ചെറുപ്പത്തില്‍ മുസ്‌ലിം പേര് മാറ്റാന്‍ ശ്രമിച്ചു; ഹിന്ദുവായി ജീവിക്കാന്‍ ആഗ്രഹിച്ചു: ശബരിമലയിലേക്ക് പോയ രഹനയുടെ മുന്‍ നിലപാട് ഇതായിരുന്നു
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച കേടതിവിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമ നേരത്തെ തന്നെ ഹിന്ദു മതത്തില്‍ താല്‍പ്പര്യമുള്ളയാള്‍. ചെറുപ്പത്തില്‍ തന്റെ മുസ്‌ലിം പേര് മാറ്റാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ഹിന്ദുവായി ജീവിക്കാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ടെന്നുമായിരുന്നു രഹന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മദ്രസയില്‍ ഉസ്താദിന്റെ ഇലക്ട്രിക് വയര്‍ പിരിച്ചെടുത്തുണ്ടാക്കിയ തല്ലാന്‍ ഉപയോഗിച്ചിരുന്ന വടി ഖുര്‍ആന്‍ ആയത്തുകള്‍ കാണാതെ ഓതാന്‍ എന്നെ പഠിപ്പിച്ചെങ്കിലും ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത അരുതുകള്‍ക്കും തലയില്‍ നിന്ന് തട്ടം അല്‍പം മാറിയാല്‍ കേട്ടിരുന്ന കണ്ണുപൊട്ടുന്ന ചീത്തയും നരകത്തില്‍ ഏറ്റവും വലിയ ശിക്ഷ തലമറക്കാത്ത സ്ത്രീക്കാണെന്നുള്ള ഓര്‍മിപ്പിക്കലും എന്നില്‍ അന്നേ മതത്തിനോട് വല്ലാത്ത വെറുപ്പ് ഉണ്ടാക്കിയെന്നും അഞ്ചില്‍ എത്തിയപ്പോഴേക്കും ഉസ്താദിന്റെ ശിക്ഷ എന്ന പേരിലുള്ള ചില ‘കരലാളനങ്ങള്‍’ എന്നെ മദ്രസയില്‍ പോകുന്നതില്‍ നിന്നും മടുപ്പിച്ചുവെന്നും കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രഹന വിശദീകരിച്ചിരുന്നു.
‘എന്ത് കൊണ്ട് പോകുന്നില്ലെന്ന് എല്ലാവരും ചോദിക്കുകയും ശിക്ഷിക്കുകയും ചെയ്തെങ്കിലും കാരണം എനിക്കാരോടും പറയാനായില്ല എനിക്കിഷ്ടമല്ല എന്നുമാത്രം പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികള്‍ പട്ട് പാവാടയും ബ്ലൗസുമിട്ട് അമ്പലത്തില്‍ പോകുന്നതും തിരിച്ചു സന്തോഷത്തോടെ ചന്ദനവും തൊട്ട് ഇലയില്‍ പ്രസാദവുമായി വരുന്നതും ഞാന്‍ അസൂയയോടെ നോക്കിനിന്നു. അടിച്ചു മതം പഠിപ്പിക്കാത്ത സ്വാതന്ത്ര്യമുള്ള അവരെ പോലെ ഹിന്ദു ആകാന്‍ ഞാന്‍ കൊതിച്ചു’. രഹന പറയുന്നു.

No comments