'വിമാനത്തില്‍ ബോഡി കൊണ്ടുവരുന്ന സ്ഥാനത്ത് എട്ടു പേരെ നാട്ടിലെത്തിക്കാം' -വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ..
യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി എസ്.ജി. നവീനിനെ അവസാനമായി കാണാന്‍ ആഗ്രഹിച്ച് കുടുംബാംഗങ്ങള്‍ കാത്തിരിക്കെ വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ.
മൃതദേഹം കൊണ്ടുവരുന്ന സ്ഥാനത്ത് അതിനു പകരമായി കൂടുതല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനാകുമെന്ന് ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെള്ളാഡ് പറഞ്ഞു. നവീനിന്റെ മൃതദേഹത്തേക്കാള് അവിടെ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് പരിഗണന നല്‍കണമെന്ന് നേരത്തേ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും മൃതദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് എം.എല്‍.എയുടെ പ്രസ്താവനയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
വിമാനത്തില്‍ മൃതദേഹം കൊണ്ടുവരുന്നതിന് കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. മൃതദേഹത്തിനായി മാറ്റിവെക്കുന്ന സ്ഥലത്ത് കുറഞ്ഞത് എട്ടുപേരെയെങ്കിലും കൂടുതലായി നാട്ടിലെത്തിക്കാനാകുമെന്നും അരവിന്ദ് ബെള്ളാഡ് പറഞ്ഞു. നവീനിന്റെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനാല്തന്നെ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്തന്നെ പ്രയാസമാണ്.
അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മൃതദേഹം കൊണ്ടുവരുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധം മെഡിക്കല്‍ കോഴ്സുകളുടെ ഫീസ് നിജപ്പെടുത്താത്തതിന് ഉത്തരവാദി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും എം.ബി.ബി.എസ് സീറ്റുകള്‍ക്ക് കൃത്രിമ ഡിമാന്‍ഡ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എം.എല്‍.എയുടെ വിവാദ പ്രസ്താവനക്കിടെയും യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട എസ്.ജി. നവീനിന്റെ മൃതദേഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കാനായിട്ടില്ല. നവീനിന്റെ മൃതദേഹം എന്ന് കൊണ്ടുവരുമെന്നതില്‍ യാതൊരുവിധ വിവരും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സഹോദരന് എസ്.ജി. ഹര്‍ഷ പറഞ്ഞു. മൃതദേഹം സുരക്ഷിതമായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, എപ്പോള്‍ കൊണ്ടുവരുമെന്നോ എങ്ങനെ കൊണ്ടുവരുമെന്നോയുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും ഹര്‍ഷ പറഞ്ഞു.
ഇതിനിടെ, കര്‍ണാടകയില്‍നിന്നുള്ള 200 വിദ്യാര്‍ഥികള്‍ ഇപ്പോഴും യുദ്ധം രൂക്ഷമായ ഖാര്‍കിവില്‍ ഉണ്ടെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. യുക്രെയ്നിലുള്ള വിദ്യാര്‍ഥികളുമായി ബൊമ്മൈ ഫോണില്‍ സംസാരിച്ചു. ഖാര്‍കിവില്‍നിന്ന് കാല്‍നടയായി 30 കിലോമീറ്റര്‍ സഞ്ചരിച്ച് സുരക്ഷിതമെന്നു കരുതുന്ന സ്ഥലത്താണുള്ളതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുനിന്നുള്ള 200 വിദ്യാര്‍ഥികളാണ് ഇപ്പോഴും അവിടെയുള്ളത്. ബംഗളൂരു സ്വദേശിയായ ഗഗന് ഗൗഡയുമായാണ് ബൊമ്മൈ സംസാരിച്ചത്. ഇതിനിടെ, ഇതുവരെയായി കര്‍ണാടകയില്‍നിന്നുള്ള 149 വിദ്യാര്‍ഥികളെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചതെന്നും ബാക്കിയുള്ളവരെയും വരുംദിവസങ്ങളില്‍ എത്തിക്കുമെന്നും കര്‍ണാടക ദുരന്തനിവാരണ അതോറിറ്റി കമീഷണര്‍ മനോജ് രാജന് അറിയിച്ചു.
ഇതിനിടെ, നവീനിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹാവേരി എം.പി ശിവകുമാര്‍ ഉദാസി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് നിവേദനം നല്കി.
ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് എം.പി ശിവകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രെയ്നില്‍ കുടുങ്ങിയ കര്‍ണാടകയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങളും എം.പി കൈമാറി.
No comments