ആം ആദ്മി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് ജനക്കൂട്ടം.. സംഭവം ഇങ്ങനെ..
ഡല്‍ഹിക്ക് പുറത്തും തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് പഞ്ചാബ് തിരഞ്ഞെടുപ്പിലൂടെ തെളിയിച്ച ആം ആദ്മി അടുത്ത തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്.
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ് ആം ആദ്മിയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് ജനശ്രദ്ധ നേടുവാനാണ് ഇപ്പോള്‍ ആം ആദ്മിയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു ആം ആദ്മി കൗണ്‍സിലര്‍ മലിന ജലം ഒഴുകുന്ന അഴുക്ക് ചാലില്‍ എടുത്ത് ചാടി. ഏറെ നാളായി മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ചാലില്‍ മലിന ജലം കെട്ടിക്കിടക്കുകയായിരുന്നു.
ആം ആദ്മിയുടെ കൗണ്‍സിലറായ ഹസീബ് ഉല്‍ഹസനാണ് ശാസ്ത്രി പാര്‍ക്കിലെ മലിനജലം ഒഴുകുന്ന അഴുക്കുചാലിലേക്ക് ചാടി മാലിന്യം നീക്കിയത്. ഇതിന് ശേഷം തിരികെ കയറിയ അദ്ദേഹത്തെ കൂടി നിന്നവര്‍ പാലില്‍ അഭിഷേകം നടത്തുകയും ചെയ്തു. ആം ആദ്മി പ്രവര്‍ത്തകന്‍ അഴുക്ക് ചാലില്‍ ഇറങ്ങുന്നതും, പാലില്‍ കുളിക്കുന്നതിന്റെയും വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. പാലിലെ കുളി 'നായക്' എന്ന ചിത്രത്തിലെ നടന്‍ അനില്‍ കപൂറിന്റെ ശൈലി കടമെടുത്തുള്ളതാണെന്നാണ് കമന്റില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നത്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.
അഴുക്ക് ചാല്‍ വൃത്തിയാക്കണമെന്ന് ഏറെ നാളായി ഉദ്യോഗസ്ഥന്‍മാരോടും, സ്ഥലം എം എല്‍ എയായ ബി ജെ പി നേതാവിനോടും ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ പരിഹരിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ആം ആദ്മി കൗണ്‍സിലര്‍ പറഞ്ഞു. ബിജെപിയുടെ അനില്‍കുമാര്‍ ബാജ്‌പേയ് ആണ് ഈ മണ്ഡലത്തിലെ എം എല്‍ എ.
അതേസമയം ഡല്‍ഹിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിവാദങ്ങളില്‍ പെട്ട് ചര്‍ച്ചയായിരിക്കുകയാണ്. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും ലയിപ്പിക്കുവാനുള്ള കേന്ദ്ര നീക്കമാണ് വിവാദമായത്. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയെ ലയിപ്പിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഭേദഗതി) ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ആഴ്ചകളായി എഎപിയും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടലിലാണ്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

No comments