Breaking News

എന്നുവരെ ഉണ്ടാവും ഇന്ത്യയില്‍ മോദി പ്രഭാവം..?? പ്രതിപക്ഷത്തിന്റെ മോഹങ്ങള്‍ വെറും സ്വപ്നങ്ങളാക്കുന്ന ചില കാര്യങ്ങൾ.. മാറ്റം വേണമെങ്കിൽ..


 ലോകത്തിലെ ഏതൊരു ഭരണാധികാരിയെ സംബന്ധിച്ചും തലവേദന ഏറിയ സമയമാണ് ഇപ്പോള്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊവിഡ് ബാധയും സാമ്ബത്തിക മുരടിപ്പും ജനചിന്തയെ ഭരണകൂടത്തിന് എതിരായി ചിന്തിക്കാന്‍ സാദ്ധ്യത ഏറെയുള്ള കാലം. ഈ സമയത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജനപ്രീതി 62% ആയി രേഖപ്പെടുത്തി കൊണ്ടുള്ള സര്‍വേ ഫലം രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനം പുറത്ത് വിട്ടിരിക്കുന്നത്. ഇതിനൊപ്പം മോദി സര്‍ക്കാരിനെ വരുന്ന 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ കടപുഴക്കി എറിയാനായി മൂന്നാം മുന്നണി പടയൊരുക്കം ആരംഭിച്ചിരിക്കുന്നതും. ബംഗാളില്‍ ബി ജെ പിയുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാതെ കൈപ്പിടിയിലെ ഭരണം തുടര്‍ന്ന് കൊണ്ട് പോകുവാനായ മമതയുടെ വിജയമാണ് മൂന്നാം മുന്നണിക്ക് ഉണര്‍വായിരിക്കുന്നത്.


കോണ്‍ഗ്രസിനെ കൂട്ടാതെയുള്ള ചര്‍ച്ച ഭാവിയില്‍ അവരുമായി കൈകോര്‍ക്കാം എന്ന അവസ്ഥയിലാണ് മുന്നേറുന്നതും. എന്നാല്‍ ബി ജെ പിയെ അട്ടിമറിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുമോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ് ഇപ്പോഴും.



ബി ജെ പിയുടെ ചിഹ്നം താമരയാണെങ്കിലും മുഖം ഇപ്പോള്‍ മോദിയാണ്. മോദി ഫാക്ടറില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വിജയം നേടുവാനും ബി ജെ പിക്കായി. 2024 ലെ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ മുഖം മോദിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പുമാണ്. മോദി ഫാക്ടര്‍ എത്രനാള്‍ നീണ്ട് നില്‍ക്കും എന്ന് കൃത്യമായി പ്രവചിക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അടക്കം കഴിയാതെ പോകുന്നത് മോദി ഫാക്ടറിന്റെ നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടാണ്. രാജ്യത്ത് ഇതിന് മുന്‍പ് രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ മാദ്ധ്യമങ്ങക്ക് അളവറ്റ പങ്കുണ്ടായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളെ കൈ അകലത്ത് നിര്‍ത്തുന്ന പ്രകൃതമാണ് മോദി സ്വീകരിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വിദഗ്ദ്ധനായ സോഷ്യല്‍ മീഡിയ നേതാവായിട്ടാണ് മോദി വളര്‍ന്ന് വന്നത്. മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രി എന്ന് പ്രതിപക്ഷമടക്കം വിമര്‍ശിക്കുമ്ബോഴും ജനങ്ങളിലേക്കെത്താന്‍ മന്‍ കി ബാത്ത് പോലെ സ്വന്തമായി രൂപകല്‍പന ചെയ്ത സംവിധാനമാണ് മോദി സ്വീകരിച്ചത്. അതിനാല്‍ തന്നെ മോദി ഫാക്ടറിന്‍െറ കാലാവധി മറ്റു നേതാക്കളെ പോലെ മാദ്ധ്യമങ്ങളെ ആശ്രയിച്ചല്ലെന്നത് വ്യക്തവുമാണ്.


ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഭരണാധികാരിയായ നെഹ്റുവിന് മരണം വരെയും ആരാലും ചോദ്യം ചെയ്യാനാവാത്ത വ്യക്തിത്വമായി ജീവിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭയാല്‍ പിന്നെയും പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന് ഇന്ത്യയെ ഭരിക്കുവാനായി. നെഹ്റുവിന്റെ പ്രഭയില്‍ ഗാന്ധികുടുംബത്തിന് രാജ്യമെമ്ബാടും സ്വീകാര്യത നേടാനായി എന്നതാണ് വസ്തുത. കുടുംബ രാഷ്ട്രീയത്തെ എതിര്‍ത്തു കൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ച്‌ തുടങ്ങിയത് മുതലാണ് കോണ്‍ഗ്രസിന് ഇന്ത്യയില്‍ പ്രതിസന്ധികളെ നേരിടേണ്ടി വന്നത്. ഉന്നതനായ നേതാവിന്റെ പേരും പ്രശസ്തിയും ഏറെ നാള്‍ ജനത്തെ സ്വാധീനിക്കും എന്നതിന്റെ തെളിവാണ് നെഹ്റുവിലൂടെ കോണ്‍ഗ്രസിനുണ്ടായത്. അത്തരത്തില്‍ മോദി ഫാക്ടറിന്റെയും കാലാവധി നിര്‍ണയിക്കുക അസാദ്ധ്യമാണ്. എഴുപത്തിയഞ്ച് വയസ് രാഷ്ട്രീയ വിരമിക്കലിനുള്ള അടയാളമായി കരുതുന്ന ബി ജെ പിയില്‍ രാഷ്ട്രത്തെ നേരിട്ട് നയിക്കാനായില്ലെങ്കിലും മോദി ഫാക്ടര്‍ ബി ജെ പിക്ക് ഏറെ നാള്‍ തണലൊരുക്കിയേക്കും.


കേഡര്‍ അധിഷ്ഠിതമായ ആര്‍ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമായി പോലും ബി ജെ പിയെ വിലയിരുത്തുന്നവരുണ്ട്. സൂഷ്മതയോടെ പരിശോധിച്ചാല്‍ ഇതില്‍ ഏറെക്കുറെ വാസ്തവം കാണാനുമാവും. രാജ്യത്ത് ആറു കോടിയിലേറെ അംഗങ്ങളുള്ള ആര്‍ എസ് എസിന് പൊതുതിരഞ്ഞെടുപ്പില്‍ നല്ലൊരു ശതമാനം വോട്ട് സ്വരൂപിക്കാനാവും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയാത്ത വിധം ഭൂരിപക്ഷത്തിന് മേല്‍ സ്വാധീനം ചെലുത്താനും ബി ജെ പിക്ക് ഇതു വഴി നിഷ്പ്രയാസം കഴിയും.


മോദി ഫാക്ടറിനെ അതിജീവിച്ച്‌ ഇന്ത്യയുടെ ഭരണം പിടിക്കാന്‍ മൂന്നാം മുന്നണിയ്ക്കാകുമോ എന്ന ചര്‍ച്ച വിവിധ കോണുകളില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം യു പിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ 2024 ന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്നു.

No comments