Breaking News

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയെ..


 ബംഗാളിലെ ഭവാനിപൂരില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ല.

ദക്ഷിണ കൊല്‍ക്കത്തയിലെ മണ്ഡലത്തിലേക്ക്​ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മമതയെ സ്​ഥാനാര്‍ഥിയായി തൃണമൂല്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍-മേയ്​ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന്​ മത്സരിച്ച മമത ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടിരുന്നു.

തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ്​ തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂര്‍ വിട്ട്​ മമത നന്ദിഗ്രാമില്‍ നിന്ന്​ ജനവിധി തേടിയത്​. മമതക്കായി കൃഷി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എല്‍.എ സ്​ഥാനം രാജിവെച്ചിരുന്നു.

സംസ്​ഥാനത്ത്​ ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഉപതെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യപ്പെടുകയായിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ്​ നടക്കാതിരുന്ന മുര്‍ഷിദാബാദ്​ ജില്ലയിലെ സംസര്‍ഖഞ്ച്​, ജാങ്കിപൂര്‍ സീറ്റുകള്‍ക്കൊപ്പം സെപ്​റ്റംബര്‍ 30നായിരിക്കും ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുക. ഒക്​ടോബര്‍ മൂന്നിനായിരിക്കും വോ​ട്ടെണ്ണല്‍.

No comments