Breaking News

പോരാട്ട ചിത്രം തെളിഞ്ഞു ഇരിക്കൂര്‍ എങ്ങോട്ട്..?? കോൺഗ്രസിന്റെ ഉറച്ച മണ്ഡലം ഇനി..

 


കണ്ണൂര്‍: ഒടുവില്‍ ഗ്രൂപ്പ് പോര് മാറ്റിവച്ച്‌ ഇരിക്കൂറില്‍ മുന്നണി സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന് വേണ്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കളത്തിലിറങ്ങി. പക്ഷെ, ഇരിക്കൂറില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മണ്ഡലം ആരുടെ കൂടെ നില്‍ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9642 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും എ ഗ്രൂപ്പ് വക്താവുമായ കെ.സി. ജോസഫ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ഇടതു മുന്നണിയിലെ സി.പി.ഐയിലെ കെ.ടി. ജോസിനെ പരാജയപ്പെടുത്തിയത്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫിലായിരുന്നു. എന്നാല്‍, 2021ലെ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ മാണി കോണ്‍ഗ്രസ് പിളര്‍ന്ന് മാണിയുടെ മകന്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേക്കേറുകയും ചെയ്തു. ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായി തുടരുകയാണ്. കുടിയേറ്റ മേഖലയിലെ മണ്ഡലമായ ഇരിക്കൂറില്‍ കേരള കോണ്‍ഗ്രസിന് മോശമല്ലാത്ത സ്വാധീനമുണ്ട്. പക്ഷെ, പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആര്‍ക്കാണ് സ്വാധീനമെന്നത് ഇരിക്കൂറിന്റെ വിജയത്തില്‍ സ്വാധീനിക്കും. പാര്‍ട്ടി ഒന്നായിരുന്നപ്പോള്‍ 9000 വോട്ടുകള്‍ ഉണ്ടായിരുന്നെന്നും പിളര്‍ന്നപ്പോള്‍ അതില്‍ 5000 വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം.


യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ സജി കുറ്റായാനിമറ്റമാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് സജി. കഴിഞ്ഞ തവണ കെ.സിക്ക് ലഭിച്ച 9642 എന്ന ഭൂരിപക്ഷം മറികടക്കാന്‍ ഇടതുമുന്നണിക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.


ഇരിക്കൂറില്‍ ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും തങ്ങളുടെ ജനകീയ സ്ഥാനാര്‍ത്ഥിയായി കാര്‍ത്തികപുരം സ്വദേശിയും അദ്ധ്യാപികയുമായ ആനിയമ്മ രാജേന്ദ്രനെ രംഗത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.പി.സരസ്വതി 8294 വോട്ടുകള്‍ നേടിയിരുന്നു.


പ്രതീക്ഷ പുതിയ വോട്ടര്‍മാരില്‍


പുതിയ വോട്ടര്‍മാരിലും ജോസ് കെ. മാണിയിലുമാണ് ഇടതിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ഇടതു മുന്നണി കരുതുന്നത്. എന്നാല്‍, ജോസ് കെ. മാണിക്ക് മണ്ഡലത്തില്‍ തെല്ലും സ്വാധീനമില്ലെന്നും മണ്ഡലം യു.ഡി.എഫിന്റെ കയ്യില്‍ സുരക്ഷിതമാണെന്നുമാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ 39 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിലെ കെ.സി. ജോസഫ് മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഗ്രൂപ്പ് പോര് മാറ്റിവച്ച്‌ പ്രവര്‍ത്തകര്‍ സജീവമായത് യു.ഡി.എഫ് ക്യാമ്ബില്‍ വലിയ ആശ്വാസമായിട്ടുണ്ട്.

No comments