Breaking News

ശബരിമലയില്‍ എത്തുമെന്ന് ആവര്‍ത്തിച്ച് തൃപ്തി ദേശായി

മുംബൈ: സ്ത്രീകള്‍ ഭയം കൊണ്ടാണ് ശബരിമയില്‍ എത്താന്‍ മടിക്കുന്നതെന്നും മണ്ഡലകാലത്ത് താന്‍ ശബരിമലയില്‍ എത്തുമെന്നും സ്ത്രീപ്രവേശനത്തിനു വേണ്ടി രംഗത്തുള്ള ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി ആവര്‍ത്തിച്ചു. ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ യൊരുക്കുന്നതില്‍ സര്‍ക്കാരും പോലിസും പരാജയപ്പെട്ടു. യുവതികള്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ സുരക്ഷയൊരുക്കണം. മണ്ഡല കാല പൂജയ്ക്കു വേണ്ടി നട തുറന്നാല്‍ ആദ്യ നാളുകളില്‍ തന്നെ എത്തണമെന്നാണ് കണക്കാക്കുന്നത്. നട തുറക്കുന്ന അന്ന് തന്നെ വരണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലിസിനും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു. ലിംഗ വിവേചനത്തിനെതിരേ പോരാടുന്ന ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ തൃപ്തി ദേശായി മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന വിലക്കിനെതിരേ രംഗത്തിറങ്ങിയാണ് ശ്രദ്ധനേടിയത്. അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര നേതാക്കള്‍ക്കും തൃപ്തി ദേശായിയുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകളും നേരത്തേ പുറത്തുവന്നിരുന്നു.
       
          

No comments