Breaking News

മാറിയില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയിലുണ്ടാവില്ല..!! വീണ ജോര്‍ജ് ദൈവവിശ്വാസിയെന്ന് വിമര്‍ശനം..

 


പത്തനംതിട്ടയിലെ സി.പി.എമ്മില്‍ കുലംകുത്തികളുണ്ടെന്ന രൂക്ഷ പരാമര്‍ശവുമായി ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു.

പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരായി ചില അംഗങ്ങളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ പാര്‍ട്ടിക്കുള്ളില്‍ 2016ല്‍ തുടങ്ങിയതാണ്. അന്നും 2021ലും വീണയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ പാര്‍ലമെന്ററി വ്യാമോഹമുള്ളവരാണ്.

വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. വീണ ജനപ്രതിനിധി ആയ ശേഷം പാര്‍ട്ടി അംഗത്വത്തില്‍ വന്നയാളാണെന്ന് ഇതിന് ജില്ലാ സെക്രട്ടറി മറുപടി നല്‍കി. സംഘടനാ ചട്ടക്കൂട്ടിലേക്ക് വീണാ ജോര്‍ജ് എത്താന്‍ സമയമെടുക്കും. പാര്‍ട്ടിയില്‍ ദൈവവിശ്വാസികളുണ്ട്. ചിലര്‍ പാര്‍ട്ടി ചര്‍ച്ചകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയാണ്. ഇത്തരക്കാര്‍ അടുത്ത സമ്മേളനത്തില്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ആറന്‍മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയം ആഘോഷിച്ചപ്പോള്‍ ചില നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ കതകടച്ചിരുന്നുവെന്ന് ഏരിയാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട ലോക്കല്‍ സമ്മേളനത്തിലും വീണാജോര്‍ജിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, മാദ്ധ്യമങ്ങള്‍ സത്യവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ അതേപടി പുറത്തായതിനെയും ജില്ലാ സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു.

വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല, തിരിച്ചുവിളിക്കാറുമില്ല. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടിയെ അറിയിക്കാതെ പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കുന്നു.​ സി.പി.എം പ്രവര്‍ത്തകരെക്കാള്‍ മന്ത്രിക്ക് വിശ്വാസം സി.പി.ഐക്കാരെ.​ ജില്ലാ സ്റ്റേഡിയം നവീകരണവും അബാന്‍ ഫ്ളൈ ഒാവര്‍ നിര്‍മാണവും തുടങ്ങാനായില്ല.

No comments