ഈ രണ്ട് ഘടകങ്ങള്‍ പരിഗണിച്ചിട്ടില്ലെങ്കില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റാന്‍ സാദ്ധ്യതയുണ്ട്..!!
തിരുവനന്തപുരം: എല്‍.ഡി.എഫിന് തുടര്‍ ഭരണമുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് സര്‍വേകള്‍ രണ്ട് രീതിയിലാണ് നടത്താറുള്ളത്. അക്കാഡമിക് തലത്തിലും മാദ്ധ്യമതലത്തിലും. രണ്ടിലും സൂക്ഷ്മത വേണം. മാദ്ധ്യമ സര്‍വേകളിലാണ് കൂടുതല്‍ അപകടം പതിയിരിക്കുന്നത്. അതില്‍ രാഷ്ട്രീയ ലക്ഷ്യം കടന്ന് കൂടിയാല്‍ സര്‍വേ പാളും. പരിശീലനം ലഭിക്കാത്തവര്‍ സര്‍വേ നടത്തിയാലും ഇതേ ഗതിയുണ്ടാകും. ചോദ്യാവലിയുടെ പ്രത്യേകത, തിരഞ്ഞെടുപ്പ് നടക്കുന്ന സമയം എന്നിവയെല്ലാം പ്രധാനമാണ്.ദേശീയ ചാനലുകള്‍ ഒരു പോലെ എല്‍.ഡി.എഫിന് അനുകൂലമായി പ്രവചിച്ചിരിക്കുന്നതിനാല്‍ തുടര്‍ഭരണത്തിന് സാദ്ധ്യത ഏറെയാണ്. അതേസമയം, നിയമസഭാ മണ്ഡലങ്ങള്‍ ഓരോന്നെടുത്തുള്ള സര്‍വേ ശരിയാകണമെന്നില്ല.
രണ്ട് ലക്ഷം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ 200 പേരെ കണ്ട് സംസാരിച്ച് തയ്യാറാക്കുന്ന സര്‍വേകള്‍ വിജയിക്കണമെന്നില്ല. എന്നാല്‍ സംസ്ഥാനത്തെ മൊത്തത്തില്‍ കണക്കാക്കി നടത്തുന്ന സര്‍വേകള്‍ വിജയകരവുമാണ്.
തിരഞ്ഞെടുപ്പില്‍ ആഗോളതലത്തില്‍ സര്‍വേകള്‍ വന്നിട്ട് 80 വര്‍ഷമായി. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് പബ്ളിക് ഒപ്പീനിയന്‍ അദ്ധ്യക്ഷനായിരുന്ന വില്യം ഡെക്കോസ്റ്റയും സെന്റര്‍ ഫോര്‍ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റിയിലെ പ്രൊഫ. രജനീ കോത്താരിയുമാണ് ഇന്ത്യയിലെ തിരഞ്ഞടുപ്പ് സര്‍വേയുടെ തുടക്കക്കാര്‍. കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് സര്‍വേ നടത്തിയത് 1965 ലാണ്. കേരള സര്‍വകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. വി.കെ.സുകുമാരന്‍ നായരും പ്രൊഫ. രജനി കോത്താരിയും ചേര്‍ന്ന് നടത്തിയ സര്‍വേ തികച്ചും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായിരുന്നു. 1996 മുതലാണ് മാദ്ധ്യമ ലോകത്ത് പ്രണോയി റോയിയും മറ്റും ചേര്‍ന്ന് സര്‍വേയുമായി എത്തിയത്. പിന്നെ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം സര്‍വേകളുണ്ടായി. ശരിയായതും തെറ്റിയതുമുണ്ട്.

No comments