Breaking News

'ബിജെപിയില്‍ വിശ്വസിച്ചത് തെറ്റായി പോയി, മാപ്പ് തരണം' ; ഓട്ടോറിക്ഷയില്‍ കെട്ടിവച്ച മൈക്കിലൂടെ ജനങ്ങളോട് മാപ്പപേക്ഷ..


 കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് സാധാരണ പ്രവര്‍ത്തകര്‍. ഇ-ഓട്ടോറിക്ഷകളിലായി മൈക്ക് കെട്ടിവച്ച്‌ തങ്ങള്‍ക്കുണ്ടായ തെറ്റ് ഏറ്റുപറയുകയാണ് പ്രവര്‍ത്തകര്‍. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.


'തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി. ജനങ്ള്‍ മാപ്പ് തരണം'-എന്നാണ് ഇ-ഓട്ടോറിഷാ അനൗണ്‍സ്‌മെന്റിലൂടെ ഇവര്‍ വിളിച്ചുപറയുന്നത്. ബംഗാളിലെ നാലില്‍ കൂടുതല്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള അനൗണ്‍സ്‌മെന്റുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.


അതേസമയം, തൃണമൂലിന്റെ ഭീഷണി മൂലമാണ് നേതാക്കള്‍ ജനമദ്ധ്യത്തില്‍ മാപ്പപേക്ഷയുമായി എത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷമാണ് ബിജെപിയിലേക്ക് പോയ നേതാക്കള്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള നേതാക്കളെ മമത ബാനര്‍ജി തിരികെ സ്വീകരിക്കുകയും ചെയ്തിരുന്നു.


ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് മുകുള്‍ റോയ് തൃണമൂല്‍ പാളയത്തിലേക്ക് തിരികെയെത്തിയത്. മകന്‍ സുഭ്രാന്‍ശുവിനൊപ്പമായിരുന്നു മുകുളിന്റെ മടങ്ങിവരവ്. ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതയാണ് എന്നായിരുന്നു തിരികെയെത്തിയ ശേഷം മുകുള്‍ റോയി പറഞ്ഞത്.

No comments