'വേട്ടപ്പട്ടിയെ വിട്ട് കുരപ്പിക്കാതെ നേതാക്കള്‍ മറുപടി പറയണം; സി.പി.എമ്മിന്‍റെ അതേ നാണയത്തില്‍ തിരിച്ചടിക്കും'
കെ. സുധാകരനെതിരായ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനും മുതിര്‍ന്ന നേതാവ് എം.എം മണിക്കും മുന്നറിയിപ്പുമായി ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി.മാത്യു. വേട്ടപ്പട്ടിയെ വിട്ട് കുരപ്പിക്കാതെ മാടമ്ബിയായ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് മറുപടി പറയേണ്ടതെന്ന് സി.പി മാത്യു ആവശ്യപ്പെട്ടു. സി.പി.എമ്മിന്‍റെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് സി.പി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരനെ സംരക്ഷിക്കാനുള്ള കരുത്തും കെല്‍പ്പും കേരളത്തിലെയും ഇടുക്കിയിലെയും കോണ്‍ഗ്രസിനുണ്ട്. ചെണ്ട കൊട്ടുകാരന്‍റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയും ജയരാജന്മാരുടെ ബോംബ് സ്ക്വാഡിനെയും നിര്‍വീര്യമാക്കിയ പാരമ്ബര്യമാണ് സുധാകരനുള്ളത്.
ഒരുപാട് ആളുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊന്നുതള്ളിയിട്ടുണ്ട്. മുട്ടുകാട് നാണപ്പന്‍, അഞ്ചേരി ബേബി, ബാലു എന്നീ നിരപരാധികളുടെ രക്തം വീണ മണ്ണാണ് ഇടുക്കിയിലേത്. ഞങ്ങള്‍ കുത്തി കൊന്നിട്ടുണ്ടെന്നും തല്ലി കൊന്നിട്ടുണ്ടെന്നും വെടിവെച്ച് കൊന്നിട്ടുണ്ടെന്നും പറഞ്ഞ ആളാണ് എം.എം മണിയെന്നും സി.പി മാത്യു ഓര്‍മിപ്പിച്ചു.
കെ. സുധാകരന്‍റെ ദേഹത്ത് തൊടാനുള്ള ശേഷി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളവര്‍ക്കില്ലെന്നും അത് ഇനി ജനിക്കാന്‍ ഇരിക്കുന്നതെയുള്ളൂവെന്നും സി.പി. മാത്യു ചൂണ്ടിക്കാട്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നിട്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് വിളിച്ച് കൂവുകയാണെന്നും സി.പി. മാത്യു ആരോപിച്ചു.
ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്ന യോഗമാണ് ചെറുതോണിയില്‍ നടന്നത്. ചെറുതോണി പ്രസംഗത്തില്‍ അക്രമത്തിന്‍റെയോ മുഷ്കിന്‍റെയോ ഭാഷ കെ.പി.സി.സി അധ്യക്ഷന്‍ ഉപയോഗിച്ചിട്ടില്ലെന്നും സി.പി. മാത്യു ചൂണ്ടിക്കാട്ടി.
കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആണ് രംഗത്തെത്തിയത്. സുധാകരന്‍റെ ജീവിതം സി.പി.എം നല്‍കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലെന്നുമാണ് ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞത്.
ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച സി.വി വര്‍ഗീസും എം.എം മണിയും സുധാകരനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ചെറുതോണിയില്‍ നടത്തിയ പ്രസംഗം സുധാകരനുള്ള മറുപടിയെന്നാണ് സി.വി വര്‍ഗീസ് പ്രതികരിച്ചത്. കൊല്ലപ്പെട്ട എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്‍റെ ചോര ഉണങ്ങും മുമ്ബ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചെന്നും സി.വി വര്‍ഗീസ് ചൂണ്ടിക്കാട്ടി.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തെ പിന്തുണച്ച എം.എം. മണി കെ. സുധാകരന് മുന്നറിയിപ്പ് നല്‍കുന്ന പ്രതികരണമാണ് നടത്തിയത്. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്ന് മണി പറഞ്ഞു.
കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികള്‍ ജയിലില്‍ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരില്‍ നിന്നല്ലേ സുധാകരന് വരുന്നതെന്നും എം.എം മണി വ്യക്തമാക്കി.
No comments