്ഷം ഏഴായിരത്തിന് മുകളിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാവട്ടെ മണ്ഡലത്തിലെ ഇടത് ഭൂരിപക്ഷം പതിനെട്ടായിരത്തിന് മുകളിലാണ്.
ഇതോടെയാണ് വിജയം ഉറപ്പായ ഒരു മണ്ഡലം സിപി ജോണിനായി വേണമെന്ന ആവശ്യം സിഎംപി ശക്തമാക്കിയത്. കുന്നംകുളത്ത് ഇത്തവണ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സിപി ജോണും തയ്യാറായിട്ടില്ല. ഞാനിപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്റെ ദൗത്യം സിഎംപിയെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയാക്കുക എന്നുളളതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
എംഎല്‍എ ആകുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള മാര്‍ഗങ്ങളിലൊന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ ദൗത്യം ജനറല്‍ സെക്രട്ടറിയുടെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു രാജ്യസഭാ സീറ്റ് മൂന്ന് നിയമസഭാ സീറ്റ് അതാണ് അന്ന് യുഡിഎഫ് നേതൃത്വത്തോട് ചോദിച്ചത്. ഇക്കാര്യത്തില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും സിപി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം, തിരുവനന്തപുരം അല്ലെങ്കില്‍ മലബാറിലെ ഏതെങ്കിലും വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണ് സിപി ജോണിനായി സിഎംപി ലക്ഷ്യം വെച്ചിരുന്നത്. ജോണിന്റെ സാന്നിധ്യം നിയമസഭയില്‍ ഉണ്ടാവണമെന്ന ആഗ്രഹം യുഡിഎഫ് നേതാക്കള്‍ക്കെല്ലാമുണ്ട്. സിപി ജോണിന്‍റെ കാര്യത്തില്‍ മുസ്ലിം ലീഗിനും പ്രത്യേക താല്‍പര്യം ഉണ്ട്. മലബാറിലെ ഏതെങ്കിലും ഒരു സീറ്റില്‍ സിപി ജോണിനെ പരഗണിക്കാന്‍ അവരും തയ്യാറാണ്.
മലബാറില്‍ സിപി ജോണിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം തിരുവമ്പാടിയാണ്. കഴിഞ്ഞ തവണ ലീഗ് പരാജയപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപി ജോണിന് കഴിയുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലെ സാമുദായിക സമവാക്യവും സിപി ജോണിന് അനുകൂല ഘടകമാണ്. തിരുവമ്പാടിക്കായി നേരത്തെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ലീഗ് തള്ളുകയായിരുന്നു.
എന്നാല്‍ സിപി ജോണിന്‍റെ കാര്യത്തില്‍ ലീഗിന് അനുകൂല നിലപാടാണ് ഉള്ളത്. തിരുവമ്പാടി സിപി ജോണിന് കൊടുത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്ര ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. പിജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിന് വേണ്ടിയായിരുന്നു നേരത്തെ ലീഗിനോട് തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചോദിച്ചത്.
2011ൽ എം.വി.രാഘവൻ മത്സരിച്ച പാലക്കാട് ജില്ലയിലെ നെന്മാറ സീറ്റ് ഇത്തവണ തങ്ങൾക്കു വേണമെന്നും സിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം സിഎംപിക്ക് ലഭിക്കുകയാണെങ്കില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും എംവിആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ.വിജയകൃഷ്ണൻ സ്ഥാനാർഥിയാകും. എംവിആർ അവസാനമായി മത്സരിച്ച മണ്ഡലമെന്ന വൈകാരിക അടുപ്പം നെന്മാറയോട് ഉണ്ട്. ഈ മണ്ഡലം ഇല്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കാനില്ലെന്നാണ് വിജയ കൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മൂന്ന് സീറ്റിന്‍റെ കാര്യത്തില്‍ സിഎംപിക്ക് വലിയ ഉറപ്പൊന്നും യുഡിഎഫ് നല്‍കുന്നില്ല. വിജയം ഉറപ്പുള്ള ഒരു സീറ്റ് സിപി ജോണിന് നല്‍കി സിഎംപിയെ തണുപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമം. ഏറിപ്പോയാല്‍ ഒരു സീറ്റ് കൂടെ അധികമായി ലഭിച്ചേക്കും. അതിനപ്പുറം പ്രതീക്ഷയില്ലെന്നാണ് യുഡിഎഫ് വൃത്തങ്ങല്‍ തന്നെ വ്യക്തമാക്കുന്നത്.
അതേസമയം, വള്ളിക്കുന്നില്‍ സിപി ജോണ്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രാദേശിക ലീഗ് നേതൃത്വം തള്ളി. കഴിഞ്ഞ രണ്ട് തവണയും ലീഗ് വിജയിച്ച മണ്ഡലമാണ് വള്ളിക്കുന്ന്. സീറ്റ് വിതരണം അടക്കമുള്ള കാര്യങ്ങളില്‍ ഘടകക്ഷികളുമായുള്ള യുഡിഎഫിന്‍റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേര്‍ഡ് ബ്ലോക്കിന് ഇത്തവണ സീറ്റ് ലഭിച്ചേക്കും. ചാത്തന്നൂരിലാണ് സാധ്യത.

No comments