Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിന്‍ബലത്തില്‍ യു.പി. ഭരണം പിടിക്കാന്‍ എ.എ.പിയും കോണ്‍ഗ്രസും

 


ലക്നോ: ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന അവകാശവാദവുമായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. 2022ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പി രാഷ്ട്രീയത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുപാര്‍ട്ടികളും. അതിനുള്ള അവസരമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ എ.എ.പിയും കോണ്‍ഗ്രസും കാണുന്നത്.


കോണ്‍ഗ്രസിനെക്കാള്‍ വലിയ ബഹുജന പിന്തുണ തങ്ങള്‍ക്ക് ലഭിച്ചെന്നാണ് എ.എ.പിയുടെ അവകാശവാദം. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.


83 ജില്ലാ പഞ്ചായത്ത് സീറ്റിലും 300 ഗ്രാമപഞ്ചായത്ത് സീറ്റിലും 232 ബ്ലോക് പഞ്ചായത്ത് സീറ്റിലും എ.എ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി രാജ്യസഭ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങ് പറഞ്ഞു.


40 ലക്ഷം പേര്‍ എ.എ.പിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സൗജന്യ ജലം, വൈദ്യുതി അടക്കമുള്ള കെജ് രിവാള്‍ മോഡല്‍ ഭരണം ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയതെന്ന് സഞ്ജയ് സിങ് പറഞ്ഞു.


കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 270 സീറ്റുകളില്‍ വിജയിച്ചെന്നും 571 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നും യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വ്യക്തമാക്കി. തൊഴിലില്ലായ്മ, മോശം ക്രമസമാധാന പാലനം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയതാണ് കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ പിന്തുണക്കാന്‍ കാരണമെന്ന് ലല്ലു ചൂണ്ടിക്കാട്ടി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി കൈവരിച്ചത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റില്‍ 782 ഇടത്ത് എസ്.പി വിജയിച്ചു. ഭരണകക്ഷിയായ ബി.ജെ.പി 580 സീറ്റില്‍ മാത്രമാണ് നേടാനായത്. ബി.എസ്.പി 336 സീറ്റുകള്‍ പിടിച്ചു.

No comments