Breaking News

വൻ ട്വിസ്റ്റ്..?? രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രതിപക്ഷം..!! യു.പിയില്‍ ഉറ്റു നോക്കി ബി.ജെ.പി..

 


അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിക്കായുള്ള നീക്കം ശക്തമാക്കാന്‍ പ്രതിപക്ഷം രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ബി.ജെ.പി രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകള്‍ക്കിടെ എന്‍.സി.പി നേതാവ് ശരദ് പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രമുഖരെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷ നീക്കം.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരുടെ നീക്കങ്ങളും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഉന്നമിട്ടാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി. ദേവഗൗഡ എന്നിവരെയും വരും ചര്‍ച്ചകളില്‍ കൂട്ടിയേക്കും.

മുംബയില്‍ ഉദ്ധവ് താക്കറെ - ചന്ദ്രശേഖര റാവു ചര്‍ച്ചയ്‌ക്ക് ശേഷമാണ് നിതീഷ് കുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ എന്‍.ഡി.എയിലുള്ള നിതീഷ് ബി.ജെ.പി ബാന്ധവം അവസാനിപ്പിച്ചാല്‍ പ്രതിപക്ഷത്തിന് സ്വീകാര്യനാവുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്കും പ്രസ്‌താവിച്ചു. ശക്തനായ നിതീഷിനെ ഇറക്കിയാല്‍ പിന്തുണ നേടാമെന്നും ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാമെന്നും പ്രതിപക്ഷം കരുതുന്നുണ്ട്. ശരദ് പവാറാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രമുഖന്‍. 80കഴിഞ്ഞ, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന പവാറിന് സജീവ രാഷ്‌ട്രീയം വിട്ട് രാഷ്‌ട്രപതി ഭവനില്‍ ചേക്കേറാന്‍ മനസുണ്ടെന്നാണ് സൂചന.

യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. മാര്‍ച്ച്‌ 10ന് വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണായകമാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെ അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും ചേര്‍ന്ന ഇലക്‌ടറല്‍ കോളേജാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 10,98, 903 വോട്ടുകള്‍. 5,49,452 വോട്ടാണ് ഭൂരിപക്ഷം. ഉത്തര്‍പ്രദേശില്‍ മാത്രം 83,824 ഇലക്‌ടറല്‍ വോട്ടുണ്ട്.

2017ല്‍ രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയ ബി.ജെ.പി ഇക്കുറിയും സ്വന്തം നിയന്ത്രണത്തിലുള്ള വ്യക്തിയെ തന്നെയാകും പരിഗണിക്കുക. അതാണ് വെങ്കയ്യ നായിഡുവിന് സാദ്ധ്യത കൂട്ടുന്നതും. ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയാകുന്ന കീഴ്‌വഴക്കവും അദ്ദേഹത്തിന് അനുകൂലമാണ്. രണ്ടാം നിര നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കില്‍ കര്‍ണാടക ഗവര്‍ണറും മദ്ധ്യപ്രദേശിലെ നേതാവുമായ തന്‍വര്‍ചന്ദ് ഗെലോട്ടിനും സാദ്ധ്യതയുണ്ട്.

No comments