Breaking News

കൂറുമാറിയ മെമ്ബറെ 'ശവമാക്കി' കോണ്‍ഗ്രസ്, ഒടുവില്‍ വിലാപയാത്രയും സംസ്‌കാരവും..

 


മൂന്നാറില്‍ പഞ്ചായത്തംഗങ്ങള്‍ കൂറുമാറിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ശവമഞ്ചവുമായി വിലാപയാത്രയും സംസ്‌കാരവും നടത്തി

കോണ്‍ഗ്രസ് അംഗമായ എം. രാജേന്ദ്രന്‍ മൂന്നാര്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഹൈറേഞ്ച് ക്ലബ്ബ് റോഡിലെ രാജേന്ദ്രന്റെ വീടിനു മുമ്ബില്‍ നിന്ന് ശവമഞ്ചവുമായി ടൗണ്‍ വഴി പഴയ മൂന്നാറിലെത്തി പ്രതീകാത്മകമായി സംസ്‌കാരം നടത്തുകയായിരുന്നു. 11-ാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

മൂന്നാര്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ പഴയ മൂന്നാര്‍ വാര്‍ഡ് അംഗം രാജേന്ദ്രനാണ് ചരട് വലിച്ചതെന്നാണ് യു.ഡി.എഫ് കണ്ടെത്തല്‍. നടയാര്‍ വാര്‍ഡ് അംഗം പ്രവീണ ഇടതിലേക്ക് മറുകണ്ടം ചാടിയതും രാജേന്ദ്രന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെയാണ് അദ്ദേഹം ജോലിചെയ്യുന്ന കമ്ബനിയുടെ വര്‍ക് ഷോപ്പിലേക്കും ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലേക്കും വ്യത്യസ്തമായ സമരങ്ങള്‍ മുന്‍ എം.എല്‍.എ എ.കെ. മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. കൈപ്പത്തിയില്‍ നിന്ന് മത്സരിച്ച രാജേന്ദ്രന്‍ രാജിവെച്ച്‌ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുടെ വാദം.

കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ യു.ഡി.എഫിന് നഷ്ടമായത് ഒന്നരപതിറ്റാണ്ടായി ഒപ്പം നില്‍ക്കുന്ന പഞ്ചായത്താണ്. രണ്ട് ദിവസമായി അജ്ഞാത കേന്ദ്രത്തിലായിരുന്ന പ്രവീണയും രാജേന്ദ്രനും വോട്ടെടുപ്പിനായി എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിലെത്തി. ഒടുവില്‍ ലാത്തി വീശിയാണ് പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചത്. അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിവച്ചു. ഇതോടെ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ഉപേക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്ററിനെതിരായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതോടെ എതിരില്ലാത്ത 12 വോട്ടിന് പ്രമേയം പാസായി. വികസനമുരടിപ്പില്‍ നിന്ന് പഞ്ചായത്തിനെ മോചിപ്പിക്കാനാണ് എല്ലാം ചെയ്തതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. പ്രവീണയ്ക്ക് പ്രസിഡന്റ് സ്ഥാനവും രാജേന്ദ്രന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തതായാണ് വിവരം.

No comments