പഞ്ചാബ് നാളെ ബൂത്തിലേക്ക്..!! കോണ്‍ഗ്രസിനും അകാലിദളിനും ജീവന്മരണ പോരാട്ടം..!! കെജ്രിവാളിനും അമരീന്തരിനും ബിജെപിക്കും..
മാറ്റത്തിനായുള്ള വോട്ടര്‍മാരുടെ മോഹത്തില്‍ പിടിച്ച് ആം ആദ്മി പാര്‍ട്ടി ശക്തമായ തരംഗമുയര്‍ത്തിയ പഞ്ചാബില്‍ പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസും അകാലിദളും നടത്തുന്നത് പിടിച്ചുനില്‍ക്കാനുള്ള ജീവന്മരണ പോരാട്ടം.
അത് കാണാന്‍ നാലു ജില്ലകളിലായി 23 നിയമസഭ മണ്ഡലങ്ങളുള്ള ഡോബ മേഖലയില്‍ വരണം. 25 മണ്ഡലങ്ങളുള്ള മാഝ മേഖലയെപ്പാേലെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് മാറിയിരിക്കുകയാണ് ഡോബയും.
2017ലെ തെരഞ്ഞെടുപ്പില്‍ കാര്യമായ ഇളക്കമുണ്ടാക്കാതിരുന്ന ഡോബയില് കോടികള്‍ വാരിയെറിഞ്ഞാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.
ജലന്ധര്‍ കന്റോണ്‍മെന്റിലും കര്താര്പുരിലും ആപ്പിന് മേല്‍ക്കൈയുണ്ട്. ആപ് ദുര്‍ബലമായ, സിഖ് മേധാവിത്വമുള്ള ജലന്ധറിലെ ഗ്രാമീണ മേഖലകളിലായ ആദംപുര്‍, ഫിലോര്, നുകോതര്, ഷാകൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരം കോണ്‍ഗ്രസും അകാലിദളും തമ്മിലാണ്. ആം ആദ്മി പാര്‍ട്ടി കഴിഞ്ഞാല്‍ പണമിറക്കി പ്രവര്‍ത്തനം നടത്തുന്നത് അകാലിദള്‍-ബി.എസ്.പി സഖ്യമാണ്. ഇത്തവണ പിടിച്ചുനിന്നില്ലെങ്കില്‍ പഞ്ചാബ് രാഷ്ട്രീയത്തില്‍നിന്ന് ഒലിച്ചുപോകുമെന്നു കണ്ട് ബി.എസ്.പിയുമായി ചേര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനമാണ് തങ്ങളുടെ മേഖലകളില്‍ അകാലിദള്‍ നടത്തുന്നത്. അതോടൊപ്പം ഗ്രാമീണ മേഖലയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്കി വോട്ടുപിടിക്കാറുള്ള ശിരോമണി അകാലിദള്‍ ഈ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.
മുഖ്യമന്ത്രി ചന്നിയുടെ സമുദായമായ രവിദാസ്യ ദലിതുകള്‍ക്ക് മേധാവിത്വമുള്ള മേഖലയില്‍ കോണ്‍ഗ്രസിന്റെ നില ഭദ്രമാണെന്ന് കരുതിയാണ് അദ്ദേഹം രണ്ടാമത്തെ മണ്ഡലം പോലും ഇവിടെയാക്കാതിരുന്നത്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും മാല്‍വ, മാഝ മേഖലകളിലെപ്പോലെ കോണ്‍ഗ്രസിന് ഇവിടെ തലവേദനയാകുന്നില്ല. അകാലിദളിനെ പിന്തുണക്കുന്ന മാഝ മേഖലയിലെ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ നിലപാടില്‍നിന്ന് ഭിന്നമായി അവരുടെ പിന്തുണ ഇവിടെ ഏതാണ്ട് പൂര്‍ണമായും കോണ്‍ഗ്രസിനാണ്. പ്രചാരണത്തിനൊടുവില്‍ കെജ്രിവാള് ഇറക്കിയ ഹിന്ദു കാര്‍ഡ് ആപ്പിനെ തിരിഞ്ഞുകുത്തിയെങ്കിലെന്ന് കോണ്‍ഗ്രസും അകാലിദളും സ്വകാര്യമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും 38 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടുകള്‍ നിര്ണായകമായതിനാല് ഇരുകൂട്ടരും പരസ്യമായി പ്രചാരണ വിഷയമാക്കുന്നില്ല. പ്രചാരണം അവസാനിക്കുമ്ബോള്‍ ബി.ജെ.പി -ക്യാപ്റ്റന്‍ സഖ്യം പ്രചാരണത്തില്‍ നാലാം സ്ഥാനത്തു തന്നെയാണ്.
No comments