പരിഗണനയില്‍ മൂന്ന് പേരുകള്‍, ഊഴം ആര്‍ക്ക്..?? പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്..
കോണ്‍ഗ്രസ് പുനഃസംഘടനക്കായി ഹൈക്കമാന്‍ഡ് സംഘം കേരളത്തിലേക്കെത്തുന്നു. ലോക്ക്ഡൗണിന് ശേഷമായിരിക്കും നേതാക്കള്‍ കേരളത്തിലേക്കെത്തുക. ലോക്‌സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കലാണ് പ്രധാന ദൗത്യം.
നിയമസഭാ കക്ഷി യോഗം വിളിച്ച് എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും.
പ്രതിപക്ഷ നേതാവായി ഐ ഗ്രൂപ്പില്‍ നിന്നും വിഡി സതീശന്റെ പേരാണ് ഉരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിടി തോമസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അനുസരിക്കാം എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനേയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെ സുധാകരന്‍ എംപിയുടെ പേരാണ് പ്രധാനമായും ഉയരുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നുമാണ് നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.

No comments