Breaking News

ബി.ജെ.പി.യിലേക്ക് ആപ് പ്രവര്‍ത്തകരുടെ 'കുത്തൊഴുക്ക്'; പോയത് പാര്‍ട്ടിയില്‍ നിന്നും.

 


ഗുജറാത്തില്‍ വേരുകള്‍ ശക്തമാക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് ഇരുട്ടടി. 3500 ആപ് പ്രവര്‍ത്തകരാണ് ബി.ജെ.പി.യിലേക്ക് ചുവട് മാറിയത്.

ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനമായ 'കമല'ത്തില്‍ വെച്ച്‌ ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരുടെ പാര്‍ട്ടി പ്രവേശം. നാടകീയമായ രംഗങ്ങളിലൂടെയായിരുന്നു പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പ്രവേശിച്ചത്. ആപിന്‍റെ തൊപ്പി ധരിച്ചാണ് സംഘം 'കമല'ത്തില്‍ എത്തിയത്. പിന്നീട് എല്ലാവരും ബി.ജെ.പി തൊപ്പി ധരിക്കുകയായിരുന്നു.

'ആപി'ന്റെ പ്രവര്‍ത്തന ശൈലിയിലും ചിന്തയിലും ഇവര്‍ സന്തുഷ്ടരായിരുന്നില്ലെന്നും ആപിനെ ഉപേക്ഷിച്ചെത്തിയവരെ ഇരുകൈകളും നീട്ടിയാണ് ബി.ജെ.പി സ്വീകരിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

അതേസമയം വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് പാര്‍ട്ടി വിട്ടതെന്നും ഇവരെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നുവെന്നും ആപ് ഗുജറാത്ത് പ്രദേശ് സംഘടന മഹാമന്ത്രി മനോജ് സൊറത്തിയ പറഞ്ഞു.

ബി.ജെ.പി നാടകം കളിക്കുകയാണ്. നാലോ അഞ്ചോ പ്രവര്‍ത്തകര്‍ മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മറ്റുള്ളവരെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ഇവര്‍ ആപ് പ്രവര്‍ത്തകരാണെന്ന് കാണിച്ച്‌ ബി.ജെ.പി നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പുറത്താക്കിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും മനോജ് പറഞ്ഞു.

No comments