Breaking News

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ കനയ്യാ കുമാർ..!! ചരടുവലികള്‍ നടത്തിയത് ആരാണ്..?

 


കനയ്യ കുമാര്‍ എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറെ ദൂരം താണ്ടിയ ഒരു നേതാവാണ്.

2016 ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്ത് ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരിക്കെ, രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചു എന്നാരോപിക്കപ്പെട്ട് യുഎപിഎ ചുമത്തി തുറുങ്കില്‍ അടയ്ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ആദ്യമായി ലൈംലൈറ്റില്‍ വരുന്നത്. പിന്നീട്, 2019 -ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസരായിയില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ അന്ന് ബിജെപിയുടെ ഗിരിരാജ് സിങിനോട് പരാജയപ്പെട്ടത് 4.71 ലക്ഷം വോട്ടിന്റെ വമ്ബിച്ച മാര്‍ജിനിലാണ്. എന്നാല്‍, ഈ തോല്‍വിയ്ക്കു ശേഷവും, പാര്‍ട്ടിയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ കനയ്യയ്ക്ക് സാധിച്ചിരുന്നു.കനയ്യക്ക് ബെഗുസരായിയില്‍ നിന്ന് മത്സരിക്കാന്‍ സീറ്റു നല്‍കിയതും, പിന്നീട് അദ്ദേഹത്തെ സിപിഐ കേന്ദ്ര കമ്മിറ്റി അംഗമാക്കിയതുമെല്ലാം ബിഹാര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സത്യനാരായണ്‍ സിങാണ്. കൊവിഡ് ബാധിച്ച്‌ സിംഗ് അന്തരിച്ച ശേഷമാണ് കനയ്യ പാര്‍ട്ടിയില്‍ ഒറ്റപ്പെടാന്‍ തുടങ്ങിയതും അദ്ദേഹത്തിന് നേരെ പാര്‍ട്ടിക്കുള്ളില്‍ തൊഴുത്തില്‍കുത്തുകള്‍ ഉണ്ടാവാന്‍ തുടങ്ങിയതും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രഭരണത്തിനുമെതിരെ ഉയര്‍ന്ന സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും എക്കാലത്തെയും ഏറ്റവും തീവ്രമായ സ്വരങ്ങളില്‍ ഒന്ന് കനയ്യയുടെതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം നേരിടേണ്ടി വന്നു എങ്കിലും ടെലിവിഷന്‍ ഡിബേറ്റുകളിലും, റാലികളില്‍ പ്രസംഗങ്ങളിലുമെല്ലാം കനയ്യ കുമാര്‍ എന്നും ശോഭിച്ചു തന്നെ നിന്നു. സിപിഐയുടെ ഈ ക്ഷുഭിതയൗവ്വനം ഇന്നുമുതല്‍ കോണ്‍ഗ്രസിന്റെ പാളയത്തിലെ പടക്കുതിരയാണ്.

കനയ്യ കുമാര്‍ എന്ന നേതാവ് സിപിഐയില്‍ നിന്ന് അകന്നകന്നു പോവാനും കോണ്‍ഗ്രസ് കേന്ദ്രങ്ങളോട് അടുക്കാനും കാരണങ്ങള്‍ പലതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിപിഐ പോലൊരു പാര്‍ട്ടിയില്‍ നിന്നാല്‍ തനിക്ക് രാഷ്ട്രീയ ഭാവി ഉണ്ടാവില്ല എന്ന കണക്കുകൂട്ടല്‍ ആണ് കനയ്യയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. പട്നയിലെ സിപിഐ ആസ്ഥാനത്ത് അടുത്തിടെ നടന്ന ഒരു കശപിശയെ തുടര്‍ന്ന് പാര്‍ട്ടി കനയ്യയെ ശാസിച്ചതും ഒരു കാരണമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. മനീഷ് തിവാരിയെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് കനയ്യ കുമാറിന്റെ എന്‍ട്രിയില്‍ അനിഷ്ടമുണ്ട് എങ്കിലും, കനയ്യയെ കോണ്‍ഗ്രസിലേക്ക് എത്തിച്ചതിനു പിന്നിലും ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കരങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത് എന്നാണ് പട്നയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിക്കുന്ന വര്‍ത്തമാനം.

ഇങ്ങനെ കനയ്യകുമാറെന്ന തീപ്പൊരി യുവനേതാവിനെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിക്കാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ കരുക്കള്‍ നീക്കിയത് കോണ്‍ഗ്രസ് എംഎല്‍എ ആയ ഷക്കീല്‍ അഹ്മദ് ഖാന്‍ ആണ് എന്നാണ് അഭ്യൂഹം. കനയ്യയുമായി നല്ല ബന്ധത്തില്‍ ആയിരുന്ന ഖാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയും കനയ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും അവസരമുണ്ടാക്കിയത് എന്നും പറയപ്പെടുന്നു. കനയ്യ അടുത്തകാലങ്ങളില്‍ നടത്തിയ പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കും ബിഹാറില്‍ ഖാന്‍ കനയ്യയോട് സഹകരിക്കുകയുണ്ടായി.

കനയ്യയുടെ ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആണ് എന്ന് മറ്റൊരു സംസാരവുമുണ്ട്. പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പോലുള്ള യുവനേതാക്കളെ പാളയത്തിലെത്തിച്ച്‌ പടപ്പുറപ്പാട് നടത്തുന്നത് എന്നും പറയപ്പെടുന്നു. കനയ്യയെ പോലുള്ള യുവാക്കളെ 2022 -ല്‍ യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിക്കാനും രാഹുല്‍ ഗാന്ധിക്ക് പദ്ധതിയുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കരുതുന്നത്.

No comments