Breaking News

പവാര്‍ 25 വര്‍ഷം മുമ്പേ അത് പറഞ്ഞതാണ്.., ഞങ്ങള്‍ക്ക് മനസിലായത് രണ്ട് വര്‍ഷം മുമ്പ് മാത്രം -സഞ്ജയ് റാവുത്ത്..

 


ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് 25 വര്‍ഷം മുമ്ബേ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നതായും എന്നാല്‍ രണ്ട് വര്‍ഷം മുമ്ബ് മാത്രമാണ് ശിവസേനക്ക് അത് മനസിലായതെന്നും പാര്‍ട്ടി എം.പി സഞ്ജയ് റാവുത്ത്.

ശരദ് പവാറിന്‍റെ പ്രസംഗങ്ങളുടെ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാവുത്ത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായുണ്ടായിരുന്ന സഖ്യം ശിവസേന 2019ല്‍ വിട്ടൊഴിഞ്ഞതിനെ പരാമര്‍ശിച്ചായിരുന്നു സഞ്ജയ് റാവുത്തിന്‍റെ പ്രസംഗം.

രാജ്യത്ത് ഐക്യം ഉണ്ടാകുന്നത് ബി.ജെ.പിക്ക് ഇഷ്ടമല്ലെന്ന് പവാര്‍ അന്നേ പറഞ്ഞതാണ്. ഭിന്നിപ്പിക്കലാണ് അവരുടെ രീതി. ഇത് ഞങ്ങള്‍ തിരിച്ചറിഞ്ഞത് രണ്ട് വര്‍ഷം മുമ്ബ് മാത്രമാണ്. രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ നയങ്ങളാണ് ബി.ജെ.പിയുടെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് മനസിലാക്കാന്‍ ഞങ്ങള്‍ ഏറെ കാലമെടുത്തു.

'സധൈര്യം സംസാരിക്കുക' എന്ന് അര്‍ഥം വരുന്ന തലക്കെട്ടാണ് ശരദ് പവാറിന്‍റെ പുസ്തകത്തിന്. ഈ പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കണം. അദ്ദേഹത്തിന് ഇതില്‍ നിന്നും പഠിക്കാനേറെയുണ്ട്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാള്‍ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംവദിക്കാനും ചര്‍ച്ചചെയ്യാനുമുള്ള വേദിയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചോദ്യങ്ങളുയര്‍ത്തുന്നവര്‍ എതിര്‍ക്കപ്പെടുകയും മുദ്രകുത്തപ്പെടുകയുമാണ്. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കുന്നത് ഭൂരിപക്ഷവാദത്തിന് വഴിയൊരുക്കുന്നുവെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

No comments