Breaking News

തൃക്കാക്കരയില്‍ പി ടിയുടെ പിന്‍ഗാമിയാവാന്‍ കോണ്‍ഗ്രസില്‍ നാല് പേരുകള്‍, കരുത്തനെ നിര്‍ത്തി പിടിച്ചെടുക്കാന്‍ സിപിഎം..

 


ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച്‌ പി.ടി. തോമസിന് ആദരവായി വന്‍വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും.

ഭരണത്തിന്റെ മികവിന് സാക്ഷ്യപത്രമാകാന്‍ വിജയം നേടാന്‍ കഠിനശ്രമത്തിന് സി.പി.എമ്മും എല്‍.ഡി.എഫും. കരുത്ത് തെളിയിക്കാന്‍ ബി.ജെ.പിയും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാക്കാന്‍ മുന്നണികളില്‍ അണിയറനീക്കം തുടങ്ങി.

പി.ടി. തോമസിന്റെ ഓര്‍മ്മകളാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുകയെന്ന് വ്യക്തമാണ്. അണിയറനീക്കങ്ങള്‍ ആരംഭിച്ചെങ്കിലും സ്ഥാനാര്‍ത്ഥി ആരാകണമെന്നത് ഉള്‍പ്പെടെ ചര്‍ച്ചകള്‍ മുന്നണികള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. വിജയം ആവര്‍ത്തിക്കുക യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന് അംഗീകാരമായി വിജയിക്കാന്‍ കഴിയുമോയെന്നാണ് എല്‍.ഡി.എഫ് ക്യാമ്ബിലെ സംസാരങ്ങള്‍. കരുത്ത് തെളിയിക്കാന്‍ ബി.ജെ.പിയും കളത്തിലിറങ്ങും.

പി.ടി. തോമസിന്റെ പിന്‍ഗാമി ആരെന്ന ചോദ്യം കോണ്‍ഗ്രസിലും യു.ഡി.എഫിലും മാത്രമല്ല എതിര്‍പാളയങ്ങളിലും സജീവമാണ്. സ്ഥാനാര്‍ത്ഥിയെക്കുറിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ തൃക്കാക്കര നിലനിറുത്തുമെന്ന ഉറപ്പും വിശ്വാസവും നേതാക്കള്‍ക്കുണ്ട്. പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. അനുകൂല പ്രതികരണം ഉമയില്‍ നിന്നുണ്ടായിട്ടില്ല.

പി.ടി. തോമസിന്റെ ഉറ്റസുഹൃത്തായ മുന്‍ അംബാസഡര്‍ വേണു രാജാമണിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശമുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെയും പരിഗണിച്ചേക്കും. എറണാകുളം ജില്ലയില്‍ നിന്ന് വനിതാ എം.എല്‍.എമാരില്ലെന്ന കുറവും പരിഹരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലും ദീപ്തിക്ക് അനുകൂലമായുണ്ട്.

മുന്‍മേയര്‍ ടോണി ചമ്മിണിയാണ് സാദ്ധ്യതയുള്ള മറ്റൊരാള്‍. മുന്‍മേയറെന്ന നിലയില്‍ നഗരത്തില്‍ സുപരിചിതനാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിലൂടെ ടോണി ശ്രദ്ധ നേടിയിരുന്നു. പി.ടിയുടെ അടുത്ത സുഹൃത്തുമാണെന്നതും സഹായമാകും.

ഇടതു മുന്നണിയില്‍ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രന്‍ ഡോ.ജെ. ജേക്കബാണ് മത്സരിച്ചത്. അദ്ദേഹത്തെ വീണ്ടും പരീക്ഷിക്കുമോയെന്ന് വ്യക്തമല്ല. വിജയം ഉറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്ത എല്‍.ഡി.എഫിലുണ്ട്. എം. സ്വരാജിനെ പരിഗണിക്കണമെന്ന് ചില നേതാക്കള്‍ക്ക് താല്പര്യമുണ്ട്. പാര്‍ട്ടിതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം തയ്യാറാകുമോയെന്നും വ്യക്തമല്ല. പ്രാദേശിക ബന്ധങ്ങളുള്ള നേതാക്കളെയോ പൊതുസമ്മതരെയോ മത്സരിപ്പിക്കാനും സാദ്ധ്യതയുണ്ട്.

ബി.ജെ.പിയിലും ചര്‍ച്ചകള്‍ മുറുകിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എസ്. സജിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനയുണ്ട്. എന്‍.ഡി.എയിലെ ഘടകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ സംസ്ഥാന യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ചില്‍ വോട്ടെടുപ്പ്

തൃക്കാക്കരയിലെ ഒഴിവ് സംബന്ധിച്ച്‌ നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാദ്ധ്യതയേറി. മറ്റു ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയിലും നടത്തുമെന്നാണ് സൂചനകള്‍. ഈ മാസം അവസാനം വിജ്ഞാപനം പുറപ്പെടുവിച്ച്‌ മാര്‍ച്ചില്‍ വോട്ടെടുപ്പ് നടത്താവുന്ന വിധത്തില്‍ തീരുമാനമുണ്ടാകുമെന്നും സൂചനകളുണ്ട്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ ജോലികള്‍ ജില്ലാ ആസ്ഥാനത്ത് ഉടന്‍ ആരംഭിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പ്

പി.ടി. തോമസ് (യു.ഡി.എഫ് ) 59,839

ഭൂരിപക്ഷം : 14,329

ഡോ.ജെ. ജേക്കബ് (എല്‍.ഡി.എഫ് ): 45,510

എസ്. സജി (ബി.ജെ.പി) : 15,483

ടെറി തോമസ് (ട്വന്റി 20): 13,897

No comments