Breaking News

മാളവിക സൂദിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിന് പിന്നാലെ സിറ്റിംഗ് എം.എല്‍.എ പാര്‍ട്ടിവിട്ട് ബി.ജെ.പിയിൽ..!! കോൺഗ്രസിൻ്റെ പ്രതികരണം ഇങ്ങനെ..

 


പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മോഗ നിയമസഭ മണ്ഡലത്തില്‍ നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസി​ല്‍നിന്ന് രാജിവെച്ച്‌ ബി.ജെ.പിയിലേക്ക് ചേക്കേറി സിറ്റിങ് എം.എല്‍.എ.

മോഗയില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എയായ ഹര്‍ജോത് കമലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രി ഗിരിരാജ് ശെഖാവത്തിന്‍റെ സാന്നിധ്യത്തിലാണ് കമലിന്റെ ബി.ജെ.പി പ്രവേശനം. കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സംഭവ വികാസങ്ങള്‍. 86 സീറ്റുകളിലേക്കായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. കമല്‍ ഉള്‍പ്പെടെ നാലു സിറ്റിങ് എം.എല്‍.എമാര്‍ക്ക് ആദ്യഘട്ട പട്ടികയില്‍ സീറ്റ് നിഷേധിച്ചു.

തനിക്ക് മോഗയില്‍ സീറ്റ് നിഷേധിച്ചതിലൂടെ കോണ്‍ഗ്രസ് തന്നെ അപമാനിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം. മറ്റൊരു മണ്ഡലത്തില്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും അപമാനം തോന്നിയതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വാഗ്ദാനം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെ മത്സരിപ്പിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. സോനു സൂദിനെയും മത്സരിപ്പിക്കാം. എന്നാല്‍ മോഗയില്‍ കോണ്‍ഗ്രസ് എനിക്ക് സീറ്റ് നല്‍കിയില്ല എന്നതാണ് ​പ്രശ്നം. മാളവിക സൂദ് സഹോദരിയെപ്പോലെയാണ്. സോനു സൂദിന്റെ സഹോദരി എന്നതില്‍ കവിഞ്ഞ് യാതൊരു രാഷ്ട്രീയ യോഗ്യതയും അവര്‍ക്കില്ല -കമല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി 21 വര്‍ഷം പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായായിരുന്നു തുടക്കം. കോണ്‍ഗ്രസ് ഇല്ലാത്ത പ്രദേശമായിരുന്നു മോഗ. ശിരോമണി അകാലിദളിനെ ​തകര്‍ത്ത്​ മോഗയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഞാന്‍ കഠിനമായി പ്രവര്‍ത്തിച്ചിരുന്നു -കമല്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി പത്തിനായിരുന്നു മാളവിക് സൂദിന്റെ കോണ്‍ഗ്രസ് പ്രവേശനം. തുടര്‍ന്ന് മോഗയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്. മാര്‍ച്ച്‌ 10ന് വോട്ടെണ്ണും.

No comments