Breaking News

കോണ്‍ഗ്രസില്‍ സുധാകരന് വേണ്ടി മുറവിളി; രാഹുലിനും താൽപ്പര്യം..!! മുല്ലപ്പളളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സമവായ ഫോര്‍മുല..!! സതീശൻ പാച്ചേനി..

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള ചര്‍ച്ച കോണ്‍ഗ്രസില്‍ വീണ്ടും സജീവമായി. വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് മുല്ലപ്പളളിയുടെ പേര് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്ബ് മുല്ലപ്പളളി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. മുല്ലപ്പളളിക്ക് പകരം കെ സുധാകരന്‍ വരട്ടെയെന്നാണ് ഇവര്‍ പറയുന്നത്.


മുല്ലപ്പളളി മത്സരിക്കുന്ന കാര്യത്തിലും കേരളത്തില്‍ നിന്നുളള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് മുല്ലപ്പളളി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലാണ് കെ.സി വേണുഗോപാല്‍.


ഇത് രാഹുല്‍ഗാന്ധിയുടെ താത്പര്യം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. മുല്ലപ്പളളി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് വേണുഗോപാലിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ എ.കെ ആന്റണിക്ക് ഇതിനോട് താത്പര്യമില്ലെന്നാണ് വിവരം. മുല്ലപ്പളളി മത്സരിക്കുകയാണെങ്കില്‍ കെ സുധാകരന്‍ അദ്ധ്യക്ഷസ്ഥാനം വഹിക്കട്ടെയെന്നാണ് ആന്റണിയുടെ നിലപാട്.


സുധാകരന്‍ വരുന്നത് ഗുണം ചെയ്യില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും, സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് എതിര്‍പ്പ് അറിയിച്ചു. നേരത്തെ താന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നത് ചിലര്‍ തടയുന്നുവെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോഴും രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി തന്നെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.


മുല്ലപ്പളളി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും താത്പര്യപ്പെടുന്നു. കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ നേതൃതലത്തില്‍ ഭിന്നതയുണ്ടാകുമെന്നാണ് കെ.സി വേണുഗോപാല്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതിനോട് യോജിച്ചു. എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കാത്ത നേതാവെന്ന വിശേഷണം സുധാകരനുണ്ട്. മുല്ലപ്പളളിക്ക് ആ പ്രശ്‌നമില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. പുറത്തുവരുന്ന സര്‍വേകളെല്ലാം മുന്നണിക്ക് എതിരായതിനാല്‍ സുധാകരന്‍ വരുന്നത് പ്രവര്‍ത്തകര്‍ക്ക് ഇടയിലടക്കം ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനായി വാദിക്കുന്നവര്‍ പറയുന്നത്.


കല്‍പ്പറ്റയില്‍ എതിര്‍പ്പ് ശക്തമായതോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലമാണ് മുല്ലപ്പളളി പുതുതായി നോട്ടമിട്ടിരിക്കുന്നത്. മുല്ലപ്പളളി കണ്ണൂരില്‍ മത്സരിക്കുന്നതിനോട് സുധാകരന് എതിര്‍പ്പില്ല. പകരം അദ്ധ്യക്ഷ സ്ഥാനമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തനിക്ക് അദ്ധ്യക്ഷ സ്ഥാനം നല്‍കിയാല്‍ കണ്ണൂരില്‍ നിന്ന് വിജയിപ്പിക്കുന്ന കാര്യം ഏറ്റുവെന്നാണ് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി അദ്ധ്യക്ഷന്‍ സതീശന്‍ പാച്ചേനി കണ്ണൂരില്‍ മത്സരിക്കണമെന്ന വാശിയിലാണ്.

No comments