തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല..!! യു.പിയില്‍ കോണ്‍ഗ്രസിന്റെ 'വനിത മുഖം' ബി.ജെ.പിയിലേക്ക്..
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ 'വനിത മുഖ'മായ പ്രിയങ്ക മൗര്യ ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസിന്റെ 'ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും' (ലഡ്കി ഹൂം ലാഡ് സക്തി ഹൂം) എന്ന സ്ത്രീശാക്തീകരണ കാമ്ബയിനിന്റെ പ്രാധാന മുഖമായിരുന്നു ഇവര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പിയിലേക്കുള്ള പ്രവേശനം. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്നായിരുന്നു പ്രിയങ്ക മൗര്യയുടെ ആരോപണം.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പിയില്‍ നടത്തിവന്ന കാമ്ബയിനാണ് ലഡ്കി ഹൂം ലാഡ് സക്തി ഹൂം. കാമ്ബയിനിന്റെ പോസ്റ്ററുകളില്‍ പ്രിയങ്കയുടെ മുഖമായിരുന്നു. കൂടാതെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും മമഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ ഇവരായിരുന്നു.
തന്റെ പേരും പ്രസക്തിയും കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്നും താന്‍ ഒ.ബി.സിയായതിനാലാണ് സീറ്റ് നിഷേധിച്ചതെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. പണം വാങ്ങിയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയും മൗര്യ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രചാരണത്തിനായി തന്നെ കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും എന്നാല്‍ യു.പി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മറ്റൊരാളെ പരിഗണിച്ചെന്നും അവര്‍ പറഞ്ഞു. 'മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്. 'ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും' എന്ന കാമ്ബയിനിനായി എന്റെ മുഖം കോണ്‍ഗ്രസ് ഉപയോഗിച്ചു. സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കാന്‍ പണം ആവശ്യപ്പെട്ട് എന്റെ ലാന്‍ഡ്ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് നിരസിച്ചു. എല്ലാ ടാസ്കുകളും ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ നോമിനേഷനുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചവയായിരുന്നു. ഒരു മാസം മുമ്ബ് പാര്‍ട്ടിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കി' -മൗര്യ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിനെതിരെയും മൗര്യ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എന്റെ മുഖവും പേരും സമുഹമാധ്യമങ്ങളിലെ എന്റെ 10ലക്ഷം ഫോളോവേഴ്സിനെയും പ്രചാരണത്തിനായി ഉപയോഗിച്ചു. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയത് മറ്റൊരാള്‍ക്കും. ഇത് അനീതിയാണ്. സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മൂന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഞാന്‍ ഒ.ബി.സി പെണ്‍കുട്ടിയായതിനാലും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിന് കൈക്കൂലി നല്‍കാത്തതിനാലും ടിക്കറ്റ് കിട്ടിയില്ലെന്നും മൗര്യ ആരോപിച്ചു.
ലഖ്നോവിലെ സരോജിനി നഗറില്‍നിന്ന് ജനവിധി തേടാനായിരുന്നു പ്രിയങ്ക മൗര്യയുടെ ആഗ്രഹം. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സീറ്റ് രുദ്ര ധാമന്‍ സിങ്ങിന് നല്‍കുകയായിരുന്നു.
No comments