Breaking News

പഞ്ചാബ് നാടകത്തിന് പുതിയ വൻ വഴിത്തിരിവ്..?? പിണങ്ങി മാറി സിദ്ദു..!! താമര തേടി ക്യാപ്ടൻ..?? കെജ്‌രിവാൾ പഞ്ചാബിൽ..


 പഞ്ചാബിലെ കോണ്‍ഗ്രസ് കലാപം പുതിയ മുഖ്യമന്ത്രി വന്നതിലൂടെ കെട്ടടങ്ങുമെന്നു കരുതിയ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച്‌ നവ്ജ്യോത് സിംഗ് സിദ്ദു പി.സി.സി അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞു.

സിദ്ദുവിന് പിന്തുണയറിയിച്ച്‌ ഒരു മന്ത്രിയുള്‍പ്പെടെ രാജിവയ്ക്കുകയും ചെയ്തു. മന്ത്രിസഭാ വികസനത്തില്‍ പ്രകോപിതനായാണ് സിദ്ദുവിന്റെ രാജി.

അതിനിടെ, ബി.ജെ.പി സംഖ്യത്തിലേക്കെന്ന് സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തിയത് രാഷ്‌ട്രീയ നാടകം കൊഴുപ്പിച്ചു. അമരീന്ദര്‍ തെറിച്ചത് സിദ്ദുവിന്റെ ചരടുവലിയിലൂടെയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധി. രാഹുലിനും പ്രിയങ്കയ്ക്കും ഒരുപോലെ ഇഷ്ടക്കാരനാണ് സിദ്ദു.

രണ്ടു ദിവസം മുന്‍പ് ജലസേചന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റസിയാ സുല്‍ത്താനയും പി.സി.സി ജനറല്‍ സെക്രട്ടറി യോഗീന്ദ്ര ദിംഗ്രയും ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ഛഹലുമാണ് സിദ്ദുവിനെ പിന്തുണച്ച്‌ രാജിവച്ചത്. സിദ്ദു പട്യാലയിലെ വസതിയില്‍ അനുയായികളുമായി യോഗം ചേര്‍ന്നു.

വിശ്വസ്തനായ ചരന്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി വാഴിച്ച സിദ്ദുവിനെ ഹൈക്കമാന്‍ഡ് കയറൂരി വിടുകയാണെന്ന് സംസ്ഥാനത്തെ സീനിയര്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എസ്.എസ്. രണ്‍ധാവയെപ്പോലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും ചില ഉദ്യോഗസ്ഥ നിയമനങ്ങളില്‍ അഭിപ്രായം തേടാതിരുന്നതുമാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്.

പഞ്ചാബിലെ നാടകങ്ങള്‍ എ.ഐ.സി.സി ആസ്ഥാനത്ത് കനയ്യകുമാറിന്റെ പാര്‍ട്ടി പ്രവേശന ചടങ്ങിന്റെ മാറ്റും കുറച്ചു. സിദ്ദുവിന്റെ രാജിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പരിപാടികള്‍ റദ്ദാക്കി പ്രിയങ്ക ഡല്‍ഹിയിലേക്ക് മടങ്ങി.

സിദ്ദു സ്ഥിരതയില്ലാത്തവനാണെന്നും ഒരിടത്തും അടങ്ങിനില്‍ക്കില്ലെന്നും അമരീന്ദര്‍ പരിഹസിച്ചു.

സിദ്ദുവിന്റെ രാജി അറിഞ്ഞില്ലെന്നാണ് ഛന്നി പ്രതികരിച്ചത്. ചര്‍ച്ച നടത്തുമെന്നും സിദ്ദുവിന്റെ അതൃപ്‌തി മാറ്റാന്‍ വേണ്ടതു ചെയ്യുമെന്നും പറഞ്ഞു.

വിട്ടുവീഴ്ചയ്ക്കില്ലെന്ന്

രാജിക്കത്ത്

വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടിവരുന്നത് ഒരാളുടെ വ്യക്തിത്വം തകര്‍ക്കലാണ്. പഞ്ചാബിന്റെ ഭാവിക്കായുള്ള പ്രവര്‍ത്തനത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്കില്ല. കോണ്‍ഗ്രസില്‍ തുടരും.

(സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സിദ്ദു)

കേജ്‌രിവാള്‍ പഞ്ചാബില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് പഞ്ചാബിലെത്താനിരിക്കെ സിദ്ദു രാജിവച്ചത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തും മുന്‍പ് ആം ആദ്‌മിയുമായും സിദ്ദു ചര്‍ച്ച നടത്തിയിരുന്നു.

ക്യാപ്ടന്‍ കേന്ദ്രമന്ത്രിയോ?

അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ അമിത്ഷായെയും ജെ.പി. നദ്ദയെയും കാണുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബി.ജെ.പിയില്‍ ചേരാനില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാലും എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിയാക്കാമെന്നാണ് ഓഫര്‍. അമരീന്ദര്‍ വഴി കര്‍ഷക സമരത്തെ തണുപ്പിക്കാനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിച്ച ഡല്‍ഹി കപൂര്‍ത്തല ഹൗസ് ഒഴിയാനാണ് വന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.

No comments