അന്തസു കാക്കുമോ കൊല്ലം..?? പൂജ്യത്തിൽ നിന്ന് ചരിത്രം സൃഷ്ടിക്കാൻ കൊല്ലം യുഡിഎഫ്..!! കുത്തക മണ്ഡലത്തിൽ പോലും തോൽവി മണത്ത് ഇടത് മുന്നണി..!! അട്ടിമറി.. കണക്കുകൾ ഇങ്ങനെ..
കൊല്ലം: ഇടതു പാര്‍ട്ടികളുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് ഇക്കുറി അട്ടിമറികള്‍ ഉണ്ടാകുമോ ? തെരഞ്ഞടുപ്പിനു ശേഷം കേട്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. 2011ല്‍ യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് ഒന്‍പതും സീറ്റാണ് കൊല്ലത്ത് ലഭിച്ചത്.എന്നാല്‍ 2016ല്‍ യുഡിഎഫ് സംപൂജ്യരായി. ഇതിനു മാറ്റമുണ്ടാകുമോ എന്നാണ് പ്രധാന ചോദ്യം. ഇത്തവണ വലിയ പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
അന്തസു കാക്കുമോ കൊല്ലം ?
നിലവിലെ എംഎല്‍എ സിനിമാ താരം മുകേഷിന് ഒരവസരം കൂടി കൊല്ലത്തുകാര്‍ നല്‍കുമോ എന്നതാണ് പ്രധാന ചോദ്യം. എംഎല്‍എ എന്ന നിലയില്‍ മുകേഷിന്റെ പ്രവര്‍ത്തനത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
ഇതു മുതലാക്കാന്‍ ബിന്ദു കൃഷ്ണയ്ക്ക് കഴിഞ്ഞാല്‍ ഫലം യുഡിഎഫിന് അനുകൂലമാകും.
കൊല്ലത്തിന്റെ തീരദേശ മേഖലകളിലാണ് ബിന്ദു കൃഷ്ണയുടെ പ്രതീക്ഷ. വിവാദങ്ങളൊക്കെ വോട്ടായാല്‍ വിഐപി മണ്ഡലം യുഡിഎഫിനൊപ്പം നില്‍ക്കും.
കുണ്ടറയില്‍ ആഴക്കടല്‍ ആര്‍ക്കു പണിയാകും ?
ആഴക്കടല്‍ വിവാദം ഏറെ ചര്‍ച്ചയായ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയുണ്ടെന്ന സൂചനകളാണ് അവസാന ഘട്ടത്തില്‍ ലഭിക്കുന്നത്. എന്നിരുന്നാലും ഉറച്ച പാര്‍ട്ടി വോട്ടുകള്‍ അവരെ തുണച്ചേക്കാം. പിസി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിവിലും ആവേശത്തിലായിരുന്നു എന്നതും യാഥാര്‍ത്ഥ്യമായിരുന്നു.
ത്രികോണ പോരിന്റെ ചാത്തന്നൂര്‍
ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞ തവണ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് ഇക്കുറി എന്‍ പീതാംബരക്കുറുപ്പിനെ ഇറക്കി കടുത്ത പോരാട്ടമാണ് നടത്തിയത്.
എന്‍ഡിഎ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പി ബി ഗോപകുമാറിനെ തന്നെയാണ് രംഗത്തിറക്കിയത്. എങ്കിലും മത്സരത്തിന്റെ അവസാനം സിറ്റിങ് എംഎല്‍എ ജി എസ് ജയലാലിന് തന്നെയാണ് മേല്‍ക്കൈയെന്നാണ് സൂചന
കരുനാഗപ്പള്ളിയില്‍ അട്ടിമറിയോ ?
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തി വിജയിച്ച ആര്‍ രാമചന്ദ്രന് ഇക്കുറി മണ്ഡലം നിലനിര്‍ത്താനാകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിആര്‍ മഹേഷിന് നേരിയ മേല്‍ക്കൈ ഉണ്ടെന്നും പറയപ്പെടുന്നു. എങ്കിലും പൂര്‍ണമായും ജയസാധ്യത പറയുന്നുമില്ല
പത്തനാപുരത്തിന്റെ മനസിന് ചാഞ്ചാട്ടമോ ?
കെ ബി ഗണേഷ്‌കുമാര്‍ വീണ്ടും ജനവിധി തേടുന്ന പത്തനാപുരത്ത് ഇക്കുറി ജ്യോതികുമാര്‍ ചാമക്കാല കടുത്ത മത്സരം നടത്തിയെങ്കിലും വിജയം ഗണേഷ്‌കുമാറിനൊപ്പം നില്‍ക്കുമെന്നാണ് പൊതുവിലയിരുത്തല്‍.
കൊട്ടാരക്കരയ്ക്ക് പുതിയ പ്രതിനിധി തന്നെ
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെഎന്‍ ബാലഗോപാലിലൂടെ കൊട്ടാരക്കര ഇടതുമുന്നണി നിലനിര്‍ത്തും എന്ന ഉറപ്പായ സൂചനകളാണ് കൊട്ടാരക്കര നല്‍കുന്നത്. കോണ്‍ഗ്രസിലെ ആര്‍ രശ്മിക്ക് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അത്ര മികവു പുലര്‍ത്താനായില്ലെന്നാണ് വിലയിരുത്തല്‍.
ചവറ പിടിക്കാന്‍ ഷിബുവിന് കഴിയുമോ ?
കഴിഞ്ഞ തവണ ആറായിരത്തിലേറെ വോട്ടിന് തന്നെ തോല്‍പ്പിച്ച ചവറ വിജയന്‍ പിള്ളയുടെ മകന്‍ ഡോ. സുജിത്ത് വിജയനെ ഇക്കുറി പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിക്കാന്‍ ഷിബു ബേബി ജോണിന് കഴിയുമോ എന്നാണ് പ്രധാന ചോദ്യം. ഇത്തവണ ചവറയുടെ മനസ് വലത്തോട്ട് ചായുമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുന്ന സൂചന.
ആര്‍എസ്പിയുടെ കോട്ട തിരിച്ചു പിടിക്കുമോ ?
ഇരവിപുരത്ത് ഇക്കുറി ബാബു ദിവാകരനെ ഇറക്കി മികച്ച മത്സരമാണ് ആര്‍എസ്പി നടത്തുന്നത്. എന്നും ശക്തമായി ആര്‍എസ്പിയെ തുണച്ചിരുന്ന മണ്ഡലം 2016ലാണ് എം നൗഷാദിലൂടെ സിപിഎം പിടിച്ചത്. ഇക്കുറിയും നൗഷാദിന് നേരിയ മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.
പുനലൂര്‍ മാറുമോ ?
അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ത്ഥിയായി വന്നെങ്കിലും പുനലൂരില്‍ ഇക്കുറി പിഎസ് സുപാല്‍ തന്നെ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വലിയ മേല്‍ക്കൈ ഇടതു പാര്‍ട്ടികള്‍ക്ക് ഉള്ള മണ്ഡലമാണ് പുനലൂര്‍.
2001ലെ അട്ടിമറി ആവര്‍ത്തിക്കുമോ ചടയമംഗം.
ഇത്തവണ കൊല്ലത്ത് ഏറ്റവുമധികം ആകാംഷയോടെ നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചടയമംഗം. 2001ല്‍ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലത്തില്‍ ഒരിക്കല്‍കൂടി വിജയക്കൊടി നാട്ടാന്‍ എംഎം നസീറിന് കഴിയുമോ എന്നാണ് ചോദ്യം. 2001ല്‍ പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഇവിടെ അട്ടമറി വിജയം നേടിയത്.
ഇത്തവണ ഇടതു സ്ഥാനാര്‍ത്ഥി ജെ ചിഞ്ചുറാണിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലാണ് നസീറിന്റെ കണ്ണ്. ഇവിടെ പല ഇടതുവോട്ടുകളും ചെയ്യാതെ പോയതായും പറയപ്പെടുന്നു.
കുന്നത്തൂരില്‍ ഏതു കോവൂര്‍ ?
കുന്നത്തൂരില്‍ ആര്‍എസ്പികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആരാകും വിജയിയെന്നാണ് ചോദ്യം. എല്‍ഡിഎഫിനായി കോവൂര്‍ കുഞ്ഞുമോനും യുഡിഎഫിനായി ഉല്ലാസ് കോവൂരും ഏറ്റുമുട്ടുമ്ബോള്‍ നേരിയ മേല്‍ക്കൈ കുഞ്ഞുമോന് തന്നെ.

No comments