പഞ്ചാബിനു പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലും അടിമൂക്കുന്നു..!! സച്ചിന് രാഹുല്‍ നല്‍കിയത് ചില സുപ്രധാന ഉറപ്പുകൾ..
പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ ലക്ഷ്യമിട്ട് സച്ചിന്‍ പൈലറ്റും സംഘവും.
കുറച്ചു കാലമായി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരായി അണിയറ നീക്കങ്ങള്‍ നടക്കുകയായിരുന്നു. എന്നാല്‍ അവയെയെല്ലാം സമര്‍ത്ഥമായി തടഞ്ഞ ഗെഹ്‌ലോട്ട് തന്റെ ഭാഗം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ അവതരിപ്പിച്ച് കേന്ദ്ര നേതാക്കന്മാരുടെ പിന്തുണ നേടിയെടുക്കുക വരെ ചെയ്തു. ആ ഗ്രൂപ്പ് പോരില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് സച്ചിന്‍ പൈലറ്റിനും കൂടെയുണ്ടായിരുന്നവര്‍ക്കുമാണ്. അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന് ആ സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് സച്ചിന്‍ പൈലറ്റും സംഘവും കൂടുമാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇവര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെയും കൂട്ടാളികളുടേയും ആവശ്യങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുക എന്നത് അശോക് ഗെഹ്‌ലോട്ടിനെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടായിരിക്കും. മറ്റൊരു അമരീന്ദര്‍ സിംഗ് ആകാന്‍ ഗെഹ്‌ലോട്ടിന് ഒട്ടും താത്പര്യം ഉണ്ടാകില്ല. രാജസ്ഥാനില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്ന് വ്യക്തമാക്കിയെങ്കിലും പഞ്ചാബിലെ പോലുള്ള സ്ഥിതിഗതികള്‍ രാജസ്ഥാനില്‍ ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറിചിന്തിച്ചു കൂടെന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ സച്ചിന്‍ പൈലറ്റും കൂട്ടാളികളും രാജസ്ഥാന്‍ മന്ത്രിസഭാ വികസനം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതു വരെയായും അവരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. പഞ്ചാബില്‍ നേതൃമാറ്റം ഉണ്ടാകുന്നതിന്റെ തലേന്ന് രാത്രി സച്ചിന്‍ പൈലറ്റും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കനും രാഹുല്‍ ഗാന്ധിയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സുപ്രധാനമായ ചില ഉറപ്പുകള്‍ സച്ചിന്‍ പൈലറ്റിന് രാഹുഷ നല്‍കിയതായാണ് അറിയുന്നത്. പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അജയ് മാക്കനായിരുന്നു.
രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സുഖമില്ലാതെ ഇരിക്കുന്നതിനാലാണ് അത് വൈകുന്നതെന്നും കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അജയ് മാക്കന്‍ പറഞ്ഞിരുന്നു. പഞ്ചാബിലെ പുതിയ സ്ഥിതിഗതികള്‍ ചൂണ്ടികാണിച്ച് രാജസ്ഥാനിലും നേതൃമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കാനുള്ള ചരടുവലികള്‍ക്കായിരിക്കും സച്ചിന്‍ പൈലറ്റും കൂട്ടരും ഇനി ശ്രദ്ധ നല്‍കുക. പഞ്ചാബിനു ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രാജസ്ഥാനിലേക്ക് ചുവടുമാറുന്നതിന് കൂടി ജനങ്ങള്‍ ഇനി സാക്ഷ്യം വഹിക്കേണ്ടി വരും.

No comments