'രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്'; മോദിയെ പുകഴ്ത്തി ശിവസേനാ നേതാവ് സഞ്ജയ് രാവത്ത്, വീണ്ടും സഖ്യമോ..??
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെയും ബിജെപിയിലെയും ഏറ്റവും ഉന്നതനായ നേതാവെന്ന് വിശേഷിപ്പിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ഏഴ് വര്‍ഷം ബിജെപി നേടിയ വിജയങ്ങള്‍ക്ക് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നത് മോദിയോടാണെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെടുന്നു.
മറാത്ത ക്വോട്ട വിഷയത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
എന്നാല്‍ ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് 'കടുവയുമായി ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല.
ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും' - എന്നായിരുന്നു റാവത്തിന്റെ പ്രതികരണം. വടക്കന്‍ മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്നതിനിടെയാണ് റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് ശിവസേന മുഖപത്രമായ 'സാമ്‌ന' വ്യക്തമാക്കുന്നു. അതേസമയം, ബിജെപിയുമായി രാഷ്ട്രീയമായി ഒരുമിച്ചില്ലെങ്കിലും തങ്ങളുടെ ബന്ധം തകര്‍ന്നു എന്ന് അതിനു അര്‍ത്ഥമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിപ്രായപ്പെടുന്നു.

No comments