Breaking News

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാത്രമല്ല സാക്ഷാല്‍ സുധാകരനും അക്കാര്യം അറിഞ്ഞിരുന്നില്ല, കെ എസിനോട് അടുപ്പമുള്ളവര്‍ പറയുന്നതിങ്ങനെ..

 


തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ചതിനൊപ്പം കൊടിക്കുന്നില്‍ സുരേഷിനെയും പി.ടി. തോമസിനെയും ടി. സിദ്ദിഖിനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചത് സംസ്ഥാനത്തെ നേതാക്കളെ പൂര്‍ണമായും ഇരുട്ടില്‍ നിറുത്തിയാണ്. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലില്‍ സംസ്ഥാന നേതാക്കള്‍ തികഞ്ഞ അതൃപ്തിയിലാണ്.


നിയുക്ത പ്രസിഡന്റ് സുധാകരനും വിവരമറിഞ്ഞില്ലെന്നാണ് സൂചനകള്‍. അടുപ്പമുള്ളവരോട് അദ്ദേഹം ഇക്കാര്യം പങ്കുവച്ചതായറിയുന്നു. സുധാകരനെ സ്വാഗതം ചെയ്തെങ്കിലും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നീരസത്തിലാണ്. പൂര്‍ണമായും ഇരുട്ടില്‍ നിറുത്തി തീരുമാനമെടുത്തതിലാണ് നീരസം.


മുല്ലപ്പള്ളിയും തീരുമാനമറിഞ്ഞിരുന്നില്ല.


എ ഗ്രൂപ്പിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു വന്ന ടി. സിദ്ദിഖും പി.ടി. തോമസും ഗ്രൂപ്പിനതീതരായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കായി സ്ഥാനാര്‍ത്ഥിത്വം മാറിക്കൊടുത്ത സിദ്ദിഖിന്, ഹൈക്കമാന്‍ഡിന്റെ പ്രത്യേക താത്പര്യത്തോടെയാണ് കല്പറ്റയില്‍ ഇക്കുറി സീറ്റ് ലഭിച്ചത്. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം എ ഗ്രൂപ്പ് നിര്‍ദ്ദേശം മറികടന്ന് സതീശനെ പിന്തുണച്ചവരുടെ കൂട്ടത്തിലായിരുന്നു.


കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരളത്തിലെ നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്താണെന്ന് വരുത്താന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി ടെലഫോണില്‍ ആശയവിനിമയം നടത്തിയപ്പോഴും വര്‍ക്കിംഗ് പ്രസിഡന്റ് നിയമനത്തെപ്പറ്റി സൂചനകളൊന്നും നല്‍കിയില്ല.


ഇന്നലെ വൈകിട്ട് ഇന്ദിരാഭവനില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു. വി.ഡി. സതീശന്‍, പി.ടി. തോമസ് എന്നിവരും വെവ്വേറെ സമയങ്ങളില്‍ മുല്ലപ്പള്ളിയെ കാണാനെത്തി.


അതിനിടെ, വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കോ രാഷ്ട്രീയകാര്യസമിതിയിലേക്കോ പരിഗണിക്കാത്തതില്‍ കോഴിക്കോട് എം.പി എം.കെ. രാഘവനും നീരസത്തിലാണ്.

No comments