ബിജെപി വരുണിനെയും മനേകയെയും ഒഴിവാക്കി..
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുപ്പത് അംഗ താരപ്രചാരക പട്ടിക ബിജെപി പുറത്തിറക്കി.
ബിജെപി എംപിമാരായ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയേയും ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നല്‍കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നഡ്ഡ തുടങ്ങിയവരാണ് പ്രചാരണ പട്ടികയിലെ പ്രമുഖര്‍.
കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വരുണ്‍ ഗാന്ധി കടുത്ത വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്.
ഇതേത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക സമിതിയില്‍ നിന്നും മനേകയേയും വരുണിനേയും പുറത്താക്കിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് താരപ്രചാരക പട്ടികയില്‍ നിന്നും പുറത്താക്കിയ നടപടിയും. 30 അംഗ താരപ്രചാരക സമിതിയെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് രണ്ടാമന്‍. രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി, തുടങ്ങിയവരും പട്ടികയിലുണ്ട്.
അമിത് ഷായും ജെ പി നഡ്ഡയും ജനുവരി മൂന്നാം വാരം മുതല്‍ യുപിയില്‍ പര്യടനം ആരംഭിക്കും. ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപര്‍ണ യാദവ് ബിജെപിയിലെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപര്‍ണ ബിജെപിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അപര്‍ണ ബിജെപിയിലെത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയാകില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഖിലേഷ് യാദവിന്റെ ഇളയ സഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.
No comments