Breaking News

സ്വന്തം തട്ടകത്തില്‍ തോറ്റതിന്റെ കാരണം അറിഞ്ഞിട്ടും മിണ്ടാനാവതെ ജോസ് കെ മാണി..!! തുറന്ന് പറഞ്ഞാൽ കിട്ടുന്ന..

 


പാലാ: സ്വന്തം ശക്തികേന്ദ്രത്തില്‍ പരാജയപ്പെട്ടിട്ടും മുന്നണി നേതൃത്വത്തിനെതിരെയോ ഘടകകക്ഷികള്‍ക്കെതിരെയോ യാതൊരു പരാമര്‍ശവും നടത്താതെ സ്വന്തം കര്‍മ്മങ്ങളില്‍ മുഴുകുകയാണ് കേരള കോണ്‍​ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്ലാ ദിവസങ്ങളിലെ പോലെ തന്നെ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ തിരക്കിലാണ് ജോസ് കെ മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്നും പുറത്ത് നിന്നും എത്തുന്ന പ്രവര്‍ത്തകരുമായും നേതാക്കളുമായും പാര്‍ട്ടി കാര്യങ്ങള്‍ സംസാരിച്ചും സംഘടനാ തീരുമാനങ്ങള്‍ എടുത്തും ജോസ് സജീവമാണ്. തോല്‍വിയുടെ വിഷമമവും പേറി ഇരിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള നിയോ​ഗം ഏറ്റെടുക്കുകയാണ് ജോസ് കെ മാണി.


പാലായിലെ ജോസ് കെ മാണിയുടെ പരാജയം സംബന്ധിച്ചും മറ്റ് സ്ഥലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാജയം സംബന്ധിച്ചും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതിസ്ഥാനത്ത് സിപിഎമ്മും സിപിഐയുമാണ്.


എന്നാല്‍, മുന്നണി മര്യാദ വിട്ട് പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. സര്‍ക്കാര്‍ രൂപീകരണവും വകുപ്പ് വിഭജനവും കഴിഞ്ഞ് യഥാസമയം ഇത്തരം വിഷയങ്ങല്‍ ഇടത് നേതൃത്വത്തിന് മുന്നില്‍ ജോസ് കെ മാണി അവതരിപ്പിക്കും എന്ന് തന്നെയാണ് പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്.


നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ലഭിച്ചെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസ് എം. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി യോജിച്ചുപോകാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എംപിയുമായ തോമസ് ചാഴിക്കാടന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏഴ് പഞ്ചായത്തുകളില്‍ സ്വാധീനമുണ്ടായിരുന്നിട്ടും ബിജെപി പഞ്ചായത്തായ മുത്തോലയില്‍ മാത്രമാണ് ജോസിന് വോട്ടുയര്‍ത്താന്‍ സാധിച്ചത്. എന്തുകൊണ്ട് ഇത്തരം ഒരു പ്രതിസന്ധിയുണ്ടായെന്ന് ഇരു പാര്‍ട്ടികളും വിലയിരുത്തണം. വിഷയത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.


അരനൂറ്റാണ്ടുകാലത്തിനിടയില്‍ വിജയാരവങ്ങള്‍ ഏറെ മുഴങ്ങിയ പാലാ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലേക്ക്‌ പരാജയത്തിന്റെ കയ്പുനീര്‍ എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2004-ല്‍ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ജോസ് കെ.മാണി പരാജയപ്പെട്ടതായിരുന്നു ആദ്യത്തേത്. അന്ന് ജോസ് കെ.മാണി മൂന്നാം സ്ഥാനത്തായിരുന്നു.


മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാലാ നിയോജകമണ്ഡലത്തില്‍ അന്നും കനത്ത തിരിച്ചടി ഉണ്ടായി. അന്നത്തെ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട ജോസ് കെ.മാണി പിന്നീട് വിജയത്തിന്റെ പടവുകള്‍ താണ്ടി. 2009-ല്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് വിജയിച്ച ജോസ് കെ.മാണി 2016-ലും ജയിച്ചു. കെ.എം.മാണിയുടെ തുടര്‍ച്ചയായ വിജയങ്ങളും കരിങ്ങോഴയ്ക്കല്‍ തറവാടിന് ആഹ്ലാദനിമിഷങ്ങളായിരുന്നു.


കെ.എം.മാണിയുടെ മരണത്തിനുശേഷം 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിയുടെ സ്വന്തം സ്ഥാനാര്‍ഥി ജോസ് ടോം പരാജയപ്പെട്ടതും തിരിച്ചടിയായിരുന്നു. എന്നാല്‍, പിന്നീട് പാര്‍ട്ടിയിലെ പിളര്‍പ്പിനും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കുമൊടുവില്‍ ചിഹ്നം ലഭിച്ചതോടെ ജോസ് കെ.മാണിയുടെ തിളക്കമേറി. ഇടതുമുന്നണിയില്‍ ചേക്കേറി പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ ജയം നേടിയതോടെ ജോസ് കിങ് മേക്കറായി. പാര്‍ട്ടിയുടെ നിയന്ത്രണം ജോസിന്റെ കൈകളില്‍ ഭദ്രമായി.

No comments